അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് എസ്.എ.ആര്‍ ഗീലാനി കസ്റ്റഡിയില്‍

ദില്ലി: അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ദില്ലി യൂണിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി വസതിയില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 10ന് ദില്ലി പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു ഒരു സംഘം മുദ്രാവാക്യം മുഴക്കിയത്. ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് ഗീലാനിക്കും കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കുമെതിരേ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍ വകുപ്പുകള്‍ അനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഗീലാനിയായിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകന്‍. ഗീലാനിയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ചാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News