എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു പോലും നല്‍കാന്‍ തയാറാകാതിരുന്ന റെയില്‍വേയാണ് ഉപഭോക്തൃ കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാത്തത്. 2012-ലാണ് തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ കോട്ടയം വാഴൂര്‍ സ്വദേശി സി ജെ ബുഷിന് എലിയുടെ കടിയേറ്റത്.

മുംബൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു ബുഷ്. പുലര്‍ച്ചെ ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് എലിയുടെ കടിയേറ്റത്. മുറിവില്‍നിന്നു രക്തം ഒലിച്ചതോടെ വിവരം കോച്ചിലുണ്ടായിരുന്ന ടിടിഇയെ അറിയിച്ചു. സഹയാത്രികരാണ് മുറിവു വൃത്തിയാക്കി ബാന്‍ഡേജ് ഒട്ടിച്ചുകൊടുത്തത്. മെഡിക്കല്‍ അസിസ്റ്റന്റിന്റെ സഹായം നല്‍കിയെങ്കിലും ടെറ്റനസ് കുത്തിവയ്‌പെടുക്കാന്‍ ട്രെയിനില്‍ സൗകര്യം ഉണ്ടായിരുന്നില്ല. വൈകിട്ട് അഞ്ചരയ്ക്കു ട്രെയിന്‍ എറണാകുളത്തെത്തുമ്പോള്‍ ആശുപത്രിയില്‍ പോയി എടുത്തോളാനായിരുന്നു മറുപടി. എവിടെയും സ്റ്റോപ്പില്ലാത്ത ട്രെയിനായതിനാല്‍ ബുഷിന് ഇടയ്ക്ക് ഇറങ്ങി കുത്തിവയ്‌പെടുക്കാനും ആയില്ല.

എറണാകുളത്തെത്തി സ്റ്റേഷന്‍മാസ്റ്ററോട് റെയില്‍വേ ആശുപത്രിയില്‍ കുത്തിവയ്‌പെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞപ്പോള്‍ രാത്രിയില്‍ ഡോക്ടര്‍മാരുണ്ടാകില്ലെന്നായിരുന്നു മറുപടി. കോട്ടയത്തുപോയി കുത്തിവയ്‌പെടുക്കാനായിരുന്നു നിര്‍ദേശം.വിഷബാധയ്ക്കുള്ള കുത്തിവയ്പുപോലും നല്‍കിയില്ല. തുടര്‍ന്ന് അടുത്ത പാസഞ്ചറിന് കോട്ടയത്തെത്തിയപ്പോള്‍ അവിടെയും ഡോക്ടര്‍മാരുണ്ടായിരുന്നില്ല. രാവിലെ എട്ടുമണിക്കു വരാനായിരുന്നു മറുപടി. തുടര്‍ന്നു രാത്രിതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പിറ്റേന്ന് റെയില്‍വേ ആശുപത്രിയിലെത്തിയപ്പോള്‍ ട്രെയിനില്‍വച്ച് എലി കടിച്ചു എന്നു തെളിയിക്കുന്ന രേഖ ഹാജരാക്കാനായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥരുടെ മറുപടി. ഒരു മാസത്തോളം സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടര്‍ന്നു. ഇവിടത്തെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും സഹിതമാണ് ബുഷ് കോട്ടയം ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കിയത്. ട്രെയിനില്‍ എലിയില്ലെന്ന റെയില്‍വേയുടെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ബോസ് അഗസ്റ്റിന്‍ അധ്യക്ഷനും കെ എന്‍ രാധാകൃഷ്ണന്‍, രേണു പി ഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ ഫോറമാണ് പരാതിയില്‍ തീര്‍പ്പു കല്‍പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News