മോദി ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണികള്‍ നേരിടാന്‍ ഇടതുപക്ഷ ബദലിനേ കഴിയൂവെന്നു സീതാറാം യെച്ചുരി; ഇന്ത്യക്ക് പുതിയ പാത കാട്ടാന്‍ കേരളത്തിന് കഴിയണം; നവകേരള മാര്‍ച്ചിന് ഉജ്വല സമാപനം

ശംഖുമുഖം(തിരുവനന്തപുരം): നരേന്ദ്രമോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണികളെയും നേരിടയാന്‍ ഇടതുബദലിന് മാത്രമേ കഴിയൂവെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചുരി. നവകേരളത്തിന്റെ സന്ദേശമുയര്‍ത്തി നടത്തിയ നവകേരള മാര്‍ച്ചിനെ വിജയിപ്പിച്ച എല്ലാ മലയാളികള്‍ക്കു അഭിവാദ്യം നേരുന്നു. നവകേരളം നവ ഇന്ത്യയുടെ ഭാഗമാകണം. 1957 മുതല്‍ കേരളം ഇന്ത്യക്കു നവപാത കാണിച്ചുകൊടുത്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കു പുതിയ പാത കാണിച്ചു കൊടുക്കാന്‍ കേരളത്തിന് കഴിയണമെന്നും യെച്ചുരി പറഞ്ഞു.

navakerala-yechuri

മൂന്നു വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. മോദി നടപ്പാക്കുന്ന നവ ഉദാരവല്‍കരണ നയങ്ങള്‍ ഇന്ത്യയെ അമേരിക്കയ്ക്കു മുന്നില്‍ കീഴടക്കിയിരിക്കുന്നു. രണ്ടാമത്തേത്, വര്‍ഗീയ ആക്രമണങ്ങള്‍ മോദി സര്‍ക്കാരിനു മുന്നില്‍ ശക്തിപ്പെട്ടു. ഇതിന് ഉദാഹരണമാണ് സിപിഐഎം ഓഫീസിന് നേരേ നടന്ന ആക്രമണം. മൂന്നാമതായി മോദി സര്‍ക്കാരിനു കീഴില്‍ വളര്‍ന്നുവരുന്ന അമിതാധികാര പ്രവണതയാണ്. വിയോജിക്കന്നവരെ മോദി കായികമായി നേരിടുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഗൂഢപദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഇന്നു ജുഡീഷ്യറിക്കെതിരായാണ് ആക്രമണം നടന്നത്. അഭിഭാഷകരുടെ വേഷത്തിലാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. അധ്യാപകരെപ്പോലും ആക്രമിച്ചു. ഇതു ഫാസിസ്റ്റ് രീതിയാണ്. ജെഎന്‍യു ദേശവിരുദ്ധരുടെ സര്‍വകലാശാലയായതിനാല്‍ ആക്രമിക്കുന്നു എന്നാണ് ആര്‍എസ്എസ് പറയുന്നത്. സിപിഐഎമ്മിന് ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ക്ക് ഇന്ത്യയിലെ ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതി. ഇന്നലെ ഇവര്‍ വ്യക്തിപരമായി എന്നെത്തന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. എങ്ങനെയാണ് ആര്‍എസ്എസിനെയും ഭീഷണിയെയും ചെറുക്കേണ്ടതെന്നു സിപിഐഎമ്മിന് നന്നായി അറിയാം. അതു ചെയ്യുകതന്നെ ചെയ്യും.

എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. നാഥുറാം ഗോഡ്‌സേയെ ഉയര്‍ത്തിക്കാണിക്കുന്നവര്‍ നമ്മളെല്ലാം ദേശവിരുദ്ധരാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ സമസ്തമേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണെന്നതാണ് സത്യം. മോദി സര്‍ക്കാരിന്റെ ഭരണപരാജയത്തില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്നത്. സാമ്പത്തിക രംഗത്താകെ തകര്‍ച്ചയാണ് ഉണ്ടാകുന്നത്. രാജ്യത്താകെ വിലക്കയറ്റമാണ്. വിപണികള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ധ്രൂവീകരണം ശക്തിപ്പെടുത്തുന്ന നടപടികളാണു കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ കണ്ടത്.

ഈ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ സ്ഥിതിയെന്താണ്. മാസത്തില്‍ ഒന്നിലേറെത്തവണയാണ് നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം. എണ്ണമെടുക്കാന്‍ പോലും കഴിയാത്ത നിലയാണ്. കുറേ നാളുകള്‍ക്കു ശേഷം പാര്‍മെന്റില്‍ വന്നിരുന്ന മോദി കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ തപ്പി നോക്കുന്നതു കണ്ടു. ചില എംപിമാര്‍ അത് സീറ്റ് ബെല്‍റ്റ് തപ്പുകയാണെന്നു സരസമായി പറഞ്ഞു. ഇന്ത്യക്ക് അകത്തെ സ്ഥിതിയെന്താണ്. ഹൈദരബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ സ്ഥിതി നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. ഇതിനെ ചെറുക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തെ തോല്‍പിക്കുകയാണ്. ഇതു സാധിക്കുമ്പോഴാണ് മെച്ചപ്പെട്ട ഇന്ത്യയും സുസ്ഥിരമായ ഇന്ത്യയും കെട്ടിപ്പടുക്കാന്‍കഴിയൂ.

