കോടതി മുറിയിലും ആക്രമണം അഴിച്ചുവിട്ട് സംഘപരിവാര്‍; കൈരളി വാര്‍ത്താ സംഘം ഉള്‍പ്പടെ 5 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്; റിപ്പോര്‍ട്ടര്‍ മനുശങ്കറിനും ക്യാമറാമാനും പരുക്ക്

ദില്ലി: പട്യാല കോടതി വളപ്പില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ അക്രമ പരമ്പര. ആക്രമണത്തില്‍ കൈരളി വാര്‍ത്താ സംഘത്തിലേതുള്‍പ്പടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കൈരളി ടിവി ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ മനു ശങ്കരനും ക്യാമറാമാന്‍ രാജീവ് കണ്ണാടിക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മനു ശങ്കരന്റെ തലയ്ക്ക് പരുക്കേറ്റു. മനു ശങ്കരനേയും രാജീവ് കണ്ണാടിയേയും ദില്ലി പൊലീസ് പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

കോടതി മുറിക്കുള്ളില്‍ വച്ച് 20ഓളം അക്രമികള്‍ ചേര്‍ന്നാണ് മനുവിനെ മര്‍ദ്ദിച്ചത്. മനുവിന് മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റു. ബിജെപി എംഎല്‍എ ഒപി ശര്‍മയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാവിത്രിക്ക് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി. സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ദേശീയ ദിനപത്രമായ ദ എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടറും ഉള്‍പ്പെടുന്നു. കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സൊണാല്‍ മല്‍ഹോത്രയുടെയും മൊബൈല്‍ ഫോണ്‍ അക്രമികള്‍ പിടിച്ചുവാങ്ങി. അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ഫോണ്‍ പിടിച്ചു വാങ്ങിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിന്റെ കേസ് പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകരുടെ ആക്രമണം. കോടതി മുറിക്കുള്ളില്‍ മനപൂര്‍വ്വം ഉന്തും തള്ളും സൃഷ്ടിച്ച സംഘപരിവാര്‍ അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യുവിലെ അധ്യാപക – വിദ്യാര്‍ത്ഥികളെയും വളഞ്ഞുവച്ചു. തുടര്‍ന്നായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ കോടതി വളപ്പിലും വ്യാപക അക്രമമാണ് ഉണ്ടായത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. കോടതി നടപടികള്‍ പോലും മാനിക്കാതെയാണ് അഭിബാഷകരുടെ ആക്രമണം. അഭിഭാഷക വേഷത്തില്‍ കോടതിയില്‍ കടന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സ്ത്രീകള്‍ അടക്കമുള്ളവരെ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. പൊലീസുകാര്‍ നിഷ്പ്രഭരായി നോക്കി നില്‍ക്കെയായിരുന്നു ആക്രമണ പരമ്പര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News