മലയാളത്തിന്റെ കാവ്യസൂര്യന് അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍

തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യലോകത്ത് ഒരു സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന് അസ്തമിച്ച കാവ്യസൂര്യന്‍ ഒഎന്‍വി കുറുപ്പിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.

രാവിലെ ഒമ്പതരയോടെ ഇന്ദീവരത്തില്‍നിന്ന് വിലാപയാത്രയായാണ് മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചത്. ഗാനാര്‍ച്ചനയോടെയാണ് മലയാളം പ്രിയകവിക്ക് പ്രണാമം അര്‍പ്പിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ സ്വരലയയും എംബിഎസ് ക്വയറും തലസ്ഥാനത്തെ ഗായകരും സംയുക്തമായി സംഗീതാര്‍ച്ചന നടത്തി. ഒഎന്‍വിയുടെ നാടക സിനിമാ ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയുള്ളതായിരുന്നു സംഗീതാര്‍ച്ചന.

സാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രിയകവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴുതക്കാട്ടെ വീടായ ഇന്ദീവരത്തിലും വിജെടി ഹാളിലുമെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവരും കലസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആറു പതിറ്റാണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗങ്ങളില്‍ നിറഞ്ഞുനിന്ന ഒഎന്‍വി ശനിയാഴ്ച്ച വൈകുന്നേരമാണ് മരിക്കാത്ത കവിതകള്‍ കാവ്യലോകത്തിന് സമ്മാനിച്ച് വിടപറഞ്ഞത്.

1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തിലാണ് ജനനം. എട്ടാം വയസില്‍ പിതാവ് ഒ എന്‍ കൃഷ്ണക്കുറുപ്പ് അന്തരിച്ചു. കെ ലക്ഷ്മിക്കുട്ടിയമ്മയാണ് മാതാവ്. ചവറ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ് എന്‍ കോളജില്‍നിന്നു ബിരുദം നേടിയശേഷം തിരുവനന്തപുരം നഗരത്തിലേക്കു പ്രവര്‍ത്തനമണ്ഡലം മാറ്റി. കേരള സര്‍വകലാശാലയുടെ ആദിമരൂപമായ ട്രാവന്‍കൂര്‍ സര്‍വകലാശാലയില്‍നിന്നു മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. സാഹിത്യശാഖയ്‌ക്കെന്ന പോലെ മലയാള ചലച്ചിത്രഗാനശാഖയ്ക്കും അതുല്യമായ സംഭാവനകള്‍ നല്‍കിയാണ് ആറു പതിറ്റാണ്ടു നീണ്ട കാവ്യ ജീവിതത്തില്‍നിന്ന് ഒഎന്‍വി കുറുപ്പ് വിടവാങ്ങിയത്. വൈശാലിയിലെ ഗാനങ്ങള്‍ക്ക് 1989ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഒഎന്‍വി നേടിയിരുന്നു. സ്വപ്‌നാടനത്തിലെ ഗാനങ്ങള്‍ക്ക് 1973ല്‍ ലഭിച്ചതാണ് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പിന്നീട് ആലിംഗനം (1976), മദനോത്സവം (1977), ഉള്‍ക്കടല്‍ (1979), യാഗം, അമ്മയും മകളും (1980), ആദാമിന്റെ വാരിയെല്ല് (1983), അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984), നഖക്ഷതങ്ങള്‍ (1986), മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987), വൈശാലി (1988), ഒരു സായാഹ്നത്തിന്റെ സ്വപ്‌നത്തില്‍, പുറപ്പാട് (1989), രാധാമാധവം (1980), ഗുല്‍മോഹര്‍ (2008) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് മറ്റു വര്‍ഷങ്ങങ്ങളില്‍ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. 20090ല്‍ മികച്ച ഗാനങ്ങള്‍ക്കളുള്ള ഫിലിംഫെയര്‍ പുരസ്‌കാരം പഴശിരാജയിലെ ഗാനങ്ങള്‍ക്കു ലഭിച്ചു.

ഒഎന്‍വിയെ മലയാളികള്‍ക്കു മറക്കാനാവില്ല. അത്രമേല്‍ നാവിന്‍തുമ്പില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനങ്ങളാണ് ഓരോ കാലത്തും പ്രണയത്തിന്റെയും നോവിന്റെയും രാഷ്ട്രീയത്തിന്റെയും കൈയൊപ്പ് ചാര്‍ത്തി ഒഎന്‍വി കൈരളിക്കു സമ്മാനിച്ചത്. ആരെയും ഭാവഗായകനാക്കും, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടര്‍ന്നൊരു, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍, മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ഓര്‍മകളേ കൈവളി ചാര്‍ത്തി, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍, വാതില്‍പഴുതിലൂടെന്‍ മുന്നില്‍, ആദിയുഷസന്ധ്യ പൂത്തതിവിടെ തുടങ്ങിയവയാണ് ഏറെപ്പേരെ ആകര്‍ഷിച്ച ഗാനങ്ങളില്‍ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here