ആര്‍ക്കാണു വര്‍ഗീയ ഭീഷണിയെ ചെറുക്കാന്‍ കഴിയുക. കോണ്‍ഗ്രസിന് കഴിയുമോ? കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്താണ്. മാനവവിഭവ സൂചികയുടെ ഏതുമാനദണ്ഡമെടുത്താലും കേരളം വളരെ മുമ്പിലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സമാനമാണ് അത്. സത്യസന്ധതയിലും കേരളത്തിലെ ജനങ്ങള്‍ മുന്നിലാണ്. ഇന്നു ഒന്നിനു പിന്നാലെ ഒന്നായി അഴിമതികള്‍ പുറത്തുവരുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതിയില്‍ മത്സരിക്കുകയാണെന്നു തോന്നും. കോണ്‍ഗ്രസ് കാരണമാണ് ബിജെപി രാജ്യത്ത് അധികാരത്തില്‍ വന്നത്. ഒരിക്കലും ബിജെപി കോണ്‍ഗ്രസിന് ബദലല്ല. ഈ സാഹചര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകണം. പരസ്പരം കോണ്‍ഗ്രസും ബിജെപിയും സഹായിക്കുന്ന നിലപാടാണുള്ളത്.

മഹാ സമ്മേളനത്തില്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടം വ്യക്തമാക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണു വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ശക്തമായിട്ടുള്ള സിപിഐഎമ്മും ഇടതുപക്ഷ ഐക്യവും മാത്രമാണ് ബദലായിട്ടുള്ളത്. ഈ ബദലിന് മാത്രമേ അഴിമതിക്കും വര്‍ഗീയതയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും പരിഹാരം കാണാന്‍ കഴിയൂ.

എന്താണ് നിങ്ങളുടെ ബദല്‍ നയമെന്നു ചോദിക്കുന്നവരോടു മറുപടി ലളിതമാണ്. ഇന്ത്യയില്‍ വിഭവങ്ങള്‍ സുലഭമാണ്. ഇന്ത്യയിലെ യുവാക്കള്‍ക്കു സ്ഥായിയായ ജോലിയും വരുമാനവും നല്‍കാനുള്ള വിഭവങ്ങള്‍ ഇന്ത്യയിലുണ്ട്. 90ശതമാനം വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ പ്രതിവര്‍ഷ വരുമാനം പതിനായിരം രൂപയാണ്. അഞ്ചു ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് രാജ്യത്തെ കോര്‍പറേറ്റകള്‍ക്കു നല്‍കുന്നത്. ഇതു നിര്‍ത്തണമെന്നാണ് താന്‍ പറയുന്നത്. ഇതിലൂടെ രാജ്യത്തു തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും രാജ്യത്തെ സുസ്ഥിരമാക്കാനും കഴിയും. ഇതിനായി കോണ്‍ഗ്രസിനും ബിജെപിക്കും പകരമായി ഇടതുപക്ഷ ബദല്‍ കെട്ടിപ്പടുക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് രാജ്യമാകെ ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. ആ സമരത്തില്‍ കേരളം അതിന്റെ സംഭാവന നല്‍കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമാണ് ആ സംഭാവന. താന്‍ പോയിട്ടുള്ള എല്ലാ വിദേശരാജ്യത്തും മലയാളം സംസാരിക്കുന്ന സഹോദരി സഹോദരന്‍മാരെ കണ്ടിട്ടുണ്ട്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കേരളം ഒരിക്കല്‍കൂടി പുതിയ പാത കാണിക്കണം.

എണ്‍പതുകളില്‍ വിദ്യാര്‍ഥിനേതാവായിരുന്നപ്പോള്‍ ഒഎന്‍വിക്കായി പ്രചാരണത്തിനായി എത്തിയിരുന്നു. നവകേരളവും നവ ഇന്ത്യയുമായിരുന്നു ഒഎന്‍വിയുടെ സ്വപ്നം. ഐക്യത്തിന്റെ ശക്തിയും ശക്തിയുടെ ഐക്യവും മുറുകെപ്പിടിക്കേണ്ടതുണ്ട്. അതിന് കേരളത്തിലെ ജനങ്ങള്‍ക്കു കഴിയുമെന്നും യെച്ചുരി പറഞ്ഞു.

KODIYERI

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയാന്‍ കേരളജനത സജ്ജരായെന്ന് കോടിയേരി; ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷം നേടും

ശംഖുമുഖം(തിരുവനന്തപുരം): ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയാന്‍ കേരളജനത സജ്ജരായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശംഖുമുഖത്ത് നവകേരളമാര്‍ച്ചിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കോടിയേരി. ജനസാഗരത്തെ സാക്ഷിയാക്കി മാര്‍ച്ചിന് പ്രൗഡ്വോജ്വല സമാപനമാണുണ്ടായത്. ചടങ്ങു പുരോഗമിക്കുകയാണ്.

