ചെങ്കടലാകാനൊരുങ്ങി തലസ്ഥാനം; നവകേരള മാര്‍ച്ചിന് ഇന്ന് സമാപനം; സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും; ശക്തിപ്രകടനമായി മൂന്നുലക്ഷം പേരുടെ മഹാറാലി

തിരുവനന്തപുരം: ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകീട്ട് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന മഹാറാലിയില്‍ മൂന്നുലക്ഷത്തിലധികംപേര്‍ അണിനിരക്കും.

ഞായറാഴ്ചയാണ് സമാപനസമ്മേളനം നടത്താനിരുന്നതെങ്കിലും മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സമാപന വേദിക്ക് ഒഎന്‍വിയുടെ പേരുനല്‍കാന്‍ സംഘാടക സമിതി തീരുമാനിച്ചു. മാര്‍ച്ചിന്റെ ജില്ലാതല സംഘാടക സമിതി ചെയര്‍മാനായിരുന്നു ഒഎന്‍വി.

പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിക്കും.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമാപനസമ്മേളനത്തിനുശേഷം പ്രദേശത്തെ മാലിന്യം പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്യും. ശുചീകരണത്തിന് മാത്രം ആയിരം പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ജനുവരി 15ന് കാസര്‍കോട് ഉപ്പളയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഒരുമാസത്തെ പര്യടനത്തിനുശേഷമാണ് തലസ്ഥാനത്ത് സമാപിക്കുന്നത്. 30ലക്ഷത്തിലധികം ബഹുജനങ്ങളാണ് സ്വീകരണ റാലികളില്‍ അണിനിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News