ഇന്ത്യയെ പുനസ്ഥാപിച്ചെടുക്കാന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍ക്ക് മുന്നിട്ടിറങ്ങാതെ വയ്യ; കാലം ഇരുണ്ടതാണ്. പക്ഷെ, വെളിച്ചം അവസാനിച്ചിട്ടില്ല.

ഫാസിസം ആള്‍ക്കൂട്ട ജനപ്രിയതയുടെ ആഹ്ലാദാരവങ്ങളിലൂടെയാണ് മുന്നേറുകയും അതിന്റെ വേട്ടയാടലുകള്‍ മൂര്‍ഛിപ്പിക്കുകയും ചെയ്യുക എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് ഇന്ത്യ എന്ന, നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ തലസ്ഥാനത്തു നിന്ന് ചോരയുടെ ഗന്ധത്തിന്റെ അകമ്പടിയോടെ പ്രസരിച്ചുകൊണ്ടിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലോകവീക്ഷണവും രാഷ്ട്ര നിര്‍മാണ സങ്കല്‍പവും ധിഷണാപരവും ബൗദ്ധികവുമായ ഔന്നത്യവും ഉയര്‍ത്തിപ്പിടിക്കുകയും പുതിയ കാലങ്ങള്‍ക്കനുസരിച്ച് വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ദിശാബോധം എന്ന് ഇന്ത്യന്‍ സാമൂഹികതയുടെയും വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തെക്കുറിച്ച് സാമാന്യബോധമുള്ളവര്‍ക്ക് പോലും അറിയാം.

1936ല്‍ സ്വിറ്റ്‌സര്‍ലാണ്ടിലെ ലോസേനിലെ ആശുപത്രിയില്‍ ക്ഷയം ബാധിച്ച് നെഹ്‌റുവിന്റെ ഭാര്യ കമല മരണപ്പെട്ടപ്പോള്‍; അന്ന് ഇറ്റലിയില്‍ അധികാരത്തിലുണ്ടായിരുന്ന ഫാസിസ്റ്റ് പാര്‍ടിയുടെ പ്രീമിയര്‍, ബെനിറ്റോ മുസോളിനി അനുശോചനം അറിയിക്കുന്നതിനു വേണ്ടി ഒരു ഔദ്യോഗിക ദൂതനെ നെഹ്‌റുവിന്റെ അടുത്തേക്ക് അയച്ചു. സാധാരണ രീതിയില്‍ സ്വന്തം ഭാര്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതിനു വേണ്ടി എത്തുന്ന ആള്‍ എത്ര ശത്രു പക്ഷത്തുള്ളയാളാണെങ്കിലും അയാള്‍ക്ക് കൈ കൊടുത്ത് ആദരാഞ്ജലി ഏറ്റുവാങ്ങുക എന്നതാണ് സാമാന്യ മര്യാദ. നെഹ്‌റു പക്ഷെ ആ മര്യാദ പുലര്‍ത്താന്‍ കൂട്ടാക്കിയില്ല. ഫാസിസത്തിന്റെ പ്രതിനിധിയോട് സാധാരണ രീതിയില്‍ പെരുമാറുന്നത് തന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് യോജിച്ചതല്ല, എന്നതിനാലാണ് നെഹ്‌റു വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു വിമുഖത പ്രകടിപ്പിച്ചത് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

വിഭജനത്തിന്റെ ചോരച്ചാലുകളിലൂടെയാണെങ്കിലും സ്വാതന്ത്ര്യത്തിലേക്ക് പിറന്ന പുതിയ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി, അത്രയ്ക്ക് രാഷ്ട്രീയ കൃത്യത ഉണ്ടായിരുന്ന നെഹ്‌റു ആയിരുന്നു എന്നത് ഓരോ ഇന്ത്യക്കാരനും എല്ലാക്കാലത്തേക്കും അഭിമാനിക്കാവുന്ന യാഥാര്‍ത്ഥ്യമാകുന്നത് ഇത്തരം നിരവധി ഘടകങ്ങള്‍ കൊണ്ടാണ്. ഗാന്ധിയെ നിഷ്ഠൂരമായി വധിച്ചതിന്റെയും ബാബറി മസ്ജിദ് തല്ലിത്തകര്‍ത്തതിന്റെയും ഗുജറാത്ത് വംശഹത്യയുടെയും ആനന്ദങ്ങളില്‍നിന്ന് ഹരം കൊണ്ട് തിമിര്‍ക്കുന്ന ഫാസിസ്റ്റുകളുടെ പുതിയ ലക്ഷ്യമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലോക/രാഷ്ട്ര വീക്ഷണങ്ങളെ സമ്പൂര്‍ണമായി ഇല്ലായ്മ ചെയ്യുക എന്നതും. നെഹ്‌റുവിന്റെ ഭൂതങ്ങളോടുള്ള യുദ്ധങ്ങളാണ്, ജെഎന്‍യുവിനെ ഉന്നം വെക്കുന്നതിലൂടെ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്‌ക്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും ദേശീയതയുടെയും വാചാടോപങ്ങള്‍ കൊണ്ടാണ് അവര്‍ മാനവികതക്കെതിരായ ആക്രമണങ്ങള്‍ കൂര്‍പ്പിക്കുന്നത്. സംവാദങ്ങള്‍ തുടരുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്.

പണക്കൊഴുപ്പു കൊണ്ടും കായികാക്രമണങ്ങള്‍ കൊണ്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടെ നിന്ന് ഉരുത്തിരിഞ്ഞു വരേണ്ട പുതിയ ഭാവനകളെയും സങ്കല്‍പനങ്ങളെയും രാഷ്ട്ര നിര്‍മാണ പ്രക്രിയയേയും തല്‍ക്കാലത്തേക്ക് സ്തംഭിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും. ഇന്ത്യ എന്ന സമരോത്സുക ആശയത്തെ ചരിത്രബോധത്തിന്റെ തെളിച്ചത്തില്‍ പുനസ്ഥാപിച്ചെടുക്കാന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍ക്ക് മുന്നിട്ടിറങ്ങാതെ വയ്യ. നൂറ്റിയിരുപത്തഞ്ച് കോടി ഇന്ത്യക്കാരെ മാനസിക അടിമത്തത്തില്‍ നിന്ന് വിമോചിപ്പിക്കാനുള്ള കഠിനമായ പരിശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടു മാത്രമേ അത് നിര്‍വഹിക്കാനുമാവുകയുള്ളൂ. കാലം ഇരുണ്ടതാണ്. പക്ഷെ, വെളിച്ചം അവസാനിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News