കേരളം ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സംസ്ഥാനമാണ്. കേന്ദ്രത്തില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. വര്‍ഗീയ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന സമീപമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും ബിജെപിക്കു നേടാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം ജില്ലയിലെ നാല് അസംബ്ലി സീറ്റുകളില്‍ വോട്ട് നിലയില്‍ ഒന്നാമതെത്തി എന്നു പറഞ്ഞുകൊണ്ട് ബിജെപി അധികാരത്തിലെത്താന്‍ പോകുന്നു എന്നു പറഞ്ഞു. കേരളത്തില്‍ മൂന്നാംമുന്നണി രൂപപ്പെടുകയാണ്. ഇടതുപക്ഷം മൂന്നാമതു പോകുമെന്ന് ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ചു. സമുദായ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി ബിജെപി കേരളത്തില്‍ ഒന്നാമതാകുമെന്നു പ്രഖ്യാപനമുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് അമിത്ഷാ വന്നു പ്രസംഗിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കു പിന്നില്‍ ജനങ്ങള്‍ അണിനിരന്നു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടിന് ജനങ്ങള്‍ അംഗീകാരം നല്‍കിയതിന് തെളിവാണ് തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തിയ ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു തദ്ദശഭരണ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷം ഒന്നാമതെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കുകയാണ്. പല നേതാക്കളെയും വിചാരണകൂടാതെ ജയിലിലടയ്ക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഒന്നര വര്‍ഷം മുമ്പു നടന്ന ഒരു സംഭവത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെ യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു തവണ ഹൃദയശസ്ത്രക്രിയക്കു വിധേയനായ സഖാവാണ് ജയരാജന്‍. അദ്ദേഹത്തിന്റെ കൈ വെട്ടി താഴത്തിട്ടു അദ്ദഹം മരിച്ചുപോയി എന്നു പറഞ്ഞു പോയ ആര്‍എസ്എസുകാര്‍ ഇപ്പോഴും അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍ മറ്റു രണ്ടു കേസുകളില്‍ ആര്‍എസ്എസുകാര്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചു. പി ജയരാജന്റെ കാര്യത്തില്‍ ജാമ്യത്തിന് എതിര്‍ത്തത് സര്‍ക്കാര്‍ അഭിഭാഷകനാണ്. സിപിഐമ്മിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ടാഡ നിയമം ചുമത്തിയാണ് പാര്‍ട്ടി നേതാക്കളെ ജയിലിലടച്ചത്. അതിനുശേഷം വന്ന തെരഞ്ഞെടുപ്പില്‍ ഈ നേതാക്കള്‍ വന്‍ വിജയമാണ് നേടിയത്. ഏതു വെല്ലുവിളിയും നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ നേരിടാന്‍ തയാറാണെന്നതിനു തെളിവാണ് ഇവിടെ കൂടിയിരിക്കുന്ന ജനസാഗരം നല്‍കുന്ന തെളിവ്. നമ്മുടെ സംസ്ഥാനം ഇന്ത്യക്കാകെ മാതൃകയായിരുന്നു. അഴിമതി വിരുദ്ധ ഭരണമായിരുന്നു കേരളം കാഴ്ചവച്ചത്. ഇഎംഎസ് മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെ മുഖ്യമന്ത്രിമാരായിരുന്ന കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കുമെതിരെ ഉയര്‍ന്നുവരാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരേ ഉയര്‍ന്നുവന്നത്.

സോളാര്‍ കുംഭകോണത്തില്‍ ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കമ്മീഷനു ലഭിച്ചില്ലേ. ഇടതുപക്ഷം സെക്രട്ടേറിയറ്റ് വളഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കമ്മീഷനു ലഭിച്ച തെളിവുകള്‍ ഇടതുപക്ഷത്തിന്റെ സമരം വിജയമാണെന്നതിനു തെളിവാണ്. സരിതാ നായരുടെ അടുത്തുനിന്നുപോലും കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രി കേരളത്തിന് അപമാനമല്ലേ? കേരളത്തിലെ രാഷ്ട്രീയക്കാര്‍ എന്നു പറഞ്ഞു മറ്റു സംസ്ഥാനങ്ങളില്‍ പോയാല്‍ ഒരു നിലയും വിലയുമുണ്ടായിരുന്നു. ഇന്നതു പറയാന്‍ നാണക്കേടായി മാറി. എന്തിനും ഏതിനും കൈക്കൂലിയാണ് ഇപ്പോള്‍ കേരളത്തില്‍. ബാറുകള്‍ അടച്ചതു തുറന്നുകിട്ടാന്‍ മന്ത്രിമാര്‍ ഓരോരുത്തരായി വാങ്ങിയ കൈക്കൂലിക്കണക്കുകള്‍ പുറത്തുവന്നു കഴിഞ്ഞു. നവകേരള മാര്‍ച്ചില്‍ ഒത്തുകൂടിയ ജനങ്ങള്‍ അഴിമതി വിരുദ്ധ ഭരണത്തിനായുള്ള ആഹ്വാനമാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതുടങ്ങി വച്ച പദ്ധതികളല്ലാതെ ഏതു പദ്ധതിയാണ് ഉമ്മന്‍ചാണ്ടിക്കു തുടങ്ങാന്‍ കഴിഞ്ഞത്. ഇടതു സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ 21 രൂപയായിരുന്നു ഒരു കിലോ അരിക്ക്. ഇന്ന് 40 രൂപയായി.

