പ്രതിഷേധങ്ങള്‍ ചരിത്രത്തോടും കാലത്തോടും നീതിപുലര്‍ത്താന്‍വേണ്ടി; മദ്രാസ് ഐഐടിയില്‍ തുടങ്ങി ജെഎന്‍യുവിലെത്തുന്ന കലഹിക്കുന്ന യുവത; മോദിക്കാലത്ത് എന്തുകൊണ്ട് കലാലയങ്ങള്‍ പോര്‍നിലങ്ങളാകുന്നു?

കലാലയങ്ങളിലിപ്പോള്‍  ഇരമ്പുന്നത് തോക്കിനും ലാത്തിക്കും കീഴടങ്ങാത്ത പ്രതിഷേധവീര്യം. ഓരോ സമരമുഖത്തും കാലം ആവശ്യപ്പെട്ട ദൗത്യത്തില്‍ പങ്കാളികളായെന്ന് രാജ്യത്തെ കലാലയങ്ങളില്‍ ജീവിക്കുന്ന, മാനവിക പക്ഷത്തെ പച്ചയായ മനുഷ്യര്‍, തങ്ങളും ചരിത്രത്തിന്റെ ഭാഗമായതായി അടയാളപ്പെടുത്തുകയാണ്. പഠനക്കൂട്ടായ്മകളും ചിന്തയുടെ ആസ്ഥാനങ്ങളും യുവതയുടെ ആഘോഷനിലങ്ങളും മാത്രമാകാനല്ല കലാലയങ്ങള്‍ക്കു കഴിയുകയെന്നു തെളിയിക്കുകയാണ് ചെന്നൈ ഐഐടിയില്‍നിന്നു പുതുച്ചേരിയും പുനെയും ഹൈദരാബാദും കടന്ന് ഇന്ദ്രപ്രസ്ഥത്തിലേക്കെത്തിയ മാറ്റത്തിനായുള്ള മുഴക്കം. ഈ പോരാട്ടം നടത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന തലമുറകള്‍ ഇന്നിന്റെ തലമുറയ്ക്കു മാപ്പു നല്‍കില്ല. അല്ലെങ്കില്‍ അവര്‍ വളച്ചൊടിക്കപ്പെട്ട ചരിത്രവും രാഷ്ട്രീയവും പഠിച്ച് പൊയ്‌പ്പോയ തലമുറയെ തള്ളിപ്പറയും.

dabolkar

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇടതു ചിന്ത മുറുകെപ്പിടിക്കുന്നവരെ വേട്ടയാടുക രാജ്യത്താകമാനം സാധാരണ സംഭവമായി മാറിയിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ മാനവിക പക്ഷത്തുനിന്നു സംസാരിക്കുന്നവരെ തേടിയെത്തി കൊല്ലുകയും കൊലവിളിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇത്. നരേന്ദ്ര ധബോല്‍കറും ഗോവിന്ദ് പന്‍സാരെയും ഡോ. എംഎം കല്‍ബുര്‍ഗിയും സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കു രക്തസാക്ഷികളായി. സമൂഹത്തിന്റെ പുഴുക്കുത്തുകളെയും തെറ്റായപ്രവണതകളെയും തെറ്റെന്നു വിളിച്ചുപറയുന്നവര്‍ ഇല്ലാതാവുകയെന്നത് കാവിയണിഞ്ഞ അധികാരിവര്‍ഗത്തിന്റെ പ്രധാനാവശ്യമായി മാറുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യ കണ്ടത്. തമി‍‍ഴ് എ‍ഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ എ‍ഴുത്തുനിര്‍ത്തി. ബീഫ് കൈവശം വച്ചതിന് ഗൃഹനാഥനെ കൊന്നു. ദളിത് കുഞ്ഞുങ്ങളെ ഹീനമായി ചുട്ടെരിച്ചു. അസഹിഷ്ണുതയെക്കുറിച്ചു പറഞ്ഞ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഭീഷണിയും തെരുവില്‍ ആക്രമണവും നേരിടേണ്ടിവന്നു. മറുപടിയായി എഴുത്തുകാരും സാംസ്‌കാരികനായകരും പുരസ്‌കാരങ്ങള്‍ മടക്കി പ്രതിഷേധിച്ചു. അതൊക്കെ, മുതിര്‍ന്ന തലമുറയുടെ പ്രതിഷേധത്തിന്റെ വന്‍മതിലുകളായപ്പോള്‍ ഫാസിസ്റ്റ് സംഘത്തിന്റെ അടുത്ത കണ്ണു കലാലയങ്ങളാവുക സ്വാഭാവികമായിരുന്നു.

