പാകിസ്താന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്ക; ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ വിഫലം; ഭീകരതയെ ചെറുക്കാനെന്ന് ന്യായീകരണം

വാഷിംഗ്ടണ്‍: പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ച് അമേരിക്ക. ഇടപാടുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തെ അമേരിക്ക ന്യായീകരിക്കുകയും ചെയ്തു. പാകിസ്താനിലെ ഭീകരവാദത്തെ ചെറുക്കുന്നതിന് രാജ്യത്തിന് ഈ യുദ്ധവിമാനങ്ങള്‍ ആവശ്യമുണ്ടെന്നാണ് അമേരിക്കയുടെ ന്യായീകരണം. പാകിസ്താനിലെ ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം എന്ന നിലയില്‍ വില്‍പ്പനയെ പിന്തുണയ്ക്കുന്നതായും അമേരിക്ക വ്യക്തമാക്കി. പാകിസ്താന് യുദ്ധവിമാനം വില്‍ക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

നിലവില്‍ പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ ഉണ്ട്. എന്നാല്‍, അവയൊന്നും ഇപ്പോള്‍ രാജ്യത്തുള്ള ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണുള്ളതെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ ചൂണ്ടിക്കാട്ടിയപ്പോഴാണ് അമേരിക്കന്‍ വക്താവ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ ഇന്ത്യയുടെ പ്രതിഷേധം അമേരിക്കയെ അറിയിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വെര്‍മയോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം നിരാശാജനകമാണെന്നാണ് ഇന്ത്യ അമേരിക്കയെ അറിയിച്ചത്.

ഫെബ്രുവരി 11നാണ് പാകിസ്താന് എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പുവച്ചത്. 700 മില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാടാണിത്. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തെങ്കിലും യുഎസ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസില്‍ ഇതിനെതിരെ എതിര്‍പ്പ് ഉയരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here