രണ്ടു രൂപയുടെ അരിവിതരണ പദ്ധതി ഇല്ലാതാക്കിയവരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. റേഷന്‍കടകള്‍ ഇല്ലാതാക്കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും അട്ടിമറിച്ചത് ഈ സര്‍ക്കാര്‍ ആണ്. ഇത്രകാലം ശരിയാക്കാത്ത സര്‍ക്കാരാണോ ഇനി ഒന്നരമാസം കൊണ്ട് എല്ലാം ശരിയാക്കുന്നത്. അതിവേഗം വികസിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് എന്നു നടന്നാലും നേരിടാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയാറാണ് എന്നു പ്രഖ്യാപിക്കുന്നതാണ് ഇന്നത്തെ റാലി. കോലീബി സഖ്യം മറ്റൊരു രൂപത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇപ്പോള്‍ അതു വേറൊരു രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. അവിശുദ്ധ കൂട്ടുകളെ നേരിടാന്‍ ജനങ്ങള്‍ ഉയിര്‍ത്തെണീക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. അറബിക്കടലിന്റെ തീരത്താണ് ഈ റാലി സംഗമിച്ചിട്ടുള്ളത്. ഇന്നു കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അറബിക്കടലിലേക്കു വലിച്ചെറിയാന്‍ കേരളജനത തയാറെടുത്തിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് നവകേരള മാര്‍ച്ചെന്നും കോടിയേരി പറഞ്ഞു.

നാടിനെ സംരക്ഷിക്കുന്നതാകണം വികസന നയം; സമൂഹം അഴിമതി മുക്തമാകണം; മതനിരപേക്ഷത സംരക്ഷിക്കപ്പെടണം; മദ്യ നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെന്നും പിണറായി

നവകേരളമാര്‍ച്ച് 30 ദിവസമാണ് പ്രയാണം നടത്തിയത്. 116 കേന്ദ്രങ്ങളില്‍ 126 നിയമസഭാ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്വീകരണം. ചുട്ടുപൊള്ളുന്ന വെയിലിലും രാത്രി വൈകിയും നവകേരള മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങളാണ്. അഭൂതപൂര്‍വ്വമായ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും കണ്ടത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും അവസാനം അഭിവാദ്യം അര്‍പ്പിക്കുന്നവതുവരെ ഏല്ലാവരും ഇരുന്നു. അത്ര ശ്രദ്ധയോടെയാണ് മാര്‍ച്ചിന്റെ മുദ്രാവാക്യത്തെ ജനങ്ങള്‍ സ്വീകരിച്ചത്.

Pinarayi-Vijayan

വികസനവുമായി ബന്ധപ്പെട്ട മുദ്രാവാക്യം.

മാര്‍ച്ച് തുടങ്ങിയതുമുതല്‍ എല്ലാ ദിവസവും രാവിലെ കൂടിച്ചേരല്‍ ഉണ്ടായിരുന്നു. പ്രമുഖര്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ഒന്നിച്ച പ്രാതല്‍ കഴിച്ച ശേഷം കൂടിക്കാഴ്ച നടത്തി. അതില്‍ സിപിഐഎമ്മോ ഇടതുപക്ഷമോ അല്ലാത്ത ആളുകള്‍ വരെ എത്തി അഭിപ്രായം പറയുന്നതാണ് കണ്ടത്. ഇത് നവകേരള മാര്‍ച്ചിന്റെ സ്വീകാര്യത തെളിയിച്ചു. പത്മശ്രീ ലഭിച്ചവര്‍ മുതല്‍ ഒട്ടേറെ ആദരണീയര്‍ എത്തി.

എന്താണ് വികസനം. നിലവിലെ വികസനനയം അത് മുതലാളിത്ത കാഴ്ചപ്പാടാണ്. എന്ത് വികസനമാണ് നിങ്ങള്‍ കാണിക്കാന്‍ പോകുന്നത് എന്ന് ഒരു ദിവസം ഒരാള്‍ ചോദിച്ചു. അതിന് ഞങ്ങള്‍ വിശദീകരണം നല്‍കി. ബഹുരാഷ്ട്ര കുത്തകകളെ കൊണ്ടുവന്ന് ആളുകള്‍ക്ക് ജോലി കൊടുക്കലല്ല വികസനം. വറ്റിവരണ്ട ഭാരതപ്പുഴയെ വീണ്ടെടുക്കണം. അത് ഞങ്ങളുടെ വികസന ലക്ഷ്യമാണ്. വിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിക്കണം. ഇത് ഓരോ ഓരോ മേഖലയിലും ഉണ്ട്. മാലിന്യം അടിഞ്ഞു കൂടിയ വേമ്പനാട്ട് കായല്‍. മനുഷ്യ വിസര്‍ജ്ജ്യം നിക്ഷേപിക്കാനുള്ള ഇടമല്ല അത്. അതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കണം. ശാസ്താംകോട്ട ശുദ്ധജല തടാകം ഏതാനും വര്‍ഷം കഴിഞ്ഞാല്‍ ഇല്ലാതാകും.വേമ്പനാട്ട് കായലിനെയും ശാസ്താംകോട്ട ശുദ്ധജല തടാകത്തെയും ഒക്കെ സംരക്ഷിക്കണം. ഇത്തരം ഒട്ടേറെ മേഖലകളിലെ പ്രശ്‌നങ്ങള്‍ അടങ്ങുന്നതാണ് വികസന പ്രശ്‌നം.

യാത്രയ്ക്കിടെ ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടു. ഓട്ടിസം ബാധിച്ച കുട്ടികള്‍ പ്രത്യേക കഴിവുകളുണ്ട്. അത് കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായമില്ല. അവര്‍ക്ക് സഹായം നല്‍കേണ്ടതുണ്ട്. പൂര്‍ണ്ണമായും കിടപ്പിലായ സമൂഹം നമ്മുടെ ഇടയിലുണ്ട്. അവരെയും സംരക്ഷിക്കപ്പെടേണ്ടവരുണ്ട്. ഇവര്‍ ഒരുകൂട്ടം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. ഇതും വികസന പ്രശ്‌നമാണ്.

