കോണ്‍ഗ്രസും ബിജെപിയും ലീഗും വീണ്ടും രാഷ്ട്രീയ അവിഹിതത്തിനൊരുങ്ങുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ ഒരു പഴങ്കഥ; ബേപ്പൂരില്‍ അന്നു സംഭവിച്ചതുതന്നെ ഇനിയും എവിടെയും സംഭവിക്കും

തൊരു പഴയകഥയാണ്. ഒരു രാഷ്ട്രീയ അവിഹിതത്തിന്റെ കഥ. കേരളത്തില്‍ അരങ്ങേറിയ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന്റെ ദാരുണാന്ത്യത്തിന്റെ കഥ. ബേപ്പൂര്‍ നിയമസഭാമണ്ഡലത്തിലും വടകര ലോകസഭാമണ്ഡലത്തിലും ആണിത് പരസ്യമായി അരങ്ങേറിയതെങ്കില്‍ കേരളത്തിലൊട്ടുക്ക് വോട്ടുമറിച്ചുനല്‍കലുകളുണ്ടായിരുന്നു. ബിജെപിക്കാവശ്യം കേരളനിയമസഭയില്‍ അക്കൗണ്ടുതുറക്കാലായിരുന്നു; കോണ്‍ഗ്രസിനാവട്ടെ തിരിച്ച് അധികാരത്തിലെത്തലും.

table-1

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ടി കെ ഹംസ 7331 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി 15930 വോട്ടുകള്‍ നേടി. ബിജെപിയും ഐക്യജനാധിപത്യ മുന്നണിയും ചേര്‍ന്നാല്‍ ഇടതുപക്ഷജനാധിപത്യമുന്നണി 8599 വോട്ടുകള്‍ക്ക് തോല്‍ക്കും. ബിജെപിയുടെ ഒരംഗം ജയിച്ചാലെന്ത് ഇടതുപക്ഷജനാധിപത്യമുന്നണി തോറ്റുകിട്ടുമല്ലൊ എന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. 1991ലെ തെരഞ്ഞെടുപ്പില്‍ ഈ കണക്കുകൂട്ടല്‍ പ്രാവര്‍ത്തികമാക്കാന്‍ ഐക്യജനാധിപത്യമുന്നണിയും ബിജെപിയും കൂടി തീരുമാനിച്ചു. അങ്ങനെയാണ് ആര്‍എസ്എസുകാരനായ കെ മാധവന്‍കുട്ടി ബേപ്പൂരില്‍ കോണ്‍-ലീഗ്-ബിജെപി സഖ്യത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്. അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നതിന്റെ ആവേശത്തില്‍ ബിജെപി കൈമെയ്മറന്ന് പ്രവര്‍ത്തിച്ചു. ഐക്യജനാധിപത്യ മുന്നണിക്കാവട്ടെ ഭരണം പിടിക്കലായിരുന്നു ആവശ്യം. എന്നാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.
table-2

എണ്ണായിരത്തിലേറെ വോട്ടുകള്‍ക്കു പരാജയപ്പെടുമെന്ന് ഐക്യജനാധിപത്യമുന്നണിയും ബിജെപിയും കണക്കാക്കിയ ടി കെ ഹംസ 5770 വോട്ടുകള്‍ ഭൂരിപക്ഷം നേടി വിജയിച്ചു. അവിഹിതസഖ്യത്തിന് കേരളജനത കനത്ത ശിക്ഷതന്നെ കൊടുത്തു. വടകര ലോകസഭമണ്ഡലത്തിലും കെ പി ഉണ്ണികൃഷ്ണന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഈയൊരു പഴങ്കഥ ഇപ്പോഴിവിടെ എടുത്തു പറഞ്ഞത് അത്തരമൊരു അവിഹിത സഖ്യമുണ്ടാക്കുന്നതിന് കേരളത്തില്‍ ഇപ്പോള്‍ അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതിനാലാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭരണനേട്ടങ്ങളൊ ജനക്ഷേമപ്രവര്‍ത്തനങ്ങളൊ പറഞ്ഞുകൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല എന്ന നിഗമനത്തില്‍ ഐക്യജനാധിപത്യ മുന്നണി നേതൃത്വം ഏറെക്കുറെ എകാഭിപ്രായത്തിലാണ്. അതിനാല്‍ അധികാരത്തിലേറുന്നതിന് കുറക്കുവഴികള്‍തേടിയേ മതിയാവൂ.

