പി ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമെന്ന് കോടിയേരി; കരിനിയമം കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട; ഇതുകൊണ്ടൊന്നും പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും കോടിയേരി

കോഴിക്കോട്: കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിലൂടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളക്കേസില്‍ കുടുക്കി മഅദനിയെ 12 കൊല്ലമാണ് ജയിലില്‍ അടച്ചത്. ഇത്തരത്തില്‍ ജയരാജനെ അകത്താക്കി പാര്‍ട്ടിയെ തകര്‍ക്കാം എന്നാണ് കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും ആലോചിക്കുന്നത്. എന്നാല്‍, ആ മോഹം അവര്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനേക്കാള്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അന്നെല്ലാം അതിനെയെല്ലാം അതിജീവിച്ചിട്ടുമുണ്ട് പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും യുഎപിഎ എന്ന കരിനിയമം ദുരുപയോഗം ചെയ്യുകയാണ്. കരിനിയമം കാട്ടി പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തന്നെ ഉയര്‍ന്നു വരും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം നേതാക്കളെ നാടുകടത്താനുള്ള ശ്രമമാണിത്. അങ്ങനെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാം എന്നു കരുതുന്നവര്‍ 1965-ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. അന്ന് ഇഎംഎസ് ഒഴികെ മറ്റെല്ലാ പാര്‍ട്ടി നേതാക്കളും ജയിലില്‍ ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും ആ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി അതിജീവിച്ചിട്ടുണ്ട്. ജയരാജന്റെ കാര്യത്തില്‍ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും സിബിഐ ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക എന്ന കാര്യം ആലോചിക്കുന്നേ ഇല്ല. ഇക്കാര്യം ഇതുവരെ പാര്‍ട്ടി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പൊളിറ്റ്ബ്യൂറോ എടുക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News