ട്വന്റി – 20യില്‍ ഇന്ത്യക്ക് ജയം; പരമ്പര; ബൗളിംഗ് മികവില്‍ അശ്വിന്‍; ശ്രീലങ്കയെ വീഴ്ത്തിയത് 9 വിക്കറ്റിന്

വിശാഖപട്ടണം: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി – 20 പരമ്പര ഇന്ത്യയ്ക്ക്. അവസാന ട്വന്റി – 20 മത്സരത്തില്‍ 9 വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. തികച്ചും ആധികാരികമായാണ് ഇന്ത്യ അവസാന മത്സരം ജയിച്ചത്. ആദ്യ മത്സരം മാത്രമാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്.

ടോസ് നേടിയ ഇന്ത്യ വിശാഖപട്ടണത്ത് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം ശരിവെയ്ക്കുന്ന ബൗളിംഗ് പ്രകടനമാണ് രവിചന്ദ്ര അശ്വിന്‍ നടത്തിയത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ നിരോഷന്‍ ഡിക്‌വെലയെ അശ്വിന്‍ പവലിയനിലേക്ക് മടക്കി. 1 റണ്‍സെടുത്ത ഡിക്‌വെലയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ഓവറിലെ അവസാന പന്തില്‍ ദില്‍ഷനും വീണു. ശ്രീലങ്ക ആദ്യ ഓവറില്‍ രണ്ട് വിക്കറ്റിന് 3 റണ്‍സ്.

പിന്നാലെയെത്തിയ ദിനേശ് ചാന്ദിമലിനും അധികം പിടിച്ചു നില്‍ക്കാനായില്ല. 8 റണ്‍സെടുത്ത ചാന്ദിമലിനെയും അശ്വിന്‍ പുറത്താക്കി. 4 റണ്‍സെടുത്ത ഗുണരത്‌നയെയും അശ്വിനാണ് പുറത്താക്കിയത്. 4 റണ്‍സെടുത്ത മിലിന്ദ സിരിവര്‍ദ്ധനയും പിന്നാലെ പവലിയനിലേക്ക് മടങ്ങി. ആശിഷ് നെഹ്‌റ സിരിവര്‍ദ്ധനയെ ക്ലീന്‍ ബൗള്‍ഡാക്കി. ലങ്കന്‍ സ്‌കോര്‍ ആറാം ഓവറില്‍ 5 വിക്കറ്റിന് 21 റണ്‍സ്.

തുടര്‍ന്ന് ക്രീസില്‍ എത്തിയ ദസുന്‍ ഷനകയും തീസര പെരേരയുമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. എന്നാല്‍ ഇരുവരുടെയും ചെറുത്ത് നില്‍പ്പ് വേഗം അവസാനിച്ചു. ഷനക 18ഉം പെരേര 12ഉം റണ്‍സെടുത്ത് മടങ്ങി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിംഗിന് മുന്നില്‍ ലങ്കന്‍ വാലറ്റത്തിന് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സചിത്ര സേനനായകെ 8ഉം ദുഷ്മന്ദ ചമീര 9ഉം ദില്‍ഹാര ഫെര്‍ണാണ്ടോ ഒരു റണ്‍സുമെടുത്ത് ലങ്കന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. സ്‌കോര്‍ 17.6 ഓവറില്‍ 82 റണ്‍സ്.

ഇന്ത്യന്‍ നിരയില്‍ 4 ശ്രീലങ്കന്‍ വിക്കറ്റുകള്‍ പിഴുത രവിചന്ദ്രന്‍ അശ്വിന്‍ മികച്ച ബൗളിംഗാണ് പുറത്തെടുത്തത്. 4 ഓവറില്‍ കേവലം എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് അശ്വിന്റെ നേട്ടം. സുരേഷ് റെയ്‌ന രണ്ട് വിക്കറ്റ് നേടി. ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, രവിന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിലേ കളി കൈയ്യിലാക്കി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തുടക്കത്തില്‍ പിടിച്ചുനിന്നു. എന്നാല്‍ 5-ാം ഓവറിലെ രണ്ടാം പന്തില്‍ ചമീരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രോഹിത് ശര്‍മ്മ മടങ്ങി. 13 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെ ശിഖര്‍ ധവാന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ വിജയം എളുപ്പമാക്കി. ശിഖര്‍ ധവാന്‍ 46 റണ്‍സും രഹാനെ 22 റണ്‍സുമെടുത്തു. 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. മൂന്നാം മത്സരവും ട്വന്റി – 20 പരമ്പരയും ഇന്ത്യക്ക്. ആര്‍ അശ്വിനാണ് പ്ലേയര്‍ ഓഫ് ദ മാച്ച്, പ്ലേയര്‍ ഓപ് ദ സീരീസ് പുരസ്‌കാരങ്ങള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here