എന്റെ മകന്‍ രാജ്യദ്രോഹിയല്ല; രാജ്യത്തിനെതിരായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റ്; രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കനയ്യയെപ്പറ്റി അമ്മ മീനാദേവി പറയുന്നു

ബീഹാര്‍: തന്റെ മകന്‍ രാജ്യദ്രോഹിയല്ലെന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിന്റ് കനയ്യ കുമാറിന്റെ അമ്മ മീനാദേവി. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റാണ്. സ്‌കൂള്‍കാലം മുതല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ താത്പര്യമുള്ളയാളാണ് കനയ്യ. ഒരിക്കല്‍ പോലും തന്റെ മകന്‍ രാജ്യത്തിനെതിരായി സംസാരിച്ചിട്ടില്ലെന്നും കനയ്യ കുമാറിന്റെ അമ്മ ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫ് ഇന്ത്യയോട് പറഞ്ഞു.

ജെഎന്‍യുവിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ കനയ്യ കുമാര്‍ ബീഹാറിലെ ബെഗുസരായ് ജില്ലയിലെ ബീഹാത് സ്വദേശിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് കനയ്യയുടെ ജനനം. ജയ് ശങ്കര്‍ – മീനാദേവി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കനയ്യ കുമാര്‍. പിതാവ് ജയ്ശങ്കര്‍ സിംഗ് രണ്ട് വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. അംഗന്‍വാടി വര്‍ക്കര്‍ ആയ അമ്മ മീനാദേവിക്ക് 4000 രൂപ ആണ് മാസം ശമ്പളം. ഈ തുക കൊണ്ടാണ് കനയ്യയുടെ കുടുംബം ജീവിക്കുന്നത്. അനുജന്‍ പ്രിന്‍സ് സിംഗ് ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ത്ഥിയാണ്.

അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥി നേതാവ് കൂടിയാണ് കനയ്യ കുമാര്‍. ബിഹാതിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് 12-ാം ക്ലാസ് വരെ ബറൗണിയിലെ സ്‌കൂളില്‍ നിന്നായിരുന്നു പഠനം. ബിഹാറില്‍ നിന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന രണ്ടാമത്തയാള്‍. സിപിഐ – എംഎല്‍ നേതാവായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് ആണ് ആദ്യമായി ബിഹാറില്‍ നിന്നും ഈ പദവിയില്‍ എത്തുന്നത്.

ഫെബ്രുവരി 9ന് ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തി എന്നാരോപിച്ചാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം രാജ്യദ്രോഹപരമാണെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണത്തിന് പിന്നാലെ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിംഗും മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസ്, എബിവിപി സംഘടനകള്‍ക്കെതിരെയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയേയുമാണ് കനയ്യ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തിയ ഡിഎസ്‌യു അനുകൂല വിദ്യാര്‍ത്ഥികളുടെ നടപടിയേയും കനയ്യ രൂക്ഷമായി വിമര്‍ശിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളും പ്രസംഗത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യ വിരുദ്ധമായ പരാമര്‍ശങ്ങല്‍ ഒന്നും ഉണ്ടായില്ല എന്നത് കനയ്യയുടെ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News