കേരളം ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ മലയാളിയുടെ ആയുര്‍ ദൈര്‍ഘ്യം കൂടി. ഇതുമൂലം ചില പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. സമൂഹത്തിലെ പ്രായമേറിയവര്‍ ഒറ്റപ്പെട്ട് കഴിയുന്നു. ആധുനിക കേരളം നേരിടുന്ന വെല്ലുവിളിയാണ് ഇത്. ഒരിടത്ത് ബ്ലോക് പഞ്ചായത്ത് ഒരുക്കിയ വൃദ്ധസംരക്ഷണാലയം കണ്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും വേണ്ടിവരും. സമൂഹത്തില്‍ വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പകല്‍ സമയത്ത് ഒരുമിച്ച് ചേര്‍ന്ന് സന്തോഷം പങ്കുവയ്ക്കാനുള്ള പകല്‍ വീട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വികസനത്തിന്റെ ഭാഗമായി കൊണ്ടുവരേണ്ടതുണ്ട്.

എന്താണ് പ്രശ്‌നം, എന്ത് ചെയ്യണം, എങ്ങനെ പരിഹരിക്കണം എന്നാണ് നവകേരള മാര്‍ച്ച് ചര്‍ച്ച ചെയ്തത്. നമ്മുടെ മത്സ്യമേഖല തകര്‍ന്നു. മത്സ്യ സമ്പത്ത് ഇല്ലാതായി. ആളുകള്‍ക്ക് വരുമാനം കുറഞ്ഞു. കേരളത്തിന്റെ മത്സ്യ മേഖല തകര്‍ച്ചയിലാണ്. ഈ വിഷയത്തില്‍ ആന്ധ്രയെ കണ്ടു പഠിക്കണം. അവര്‍ ഇക്കരായത്തില്‍ സ്വയം പര്യാപ്തരാണ്. കേരം തിങ്ങുന്ന നാട്ടില്‍ തേങ്ങ ഉല്‍പാദനം കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ നമ്മളേക്കാള്‍ വലിയ തേങ്ങ ഉത്പാദകരായി. കയര്‍ മേഖല നശിക്കാറായി. ഇതൊന്നും ഇങ്ങനെ കഴിയേണ്ടതല്ല. കയര്‍ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണം. അതിന് വ്യവസായം സംരക്ഷിക്കപ്പെടണം. കാലനുസൃതമായ സാങ്കേതിക മികവോടെ വ്യവസായം സംരക്ഷിക്കപ്പെടണം. ഇതെല്ലാം പരിഹരിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്.

കാര്‍ഷിക രംഗത്തെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ആദായം ഉണ്ടാകണം. കര്‍ഷകന് നല്ല വില ലഭിക്കണം. കര്‍ഷകന് എല്ലാക്കാലത്തും വിലസ്ഥിരത വേണം. വില കുറഞ്ഞാല്‍ കര്‍ഷകന്‍ കടക്കെണിയില്‍ ആകും. കടക്കെണിയില്‍ ആകുന്നതിന് മുമ്പ് ഉല്‍പ്പന്നത്തെ സംഭരിക്കുന്നതിന് സര്‍ക്കാര്‍ മുമ്പേ നടപടി സ്വീകരിക്കണം. വില കുറഞ്ഞിട്ടല്ല നടപടി സ്വീകരിക്കേണ്ടത്. നേരത്തെ നടപടി സ്വീകരിച്ച് കര്‍ഷകന് സുരക്ഷ ഉറപ്പാക്കിയാലേ ചെയ്താലേ കേരളത്തിന് മുന്നോട്ട് പോകാനാവൂ.

വിദ്യാഭ്യാസമേഖലയില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാര്‍. ചില മണ്ഡലങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂളുകള്‍ ഉണ്ട്. എല്ലാ മണ്ഡലത്തിലെയും വിദ്യാലയങ്ങളെ സ്മാര്‍ട് സ്‌കൂളുകള്‍ ആക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പിന്തുണയോടെ സര്‍ക്കാരിന് കഴിയണം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശ സര്‍വകലാശാലകളോട് ഇടതുപക്ഷത്തിന് അലര്‍ജിയില്ല. പക്ഷേ വിദ്യാഭ്യാസത്തെ കച്ചവടമായി കാണാനാവില്ല. നിലവിലുള്ള മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രമാക്കണം. അതിന് മികച്ച കോഴ്‌സുകള്‍ വേണം. നമ്മുടെ സര്‍വകലാശാലകള്‍ ദേശീയ തലത്തിലും ലോക നിലവാരത്തിലും എണ്ണപ്പെട്ടവയായി മാറണം. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികച്ചതാകുമ്പോള്‍ വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെടാം. ഇങ്ങനെ ഓരോ മേഖലയും, ആരോഗ്യ – തൊഴില്‍ – വിദ്യാഭ്യാസ മേഖലയടക്കം എല്ലാ മേഖലയിലും മികവുണ്ടാക്കണം. സമൂഹത്തിന്റെ എല്ലാ മേഖലയിലും മലയാളികളായ മിടുക്കരും മിടുക്കികളും ഉണ്ട്. അവര്‍ക്ക് നാട്ടില്‍ തൊഴില്‍ കൊടുക്കാന്‍ കഴിയണം. പ്രവാസികള്‍ അയയ്ക്കുന്ന പണം കൊണ്ടാണ് നാട് നിലനില്‍ക്കുന്നത്. ഇവിടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഇതിന് വികസന കാഴ്ചപ്പാടും സ്ഥാപനങ്ങളും വേണം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് സ്മാര്‍ട് സിറ്റി എങ്ങും എത്താത്തത്. നാട്ടില്‍ തൊഴില്‍ ലഭിക്കില്ലെന്ന നിരാശ ബാധിക്കാത്ത യുവത്വത്തെ സൃഷ്ടിക്കണം.

