ജെഎന്‍യുവില്‍ അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കണമെന്ന് സിതാറാം യെച്ചൂരി; അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയയ്ക്കാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കി; യെച്ചൂരി രാജ്‌നാഥിനെ കണ്ടു

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. അറസ്റ്റു ചെയ്ത യൂണിയന്‍ ചെയര്‍മാനെ വിട്ടയയ്ക്കണമെന്നും കാമ്പസിലെ പൊലീസ് ഇടപെടല്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് യെച്ചൂരി രാജ്‌നാഥ് സിംഗിനെ കണ്ടത്. നിരപരാധികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കിയതായി യെച്ചൂരി പറഞ്ഞു. നിരപരാധികളെ വിട്ടയയ്ക്കുന്നതിന് പൊലീസ് കമ്മീഷണറുമായി സംസാരിക്കുമെന്നും രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കിയതായി യെച്ചൂരി വ്യക്തമാക്കി.

20 പേരെയാണ് പൊലീസ് ഇക്കാര്യത്തില്‍ അറസ്റ്റു ചെയ്തിട്ടുള്ളത്. എന്നാല്‍, ഇവര്‍ ചെയ്ത തെറ്റ് എന്താണെന്ന് പൊലീസ് വ്യക്തമാക്കണം. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കാമ്പസില്‍ ഒരു കാമറ പോലും ഇല്ല. പിന്നെന്ത് ദൃശ്യങ്ങളാണ് ഉണ്ടെന്നു പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വന്തം നയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍വകലാശാലകളില്‍ സ്വന്തക്കാരെ വൈസ് ചാന്‍സലര്‍മാരെ നിയോഗിക്കുകയാണ്. ഇതാണ് ഹൈരാബാദിലെ കേന്ദ്രസര്‍വകലാശാലയിലും കണ്ടത്. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോള്‍ ജെഎന്‍യുവിലേതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here