സിയാച്ചിനില്‍ മരിച്ച മലയാളി ജവാനോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്; മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല

ദില്ലി: സിയാച്ചിനില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ച മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാരിന്റെ അവഗണനയും അനാദരവും. സിയാച്ചിനില്‍നിന്ന് ഇന്നു രാവിലെ പതിനൊന്നരയോടെ ദില്ലി പാലം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും എത്തിയില്ല. ദില്ലിയിലെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായ റെസിഡന്റ് കമ്മീഷണറായിരുന്നു മൃതദേഹം ഏറ്റുവാങ്ങേണ്ടിയിരുന്നത്. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയാണ് സുധീഷ്.

മരിച്ച ഒമ്പതുപേരുടെ മൃതദേഹമാണ് ഇന്നു രാവിലെ വ്യോമമാര്‍ഗം സിയാച്ചിനില്‍നിന്നു ദില്ലിയില്‍ എത്തിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ജവാന്‍മാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അതതു റെസിഡന്റ് കമ്മീഷണര്‍മാരും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. സുധീഷ് അടക്കം മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒമ്പതു ജവാന്‍മാരുമാണ് മരിച്ചത്. ഒമ്പതു മൃതദേഹങ്ങള്‍ സിയാച്ചിനില്‍നിന്നു കണ്ടെടുത്തപ്പോള്‍ ലാന്‍സ്‌നായ്ക് ഹനുമന്തപ്പയെ രക്ഷിച്ചിരുന്നു. അതീവഗുരുതരാവസ്ഥയില്‍ ദില്ലി സൈനിക ആശുപത്രിയിലെത്തിച്ച ഹനുമന്തപ്പ പിന്നീടു മരണത്തിനു കീഴടങ്ങിയിരുന്നു. മരിച്ച ജവാന്‍മാര്‍: സുബേദാര്‍ ടി ടി നാഗേഷ് (കര്‍ണാടക), ഹവില്‍ദാര്‍ എം ഏഴുമലൈ (തമിഴ്‌നാട്), ലാന്‍സ് ഹവില്‍ദാര്‍ എസ് കുമാര്‍ (തമിഴ്‌നാട്), ശിപായിമാരായ പി എന്‍ മഹേഷ് (കര്‍ണാടക), ഗണേഷന്‍ (തമിഴ്‌നാട്), രാമമൂര്‍ത്തി (തമിഴ്‌നാട്), മുഷ്താഖ് അഹമ്മദ് (ആന്ധ്ര്പ്രദേശ്), നഴ്‌സിംഗ് അസിസ്റ്റന്റ് സൂര്യവംശി (മഹാരാഷ്ട്ര)

ഫെബ്രുവരി മൂന്നിനാണ് സിയാച്ചിന്‍ ഹിമപ്പരപ്പില്‍ പത്തു സൈനികരെ കാണാതായത്. ഏഴു ദിവസം നീണ്ട തെരച്ചിലിലാണ് മൃതദേഹങ്ങളും ജീവനോടെ ഹനുമന്തപ്പയെയും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കാസിരംഗ ബേസിലെ ഹെലിപാഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹെലികോപ്റ്ററുകള്‍ക്കു മൃതദേഹങ്ങളുമായി മഞ്ഞുവീഴ്ചയ്ക്കിടെ പറന്നുയരാന്‍ സാധിക്കാതിരുന്നതിനാലായിരുന്നു ഇത്. ദില്ലിയിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പാലം വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്നു സ്വദേശങ്ങളിലേക്കു കൊണ്ടുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News