ഇതിനൊപ്പം സര്‍ക്കാര്‍ അഴിമതി വിമുക്തമാവണം. ഇത്രമാത്രം ജീര്‍ണ്ണത ബാധിച്ച ഒരു മനുഷ്യന്‍ ഈ നാടിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത് നാടിന് അപമാനമാണ്. ഉമ്മന്‍ചാണ്ടി വിഴുപ്പ് ഭാണ്ഡമായി തലയ്ക്കു മുകളില്‍ ഇരിക്കുകയാണ്. അഴിമതിയില്‍ കോണ്‍ഗ്രസിന്റെ കാര്യം വ്യത്യസ്തമല്ല. ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍കമ്മീഷനില്‍ കൊടുത്ത മൊഴി പ്രകാരം 13 കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇതില്‍ കോണ്‍ഗ്രസ് മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എന്തു ചെയ്തു.

ഒരു സ്ത്രീ ഇവിടെ വ്യവസായം നടത്താന്‍ വരുന്നു. അവരുടെ മാനവും പണവും കവരാന്‍ മന്ത്രിമാര്‍ തയ്യാറാവുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും അവരുടെ വരുമാനത്തിന്റെ പങ്കുപറ്റി. പുറത്തിറങ്ങാന്‍ പറ്റാത്ത മുഖ്യമന്ത്രി എന്ന സ്ഥാനപ്പേരാണ് ഉമ്മന്‍ചാണ്ടിക്ക് കിട്ടാനിരിക്കുന്നത്.

ഇടതു സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ മാണിമാരും ബാബുമാരും ഉണ്ടാവില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഉദ്യോഗസ്ഥതലത്തില്‍ അഴിമതി ഇല്ലാതാവണം. ഒരു കടലാസ് സര്‍ക്കാര്‍ ഓഫീസില്‍ കിട്ടിയാല്‍ അതില്‍ എത്രയും വേഗം നടപടിയെടുക്കണം. അതാണ് മാര്‍ച്ചിനോട് അനുബന്ധിച്ച് ഉയത്തിയ അഴിമതി വിരുദ്ധ സന്ദേശം.

മത നിരപേക്ഷത നിലനില്‍ക്കാന്‍ നമ്മുടെ നാട് ഇങ്ങനെ തന്നെ നിലനില്‍ക്കണം. ആര്‍എസ്എസ് അവര്‍ക്ക് ശക്തിപ്പെടാന്‍ വേണ്ടി വെള്ളാപ്പള്ളിയെ കൂടെക്കൂട്ടി. വെള്ളാപ്പള്ളി നടേശനൊപ്പം ശ്രീനാരയാണീയര്‍ നില്‍ക്കും എന്ന് ആര്‍എസ്എസും വെള്ളാപ്പള്ളിയും കരുതി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയര്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞു. മകന് ദില്ലിയില്‍ കസേര ഉറപ്പിച്ചിട്ടായിരുന്നു വെള്ളാപ്പള്ളി നിന്നത്. എന്നാല്‍ ഇപ്പോള്‍ ആ കസേരയില്ലാതായി. അച്ഛനും മകനും ഒരു മൂലയ്ക്ക് ഒതുങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് പ്രകാരം ഏതോ ഒരു വാസു ആണ് ഇപ്പോള്‍ അധ്യക്ഷന്‍.

സിപിഐഎമ്മിനൊപ്പം സഹകരിക്കുന്നവരെ അടര്‍ത്തി മാറ്റി ഇടതുപക്ഷത്തെ പരാജയപ്പെടുത്താം എന്നായിരുന്നു ഉമ്മന്‍ചാണ്ടി കരുതിയത്. ഇതിന് ഉമ്മന്‍ചാണ്ടി വര്‍ഗ്ഗീയതക്കൊപ്പം കൂടി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് തെറ്റി. ശ്രീനാരായണീയരും മതനിരപേക്ഷ മനസും ഇടതുപക്ഷത്തിനൊപ്പം നിന്നു.

രണ്ട് കൂട്ടര്‍ വീണു കിടക്കുന്നു. ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും. ആദ്യം പറഞ്ഞത് 70 സീറ്റ് ജയിച്ച് ഭരണം നേടും എന്നായിരുന്നു. പിന്നീട് അത് 30 സീറ്റ് ആയി. പിന്നെ അത് അത് പത്ത് സീറ്റെങ്കിലും നേടണം എന്നായി. പത്ത് എന്നാല്‍ ഒന്നുമുതല്‍ പത്ത് വരെ. അത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കൂടിയാലോചനയ്ക്കുള്ള നമ്പറാണ്. എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കാന്‍ സഹായിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മുന്‍ കാലങ്ങളില്‍ ബിജെപിയുമായി കൂട്ടുകൂടിയ കോണ്‍ഗ്രസ് സമാന ശ്രമം ഇപ്പോഴും അതിനുള്ള നടത്താന്‍ ആലോചിക്കുകയാണഅ. വരാനിരിക്കുന്ന ഈ ആപത്തിനെ പ്രതിരോധിക്കാന്‍ കഴിയണം. നമ്മുടെ മതനിരപേക്ഷതയ്ക്ക് പോറലേല്‍ക്കരുത്.

