സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു; അന്ത്യം ചെന്നൈയില്‍; അവസാനമായി ഈണം നല്‍കിയത് ഒഎന്‍വിയുടെ വരികള്‍ക്ക്

ചെന്നൈ: സംഗീത – പശ്ചാത്തല സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. 60 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു അന്ത്യം.

നിരവധി ചിത്രങ്ങള്‍ക്ക് രാജാമണി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഉള്‍പ്പടെ 11 ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അനശ്വര സംഗീത സംവിധായകന്‍ ചിദംബരനാഥിന്റെ മകനാണ്.

മഹാകവി ഒഎന്‍വിയുടെ വരികള്‍ക്കാണ് രാജാമണി അവസാനമായി ഈണം നല്‍കിയത്. 1984ല്‍ മോഹന്‍ രൂപ് സംവിധാനം ചെയ്ത് പൂവച്ചല്‍ ഖാദര്‍ എഴുതിയ നുള്ളിനോവിക്കാതെ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മലയാള ചലച്ചിത്രലോകത്തെത്തുന്നത്. ചിദംബരനാഥ് – തുളസി ദമ്പതികളുടെ ആര് മക്കളില്‍ മൂത്തയാളാണ് രാജാമണി. എആര്‍ റഹ്മാന്റെ പിതാവ് ആര്‍കെ ശേഖറാണ് സിനിമാരംഗത്തേക്കുള്ള രാജാമണിയുടെ അരങ്ങേറ്റത്തിന് അടിത്തറയിട്ടത്.

‘നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം…’ എന്ന മലയാള ഗാനം ഏറെ ഹിറ്റായതാണ്. ഏകലവ്യന്‍ എന്ന ഷാജി കൈലാസ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയത് രാജാമണിയാണ്. താളവട്ടത്തിലെ ‘കൂട്ടില്‍ നിന്നും’, സ്വാഗതം എന്ന ചിത്രത്തിലെ ‘മഞ്ഞിന്‍ ചിറകുള്ള’, വെല്‍കം ടു കൊടൈക്കനാല്‍ എന്ന ചിത്രത്തിലെ ‘മഞ്ഞുകൂട്ടികള്‍’ എന്നിവ മലയാളത്തിലെ ശ്രദ്ധേയ ഗാനങ്ങളാണ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

1969ല്‍ അച്ഛന്‍ ചിദംബരനാഥ് തന്നെ സംഗീതം നല്‍കിയ ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്. ചെന്നൈ എച്ച്‌ഐടി കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ കാലത്തുതന്നെ ഗിറ്റാറിലും കീബോര്‍ഡിലും പാശ്ചാത്യ സംഗീതത്തിലും പഠനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News