മലയാളത്തെ ഉയരങ്ങളിലേക്കു നയിച്ച ഭാവഗായകന്‍ ഓര്‍മയായി; മഹാകവി ഒഎന്‍വി ഇനി ദീപ്തസ്മരണ;അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആറു പതിറ്റാണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ അതികായനായിരുന്ന മഹാകവി ഒഎന്‍വി കുറുപ്പ് വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. ജ്ഞാനപീഠം അടക്കം വിശ്രുത പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഒഎന്‍വി മലയാള സാഹിത്യത്തറവാട്ടിലെ കാരണവരാണ്. സാഹിത്യത്തിനും സിനിമാഗാനശാഖയ്ക്കും അനവധിയായ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയാണ് യാത്രയായത്. 1998ല്‍ പദ്മശ്രീയും 2011 പദ്മഭൂഷണും നല്‍കി ഒഎന്‍വിയെ രാജ്യം ആദരിച്ചു.

1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തിലാണ് ജനനം. എട്ടാം വയസില്‍ പിതാവ് ഒ എന്‍ കൃഷ്ണക്കുറുപ്പ് അന്തരിച്ചു. കെ ലക്ഷ്മിക്കുട്ടിയമ്മയാണ് മാതാവ്. ചവറ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ് എന്‍ കോളജില്‍നിന്നു ബിരുദം നേടിയശേഷം തിരുവനന്തപുരം നഗരത്തിലേക്കു പ്രവര്‍ത്തനമണ്ഡലം മാറ്റി. കേരള സര്‍വകലാശാലയുടെ ആദിമരൂപമായ ട്രാവന്‍കൂര്‍ സര്‍വകലാശാലയില്‍നിന്നു മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1989-ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2007-ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടി. തിരുവനന്തപുരം വഴുതക്കാടാണ് താമസിച്ചിരുന്നത്. 1946-ല്‍ മുന്നോട്ട് എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1949ല്‍ പുറത്തുവന്ന പൊരുതുന്ന സൗന്ദര്യമാണ് ആദ്യ സമാഹാരം. മറ്റു കവിതാ സമാഹാരങ്ങള്‍:
പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ദ്ധവിരാമങ്ങള്‍, ദിനാന്തം, സൂര്യന്റെ മരണം,

1982 മുതല്‍ 87 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1986 മേയ് 31 നു ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചെങ്കിലും ഒരു വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സാഹിത്യമേഖലയിലെ പുരസ്‌കാരങ്ങള്‍: അഗ്നിശലഭങ്ങള്‍ എന്ന സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (1971), അക്ഷരം എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1975), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം (1981), വയലാര്‍ അവാര്‍ഡ് (1982), ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം

ഭാര്യ: സരോജിനി, മകന്‍: രാജീവ് റെയില്‍വേ ഉദ്യോഗസ്ഥനാണ്. മകള്‍ ഡോ. മായാദേവി ഇംഗ്ലണ്ടില്‍ ഗൈനക്കോളജിസ്റ്റാണ്. ഗായിക അപര്‍ണ രാജീവ് കൊച്ചുമകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News