മാപ്പ് പറഞ്ഞാലും കെസി ജോസഫിനെ ഹൈക്കോടതി വെറുതെ വിടില്ല; 29ന് ഹാജരാകാന്‍ നിര്‍ദ്ദേശം; ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി കുട്ടിയല്ല

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെസി ജോസഫ് 29ന് ഹാജരാകണമെന്ന് ഹൈക്കോടതി. ഹാജരായ ശേഷം മന്ത്രിയുടെ ഖേദപ്രകടനം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി കുട്ടിയല്ലെന്നും സത്യവാങ്മൂലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായി മന്ത്രി നടത്തിയ ചായം ബക്കറ്റില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്ന പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ടത് മനപൂര്‍വ്വമല്ല. അറിയാതെ പറ്റിയ പിഴവാണെന്നും തെറ്റു മനസ്സിലാക്കിയ ഉടന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും സത്യവാങ്മൂലത്തിലൂടെ കെസി ജോസഫ് അറിയിച്ചിരുന്നു. നിയമസഭയുള്ളതിനാല്‍ നേരിട്ട് ഹാജരാകാനാവില്ലെന്നും മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.

കോടതിയലക്ഷ്യ കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.

അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കനോട് ഉപമിച്ച ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹര്‍ജി നല്‍കിയത്. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എം.എല്‍.എ കോടതിയുടെ പരിഗണനക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു കെസി ജോസഫിന്റെ അവഹേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News