മദ്യ നിരോധനത്തില്‍ അഭിപ്രായം

മദ്യ നിരോധനത്തോട് യോജിപ്പുള്ളവരല്ല സിപിഐഎം. മദ്യ വര്‍ജ്ജനമാണ് ലക്ഷ്യം. ബോധവല്‍ക്കരണത്തിലൂടെ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ നിലപാട്. മദ്യ നിരോധനത്തില്‍ ആപത്ത് ഒളിഞ്ഞിരിക്കുന്നു. മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ മറ്റ് പല വഴികളും സ്വീകരിക്കും. മദ്യ നിരോധനം വന്നപ്പോള്‍ വ്യാജവാറ്റ് കൂടി. മദ്യം നിരോധിച്ചിട്ടും സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടി.

നേരത്തെ മദ്യ നിരോധനം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മിസോറാമും മണിപ്പൂരും പിന്നീട് മദ്യ നിരോധനം ഉപേക്ഷിച്ചു. സ്ത്രീകളും മറ്റും ആവശ്യപ്പെട്ടത് മദ്യ നിരോധനം പിന്‍വലിക്കണം എന്നായിരുന്നു. തിരുവനന്തപുരത്ത് വന്ന എഐസിസി നേതാവ് രാഹുല്‍ ഗാന്ധി ഞങ്ങളോട് ചോദിച്ചത് മദ്യ നയത്തില്‍ ഞങ്ങളുടെ നിലപാട് എന്ത് എന്നായിരുന്നു. അദ്ദേഹത്തോട് തിരിച്ച് ചോദിക്കാനുള്ളത് മിസോറാമിലും മണിപ്പൂരിലും നിങ്ങളുടെ സര്‍ക്കാര്‍ നടപ്പാക്കിയത് നോക്കിയാല്‍ പോരേ എന്നാണ്. മദ്യ നിരോധനം എന്നത് പൊടിക്കൈയാണ്. അനവസരത്തില്‍ സിപിഐഎം എന്തിന് നയം പ്രഖ്യാപിക്കണം. അത് ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടതല്ല. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ മദ്യ വര്‍ജ്ജനമാണ് ഞങ്ങളുടെ പൊതു നയം. നാടിന്റെ പുനര്‍ നിര്‍മ്മിതിക്കായി സഹകരിക്കണം എന്നാണ് നവകേരള മാര്‍ച്ച് മുന്നോട്ട് വച്ചത്. അതിലാണ് ജനലക്ഷങ്ങള്‍ അണി നിരന്നത്. – പിണറായി വിജയന്‍ പറഞ്ഞു.

vs

ബിജെപിയെ വളര്‍ത്തി സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസോ വെള്ളാപ്പള്ളിയോ വിചാരിക്കേണ്ടെന്നു വിഎസ്

ശംഖുമുഖം: ബിജെപിയെ വളര്‍ത്തി സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് ആര്‍എസ്എസോ വെള്ളാപ്പള്ളിയോ വിചാരിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങള്‍ ഒരുനാള്‍ ഇവരെയെല്ലാം പിടികൂടുകതന്നെ ചെയ്യുമെന്നും നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ വി എസ് പറഞ്ഞു.

നവകേരള മാര്‍ച്ചിനെ പരിഹസിച്ചുകൊണ്ടു രണ്ടു മൂന്നു കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായം ഉയരുകയുണ്ടായി. വി എം സുധീരന്‍ ഒരു മാര്‍ച്ച് നടത്തിയിരുന്നു. അത് ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ എത്തിയത് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിയാണ്. അദ്ദേഹം ഇവിടെ പ്രസംഗിച്ചുകൊണ്ടു ചോദിച്ചത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മദ്യനയമെന്താണ് എന്നാണ്. ചോദിക്കുക മാത്രമല്ല, സ്വന്തം അനുയായികളോട് ആജ്ഞാപിച്ചുകൊണ്ടു രാഹുല്‍ പറയുകയുംചെയ്തു, നിങ്ങള്‍ രണ്ടു മാസത്തേക്ക് തമ്മില്‍ അടിക്കരുത്.

രാഹുല്‍ ഗാന്ധിയോട് ചോദിക്കാനുള്ളത് ഇതു പറയാന്‍ വേണ്ടി വിമാനം വാടകയ്‌ക്കെടുത്തു രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തു ശംഖുമുഖത്ത് വരേണ്ടതുണ്ടോ. അദ്ദേഹത്തിന് ദില്ലിയില്‍നിന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍വിളിച്ച് നിങ്ങളുടെ മദ്യനയമെന്താണെന്നു ചോദിച്ചാല്‍ മതിയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മദ്യനയം അറിഞ്ഞിട്ടാണോ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മദ്യനയത്തെക്കുറിച്ചു ചോദിച്ചതെന്നറിയില്ല. അദ്ദേഹത്തിന്റെ ഈ പരിഹാസത്തിന് കേരളത്തിലെ ജനങ്ങള്‍ വേണ്ടവിധം പ്രാധാന്യം നല്‍കിയിട്ടില്ല. എ കെ ആന്റണി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞത്, കോണ്‍ഗ്രസിനെ ഒരു ചില്ലിട്ട മ്യൂസിയത്തില്‍ വയ്ക്കാന്‍ കഴിയില്ലെന്നാണ്. 440 എംപിമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 44 എംപിമാരാണ്. ചില്ലിട്ട മേഖലയില്‍ ആരെയാണ് ഇരുത്തേണ്ടതെന്ന് എ കെ ആന്റണിക്ക് മനസിലായിട്ടില്ലേ.

