വിവാഹിതരാകുന്നവരോട് കാവ്യ മാധവന് ചിലതു പറയാനുണ്ട്; ആകാശ്‌വാണി എന്ന സിനിമ നിങ്ങള്‍ക്കുള്ളതാണ്

കാവ്യ മാധവന്‍ നായികയായ ആകാശ്‌വാണി എന്ന ചിത്രം റിലീസാകാനിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ പോകുന്ന ചിലര്‍ക്കുള്ള മുന്നറിയിപ്പുകളാണ് ചിത്രത്തിലുള്ളതെന്ന് കാവ്യ പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്നവരോട് അതുകൊണ്ടു തന്നെ കാവ്യക്ക് ചിലതൊക്കെ പറയാനുണ്ട്. എന്താണെന്നല്ലേ. അതാണ് ആകാശ്‌വാണി എന്ന സിനിമ പറയുന്നത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചാണ് ആകാശ്‌വാണിയുടെ കഥ. പലതവണ കേട്ട് തഴമ്പിച്ച കഥയായിട്ടു പോലും ആകാശ്‌വാണി എന്ന ചിത്രം ചെയ്യാനുള്ള കാരണം തന്നെ ദാമ്പത്യത്തിലെ ഈ അസ്വാരസ്യങ്ങളെ കുറിച്ചുള്ളതായതു കൊണ്ടാണെന്നു കാവ്യ പറയുന്നു.
ദാമ്പത്യപ്രശ്‌നങ്ങളും വിവാഹമോചനവും ഇന്നത്തെ പുതുയുഗത്തില്‍ ഒരു പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഭാര്യ തന്നെ മനസ്സിലാക്കുന്നില്ലെന്ന പരാതിയാണ് ഭര്‍ത്താവിന്. ഭാര്യക്കും അതേപരാതി തിരിച്ചും. ഇതുതന്നെയാണ് എല്ലാ ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലം. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലി കൂടിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്യും. ആകാശ്‌വാണിയുടെ കഥയിലും ഈ പ്രശ്‌നങ്ങളൊക്കെയുണ്ട്. പരിചയമുള്ള ചില കാര്യങ്ങളുണ്ട് എന്നതും വാണി എന്ന കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസ് കൂടി ചേര്‍ന്നപ്പോള്‍ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കാവ്യ പറയുന്നു.
മാധ്യമപ്രവര്‍ത്തകയായ വാണി ഭര്‍ത്താവുമായി വഴക്കിടുമ്പോള്‍ ദോശയും ഇഡ്ഢലിയും ഉണ്ടാക്കിത്തരുമ്പോള്‍ ഭര്‍ത്താവിനോട് വഴക്കിടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ എന്ന് ഭര്‍ത്താവ് പറയുന്നുണ്ട്. ജീവിതത്തെ പ്രാക്ടിക്കലായി കാണുന്ന വാണിയാകട്ടെ അതിനു മറുപടി പറയുമ്പോള്‍ അവിടെ വഴക്ക് രൂപപ്പെടുന്നു. സ്വിച്ചിട്ടാല്‍ കറങ്ങുന്ന മിക്‌സിയാണോ ഭാര്യയെന്ന് വാണിയും ചോദിക്കും. ജോലിയും സ്വകാര്യ ജീവിതവും ഇതുപോലെ ഇഴചേരുന്ന മറ്റൊരു കഥാപാത്രം താന്‍ ചെയ്തിട്ടില്ലെന്ന് കാവ്യ പറയുന്നു. അതുകൊണ്ടു കൂടിയാണ് ചിത്രം ഏറ്റെടുത്തതെന്നും കാവ്യ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here