പുതുചിന്തയുടെ ഉദ്ഭവകേന്ദ്രങ്ങളാണ് വലിപ്പച്ചെറുപ്പമിലാതെ ഓരോ കലാലയങ്ങളുമെന്നതു തന്നെ കാരണം. സര്‍ഗാത്മകവും സ്വപ്‌നനിര്‍ഭരവുമായിരിക്കും അവിടെനിന്നുയിര്‍ക്കുന്ന ചിന്തകളോരോന്നും. പലപ്പോഴും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള കലഹമാകും. വ്യവസ്ഥിതി ഏകപക്ഷീയ നിലപാടുകളുള്ളതോ ഏകാധിപത്യപരമോ ആകുമ്പോള്‍ കലഹം കലാപമായി പരിണമിക്കും. പ്രതികരണം യുവതയുടെ ഭാഷയിലും ശൈലിയിലുമാകുമ്പോള്‍ ഫലം കണ്ടിട്ടുമാത്രമായിരിക്കും പിന്‍മാറ്റം എന്നതു സ്വാഭാവികം. സര്‍ഗാത്മകമായ എല്ലാ സമരപോരാട്ടങ്ങളും ഇങ്ങനെത്തന്നെയാണ്. ആത്യന്തിക ലക്ഷ്യം മാത്രമായിരിക്കും മുന്നില്‍. ഇതാണ് നമ്മുടെ രാജ്യത്തെ ഉന്നതകലാലയങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥി സമരം കലാലയങ്ങള്‍ക്കുള്ളില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ അതിനുപിന്നില്‍ ഒരു വലിയ കാരണമുണ്ടെന്നു തിരിച്ചറിയണം. കലാലയങ്ങളുടെ പ്രതികരണം കേവലം തങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമല്ല, കാലം ആവശ്യപ്പെടുന്നതാണെന്നു തെളിയിക്കുകയാണ് ഇന്ത്യയിലെ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇത്തരുണത്തില്‍ ചെയ്തത്.

ചെന്നൈ ഐഐടിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ ഒരു കാമ്പസില്‍ ഒതുങ്ങിനില്‍ക്കേണ്ടതെന്നു കരുതിയവര്‍ ഇന്നു സംജാതമായിരിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥ അന്നു ദീര്‍ഘദര്‍ശനം ചെയ്തിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചെന്നൈ നഗരത്തിലേക്കു നീണ്ട സമരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച പിന്തുണയെയും അടിച്ചമര്‍ത്താന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അരയും തലയും മുറുക്കിയിറങ്ങി. വിദ്യാര്‍ഥികള്‍ പിന്നാക്കം പോകാന്‍ തയാറായിരുന്നില്ല. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യം അംഗീകരിപ്പിച്ചശേഷം മാത്രം അവര്‍ പിന്‍വാങ്ങിയപ്പോള്‍ ഭരണകൂടത്തിന്റെ കിരാതനിലപാടിനോടുള്ള കലഹം ജയത്തില്‍ കലാശിച്ചു. പക്ഷേ, അതൊരു തുടക്കം മാത്രമായിരുന്നെന്ന് ആരും അന്ന് ഓര്‍ത്തില്ല. രാജ്യമാകെ അസഹിഷ്ണുതയുടെ തീപിടിക്കുമ്പോള്‍ കാമ്പസുകള്‍ക്കുള്ളിലായിരിക്കും അതു പിടിമുറുക്കുക എന്നാരും മുന്‍കൂട്ടി കണ്ടില്ല.

അണയാതെ ഐഐടിയിലെ കനല്‍

കഴിഞ്ഞവര്‍ഷം മേയ് 24നാണ് രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിസംഘടനയായ അംബേദ്കര്‍-പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ വേരുള്ള സംഘടനയായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതായിരുന്നു നിരോധനത്തിന്റെ കാരണം. കേന്ദ്ര നയങ്ങള്‍ക്കെതിരേ സംഘടന നടത്തിയ വിമര്‍ശനം ദേശവിരുദ്ധമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന് വച്ചുപൊറുപ്പിക്കാനാവാത്തതാണെന്നും വിലയിരുത്തി. ഒരു അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നതാണ് രസകരം.

കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് പിന്നീട് ഒരാഴ്ചയിലേറെ ചെന്നൈ നഗരം സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ഥികളുടെ സംഘശക്തിയും പുരോഗമനാശയക്കാരുടെ പിന്തുണയും ഒന്നു ചേര്‍ന്നതോടെ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയുടെയും തമിഴ്‌നാട്ടിലെ ജയലളിതയുടെയും സര്‍ക്കാരുകള്‍ക്കു മുട്ടു മടക്കേണ്ടി വന്നു. നിരോധനം നീക്കി. തുടര്‍ന്ന് ജൂണ്‍ എട്ടിന് സമരം അവസാനിപ്പിച്ചു. കലാലയാന്തരീക്ഷം സാധാരണനിലയിലേക്കു മടങ്ങിവരികയായിരുന്നു. പക്ഷേ, അതൊരു ലിറ്റ്മസ് ടെസ്റ്റുമാത്രമായിരുന്നു എന്നു തെളിയാന്‍ മാസങ്ങള്‍ക്കിപ്പുറംവരെ കാത്തിരിക്കേണ്ടിവന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഐടിയിലെ പുതിയ തീരുമാനങ്ങള്‍ ആധുനികകാലത്തെ കലാലയ സംസ്‌കാരത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. കാമ്പസിനുള്ളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനും പ്രവേശന സമയത്തുതന്നെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നു സത്യവാങ്മൂലം എഴുതി വാങ്ങിക്കാനുമാണ് അധികൃതരുടെ തീരുമാനം.  നേരത്തേതന്നെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനം ഐഐടിയിലില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു അവസരത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഒരു മുന്നേറ്റമുണ്ടായാല്‍ അതിനെ നിഷ്പ്രയാസം അടിച്ചമര്‍ത്താന്‍ അധികാരികള്‍ക്ക് ഇനി സാധിക്കും. ചുരുക്കത്തില്‍ പ്രായപൂര്‍ത്തിയായതും വോട്ടവകാശമുള്ളതുമായ, രാജ്യത്തെ ധിഷണാതലത്തില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങളില്‍ സ്ഥാനമുറപ്പിക്കേണ്ട യുവതയുടെ പ്രതിഭകള്‍ക്ക് പഠനകാലത്ത് ജനാധിപത്യത്തിന്റെ ഒരംശംപോലും സ്വന്തം കാമ്പസിനുള്ളില്‍ ഉണ്ടാകില്ലെന്നു സാരം. സര്‍ക്കുലര്‍ വിവാദമായപ്പോള്‍ പിശകപറ്റിയതാണെന്നും പരിശോധിക്കാമെന്നുമുള്ള തണുപ്പന്‍ ന്യായമാണ് ഐഐടി അധികാരികള്‍ പറഞ്ഞത്.

സമരങ്ങള്‍ ആശയങ്ങള്‍ക്കും അതിജീവനത്തിനുവേണ്ടി മാത്രമുള്ളതാണ്. വ്യവസ്ഥയെ തച്ചുതകര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നു വരുമ്പോള്‍ അതിന് ആരായാലും മുതിരും. സര്‍ഗാത്മകമായി പ്രതിഷേധങ്ങള്‍ ഉയരും. അതാണ് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലുമൊക്കെ കണ്ടത്. രാജ്യത്തെ ധിഷണാശാലികളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേക്ക് അത് എത്തുമ്പോള്‍ തീര്‍ച്ചയായും നമുക്കു വരാനിരിക്കുന്ന കാലത്ത് അടയാളപ്പെടുത്തപ്പെടാവുന്ന ചരിത്രത്തെയാണ് ഭയക്കേണ്ടത്. നമ്മള്‍ കണ്ടതും അറിഞ്ഞതും പഠിച്ചതുമായ ചരിത്രമായിരിക്കില്ല വരും തലമുറകള്‍ പഠിക്കാനിരിക്കുന്നതെന്നു വരെ ഭയക്കണം.

(അസഹിഷ്ണുത വെറും വാക്കല്ല, ഭീകരമായ ആശങ്കയാണ്, മാനവികപക്ഷത്തിനുള്ള ഭീഷണിയാണ്; പോണ്ടിച്ചേരിയും ഹൈദരാബാദും ഇന്ത്യയില്‍തന്നെയാണ്; രോഹിത് വെമുല നമ്മളെപ്പോലൊരു മനുഷ്യനായിരുന്നു- നാളെ വായിക്കാം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News