അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വിന്‍ഡീസിന്; ഇന്ത്യയെ തോല്‍പ്പിച്ച് കന്നിക്കിരീടം നേടിയത് അഞ്ച് വിക്കറ്റിന്

മിര്‍പുര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റിന്‍ഡീസിന്. ഫൈനലില്‍ നാലാം കിരീടം തേടിയിറങ്ങിയ ഇന്ത്യയെ 5 വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് കന്നി കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയെ വിന്‍ഡീസ് വെറും 145 റണ്‍സിന് ചുരുട്ടിക്കെട്ടി. അഞ്ച് വിക്കറ്റും 3 പന്തും ശേഷിക്കെ വിന്‍ഡിസ് വിജയം കുറിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തായിരുന്നു വിന്‍ഡീസ് കിരീടം ചൂടിയത്.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ല. ഏഴു താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. 3 വിക്കറ്റു വീതം വീഴ്ത്തിയ അല്‍സാരി ജോസഫും റിയാന്‍ ജോണുമാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞു വീഴ്ത്തിയത്.

ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. തുടക്കത്തില്‍ തന്നെ മുന്‍നിര വിക്കറ്റുകള്‍ നിലയുറപ്പിക്കുന്നതിനു മുന്നേ തിരിച്ച് ഡ്രസിംഗ് റൂമിലെത്തി. തകര്‍പ്പന്‍ അടിക്കാരായ മൂന്നു പേരെയും രണ്ടക്കം കടക്കുന്നതിനു മുമ്പ് ഇന്ത്യക്ക് നഷ്ടമായി. റിഷഭ് പന്ത് 1 റണ്‍സെടുത്തും നായകന്‍ ഇഷാന്‍ കിഷന്‍ 4 ഉം അന്‍മോല്‍പ്രീത് സിംഗ് 3 റണ്‍സെടുത്തും പുറത്തായി. അല്‍സരി ജോസഫിനായിരുന്നു മൂന്നു വിക്കറ്റും.

ഒരവസരത്തില്‍ 6ന് 87 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സര്‍ഫറാസ് ഖാനും ലോംറോറും ബാത്തമും ചേര്‍ന്നാണ് രക്ഷിച്ചത്. സര്‍ഫറാസ് 51 റണ്‍സെടുത്തു. ലോംറോര്‍ 19ഉം ബാത്തം 21ഉം റണ്‍സെടുത്തു. മറ്റാരും രണ്ടക്കം കണ്ടില്ല.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് മൂന്നാം ഓവറില്‍ സ്‌കോര്‍ 5ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ആദ്യത്തെ പതര്‍ച്ചയില്‍നിന്ന് വിന്‍ഡീസ് പതുക്കെ കരകയറി. പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ കീസി കാര്‍ട്ടിയാണ് വിന്‍ഡീസിന് വിജയം ഉറപ്പിച്ചത്. 52 റണ്‍സായിരുന്നു കാര്‍ട്ടി നേടിയത്. 23 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മയര്‍ മികച്ച പിന്തുണ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here