ഇടപ്പള്ളി- മണ്ണൂത്തി പാതയില്‍ സബ്‌വേകള്‍ നിര്‍മ്മിക്കണമെന്ന ഉത്തരവിന് പുല്ലുവില; പ്രദേശവാസികള്‍ സമരത്തില്‍

തൃശൂര്‍: ഇടപ്പള്ളി- മണ്ണൂത്തി പാതയില്‍ സബ്‌വേകള്‍ നിര്‍മ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് പുല്ലുവില. മൂന്നു വര്‍ഷത്തിനിടെ 143 കാല്‍നട യാത്രക്കാരാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടങ്ങളില്‍ മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മണ്ണൂത്തി, വടക്കുഞ്ചേരി പാതയില്‍ സബ്‌വേ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ആരംഭിച്ചു.

അശാസ്ത്രീയമായ നിര്‍മാണമാണ് മണ്ണൂത്തി- ഇടപ്പള്ളി നാലുവരി പാതയിലെ അപകടങ്ങള്‍ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണം പുരോഗമിക്കുന്ന മണ്ണൂത്തി-വടക്കുഞ്ചേരി ആറുവരി പാതയിലെങ്കിലും അടിപ്പാതകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ദേശീയ പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് മുല്ലക്കരയില്‍ ഒത്തുചേര്‍ന്നത്.

നാലുവരി പാതയുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്കായി അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ചെലവ് കൂടുമെന്ന് ചൂണ്ടിക്കാട്ടി ദേശീയപാത വികസന അതോറിറ്റി ഇത് അംഗീകരിച്ചില്ല. ദേശീയ പാതയില്‍ മൂന്ന് വര്‍ഷത്തിനിടെ 143 കാല്‍നടയാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചതോടെ മനുഷ്യാവകാശ കമ്മീഷന്‍ സബ്‌വേകള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. റോഡപകട അന്വേഷണ കമ്മീഷനും ഇത് ശരിവച്ചിരുന്നു. നിര്‍മാണം നടക്കുന്ന ആറുവരി പാതയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിവരെ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here