മറുഭാഗത്താവട്ടെ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ഇന്ത്യ ഭരിക്കുന്ന കക്ഷി എന്ന നിലയിലാണ്. ഒരു സംസ്ഥാനനിയമസഭയില്‍ ഒറ്റ സീറ്റുപോലും നേടാനാവില്ല എന്നു വന്നാല്‍ അത് അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കും എന്ന് അവര്‍ക്കറിയാം. കുമ്മനം രാജശേഖരന്‍ കേരളം ഭരിക്കുന്നതിനാണു ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നു പറയുന്നുണ്ടെങ്കിലും ‘വിമോചനയാത്ര’യിലെ ജനപങ്കാളിത്തം കണ്ടപ്പോള്‍ അദ്ദേഹത്തിനു മാത്രമല്ല കേന്ദ്രനേതൃത്വത്തിനും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ജാഥക്കിടയില്‍ തന്നെ അമിത്ഷാ കേരളം സന്ദര്‍ശിക്കുകയും ഉന്നതനേതാക്കളുടെ യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തത്. ജയസാധ്യതയുള്ള പത്ത് സീറ്റുകളില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്നാണ് അമിത്ഷാ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. എഴുപതിലേറെ സീറ്റുകള്‍ എന്നതില്‍നിന്ന് പത്തില്‍ താഴെ സീറ്റുകളിലേക്കു ബിജെപിയുടെ അവകാശവാദങ്ങള്‍ താഴ്ന്നിരിക്കുന്നു എന്നാണിത് കാണിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്നതാണല്ലൊ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമൊക്കെ തെരഞ്ഞെടുപ്പു വിജയത്തിന് സഹായകമാവാറുണ്ട്. എന്നാല്‍ ജില്ലാപഞ്ചായത്തുകള്‍ അങ്ങനെയല്ലല്ലോ. ജില്ലാപഞ്ചായത്ത് മണ്ഡലങ്ങളുടെ വോട്ടെടുത്തു പരിശോധിച്ചാല്‍ ഒരൊറ്റ നിയമസഭാമണ്ഡലത്തില്‍പ്പോലും ബിജെപിക്ക് ഒറ്റയ്‌ക്കൊ ഇപ്പോഴത്തെ മുന്നണിയുടെ അടിസ്ഥാനത്തിലോ ജയിക്കാവുന്ന ഒരൊറ്റ നിയമസഭാമണ്ഡലവും കേരളത്തിലില്ല. കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ വോട്ടുകള്‍ പരിശോധിച്ചാലും അങ്ങനെ ജയിക്കാവുന്ന മണ്ഡലങ്ങള്‍ കേരളത്തിലില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ജയസാധ്യതയുള്ള പത്തോളം മണ്ഡലങ്ങളെക്കുറിച്ച് ബിജെപി പറയുന്നത്? മാ്രതവുമല്ല രോഹിത് വെമുല സംഭവത്തോടെ ബിജെപിയുടെ പിന്നാക്ക ദള്‍ പിന്തുണയില്‍ വലിയ ഇടിവുണ്ടാവുകയും ചെയ്തിരിക്കുന്നു.

130 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുക. പത്ത് മണ്ഡലങ്ങളില്‍ ബിജെപിയെ യുഡിഎഫ് പിന്തുണയ്ക്കുക. ഇതാണ് ഐക്യജനാധിപത്യമുന്നണി ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരുപ്പ്. കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാത്ത വി എം സുധീരന്‍ മറ്റു യാതൊരു മാര്‍ഗങ്ങെളാന്നുമില്ലാതെ വരുമ്പോള്‍ ബിജെപിക്കെതിരായി ഒന്നോ രണ്ടോ വാക്കു പറയും എന്നതൊഴികെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി്ക്കും ഹിന്ദുവര്‍ഗീയതക്കും എതിരായി പ്രസംഗിക്കാറുണ്ടൊ? ഇല്ല എന്ന ഉത്തരമാണീ ചോദ്യത്തിനു കിട്ടുക. മറിച്ച് കുമ്മനത്തിന്റെ വിമോചനജാഥയില്‍ വല്ലപ്പോഴും സോളാര്‍ അഴിമതിയെക്കുറിച്ച് പറഞ്ഞതൊഴികെ കോണ്‍ഗ്രസിനെയൊ ഐക്യജനാധിപത്യമുന്നണിയെയോ കടന്നാക്രമിക്കാന്‍ തയ്യാറായിട്ടുണ്ടൊ? ആ ചോദ്യത്തിനുകിട്ടുന്ന ഉത്തരവും ഇല്ല എന്നുതന്നെയാണ്. ഇവര്‍ രണ്ടുകൂട്ടരും കടന്നാക്രമിക്കുന്നത് ഇടതുപക്ഷജനാധിപത്യമുന്നണിയെയും അതിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിനെയുമാണ്.

ഇതിനു പുറമെയാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുമായി ബിജെപി പ്രസിഡന്റ് അമിത്ഷാ നടത്തിയ കൂടിക്കാഴ്ചയും കോഴിക്കോട് ലീഗ് ആപ്പീസില്‍ ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ രഹസ്യ സന്ദര്‍ശനവും വരുന്നത്. ചുരുക്കത്തില്‍ ഒരു ബേപ്പൂര്‍ മോഡലിനുള്ള അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളജനതയ്ക്ക് അതിനൊരു ഉത്തരമുണ്ട്. അത് 1991ല്‍ ബേപ്പുരിലെ വോട്ടര്‍മാര്‍ നല്‍കിയതാണ്. ടി കെ ഹംസയ്ക്ക് 1987ല്‍ കിട്ടിയത് 44.86% വോട്ടാണ്. കോലി ബി സഖ്യത്തിനെതിരായി മത്സരിച്ചപ്പോഴാവട്ടെ അത് 52.10ശതമാനമായി വര്‍ധിച്ചു. നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യത്തെയും കാത്തിരിക്കുന്നത് ഈ വിധിതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News