സംഘപരിവാര്‍ ശക്തികള്‍ അഴിഞ്ഞാടുകയാണ് രാജ്യത്ത്. കഴിഞ്ഞദിവസം ദില്ലിയില്‍ എകെജി ഭവനു നേരേ, പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചുരിക്കു നേരേ വരെ ആക്രമണത്തിന് തയാറായിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ അയലത്തുപോലും എത്താത്ത പാര്‍ട്ടിയാണ് സംഘപരിവാര്‍. ആ പാര്‍ട്ടിയാണ് ദേശാഭിമാനത്തിന്റെ ഉടുപ്പും ധരിച്ച് സിപിഐഎമ്മിനെ ആക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഗാന്ധിജിയുടെ ഘാതകനായ ഗോദ്‌സേക്കു വേണ്ടി അമ്പലം പണിയാനാണ് ആര്‍ എസ് എസുകാര്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടിയോടു കൂട്ടുപിടിച്ച് നാലു വോട്ട് പിടിക്കാനാണ് ആര്‍എസ്എസ് കേരളത്തില്‍ ശ്രമിക്കുന്നത്.

ജനം ജീവിക്കാനാവാത്ത നിലയിലാണ് കേരളത്തില്‍. അവശ്യസാധന വില അതിവേഗം ഉയരുകയാണ്. മന്ത്രിസഭയിലെ എല്ലാവരും അഴിമതിക്കാരായിരിക്കുകയാണ്. പാമോയില്‍, സോളാര്‍, പാറ്റൂര്‍, ബാര്‍ എന്നിങ്ങനെ കുംഭകോണങ്ങള്‍ മാത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മന്ത്രിമാര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോപണങ്ങള്‍ക്കു വിധേയരാണ്. കേരളത്തെ നശിപ്പിച്ചത് കണ്‍ഗ്രസാണ്. ദേശീയതലത്തില്‍ സംഭവിച്ച അതേ നിലയില്‍ കേരളത്തെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിഡിജെഎസ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു പ്രസിഡന്റ്. തെരഞ്ഞെടുപ്പു കമ്മീഷന് മുന്നില്‍ പാര്‍ട്ടിയുടെ പേരു മാത്രം നല്‍കിയാല്‍ പോരാ. ഭാരവാഹികളുടെ വരുമാനവും അറിയിക്കണം. നോക്കിയപ്പോള്‍ തുഷാറിന്റെ വരുമാനം കണക്കില്‍കവിഞ്ഞതാണ്. സാധാരണക്കാര്‍ക്കു തുച്ഛമായ പലിശ നല്‍കി പണം വായ്പനല്‍കേണ്ട മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ ദശലക്ഷക്കണക്കിനു രൂപയാണ് തട്ടിയത്. തട്ടിയ പണത്തിന്റെയെല്ലാം ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കാണ്. ആ പണം ഗള്‍ഫ് നാടുകളിലെ പണക്കാരുടെ കൈയില്‍ നിക്ഷേപമായിട്ടോ വിദേശത്തെവിടെയോ ഒക്കെ സൂക്ഷിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനത്തുനിന്നു മാറിയെങ്കിലും എസ്എന്‍ഡിപിയിലൂടെ നടത്തിയ മൈക്രോഫിനാന്‍സിലൂടെ തട്ടിപ്പു നടത്തിയതിന്റെ കറ മായില്ല. മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ സൂത്രധാരന്‍ തുഷാറാണ്. ഇപ്പോള്‍ സുഭാഷ് വാസുവിനെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കായ അമ്മമാരെയും സഹോദരിമാരെയും വന്‍ ചതിവിന് ഇരയാക്കിയിരിക്കുകയാണ് തുഷാര്‍.

ഇതു മനസിലാക്കിക്കൊണ്ട് കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് ആയിരക്കണക്കായ പാവം സ്ത്രീകള്‍ വളയാന്‍ വരുമെന്നുറപ്പായിരിക്കുകയാണ് തുഷാര്‍. ഇപ്പോള്‍ പത്തോളം പൊലീസുകാരാണ് തുഷാറിനെ സംരക്ഷിക്കാനുള്ളത്. സ്ത്രീകളുടെ പട വന്നാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. വെള്ളാപ്പള്ളിയും ഭാര്യയും മകനും കൂടി പ്രധാനമന്ത്രിയെപോയി കണ്ട് പല കേന്ദ്രങ്ങളില്‍നിന്നു കോടിക്കണക്കിനു രൂപയും വാങ്ങിയിട്ടുണ്ട്. പാവപ്പെട്ടവരെ രക്ഷിക്കാനെന്ന പേരില്‍ ശിക്ഷിക്കാനാണ് തുഷാറും വെള്ളാപ്പള്ളിയും പണം നല്‍കിയതെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here