ജെഎന്‍യുവില്‍ പ്രതിഷേധം ശക്തമാകുന്നു; വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍; കനയ്യ കുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ദില്ലി: പാട്യാലഹൗസ് കോടതിയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ ഒ.പി ശര്‍മ അറസ്റ്റില്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ദില്ലി പൊലീസ് ശര്‍മയെ അറസ്റ്റ് ചെയ്തത്.

അതേസമയം, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി. രണ്ട് ദിവസത്തേക്കുകൂടിയാണ് പട്യാല ഹൗസ് കോടതി കസ്റ്റഡി നീട്ടി നല്‍കിയത്. കനയ്യ കമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ദില്ലി ഹൈകോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ചാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുകയാണ്.

ഇതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ദില്ലി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി വസതിയില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ പട്യാല കോടതി വളപ്പില്‍ നടന്ന ആക്രമണത്തില്‍ കൈരളി വാര്‍ത്താ സംഘത്തിലേതുള്‍പ്പടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. കൈരളി പീപ്പിള്‍ ടിവി ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ മനു ശങ്കരനും ക്യാമറാമാന്‍ രാജീവ് കണ്ണാടിക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മനു ശങ്കരന്റെ തലയ്ക്ക് പരുക്കേറ്റു. കോടതി നടപടികള്‍ പോലും മാനിക്കാതെയായിരുന്നു ആര്‍എസ്എസുകാരായ അഭിഭാഷകരുടെ ആക്രമണം. സ്ത്രീകള്‍ അടക്കമുള്ളവരെ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണ പരമ്പര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News