സന്യാസിയാകാന്‍ ഇറങ്ങിത്തിരിച്ച ഐഐടി വിദ്യാര്‍ഥിനിയെ കള്ളസ്വാമിയുടെ ആശ്രമത്തില്‍ കണ്ടെത്തി; ഉത്തരാഖണ്ഡിലെ ആശ്രമത്തില്‍ നിരവധി കൗമാരക്കാരികളും കുട്ടികളും

ചെന്നൈ: സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കോളജ് വിട്ടിറങ്ങിയ ഇരുപത്താറുകാരിയായ ഐഐടി വിദ്യാര്‍ഥിനിയെ ഉത്തരാഖണ്ഡിലെ കള്ളസ്വാമിയുടെ ആശ്രമത്തില്‍ കണ്ടെത്തി. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന പ്രത്യുഷയെയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ഇവിടെ അന്വേഷിച്ചെത്തി പ്രത്യുഷയെ കണ്ടെത്തി വീട്ടിലേക്കു കൊണ്ടുവന്നത്. കോയന്പത്തൂര്‍ സ്വദേശിനിയാണ് പ്രത്യുഷ.

ചെന്നൈയിലെ കോട്ടൂര്‍പുരം പൊലീസാണ് കേസെടുത്ത് അന്വേഷിച്ചിരുന്നത്. മകളെ കണ്ടെത്തിയതായും സുരക്ഷിതയായി വീട്ടിലെത്തിച്ചും കാട്ടി പിതാവ് പുരുഷോത്തമാണ് പൊലീസിനെ വിവരം അറിയിച്ചത്. കേസ് അന്വേഷണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ആശ്രമത്തില്‍ കൗമാരപ്രായം മുതലുള്ള നിരവധി സ്ത്രീകളെ ആശ്രമത്തില്‍ കാണാന്‍ കഴിഞ്ഞതായും പുരുഷോത്തം പൊലീസിനെ അറിയിച്ചു. സ്വമേധയാ എത്തിയതാണ് സ്ത്രീകള്‍ എന്നതിനാലും പരാതികളില്ലാത്തതിനാലും ഉത്തരാഖണ്ഡ് പൊലീസ് ഇതുവരെ ശിവ ഗുപ്തയ്‌ക്കെതിരേ അന്വേഷണം നടത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ആത്മീയമാര്‍ഗം സ്വീകരിക്കുകയാണെന്നു പറഞ്ഞ് പ്രത്യുഷ മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍നിന്നുപോയത്. 23-ന് കോയമ്പത്തൂര്‍ സ്വദേശിയായ ഭാസ്‌കര്‍ എന്നയാളോടൊപ്പം മുംബൈയിലേക്ക് ട്രെയിന്‍ കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ ഇംഗ്ലീഷിലും തെലുങ്കിലും എഴുതിയ കത്തുകളിലാണ് താന്‍ സന്യാസിയാകാന്‍ പോവുകയാണെന്നു പ്രത്യുഷ പറഞ്ഞത്.

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രത്യുഷ ഉത്തരാഖണ്ഡിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു പിതാവ് വീടുവീടാന്തരം കയറിയിറങ്ങി അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് ഗുപ്തയുടെ ആശ്രമത്തിലെത്തിയത്. തന്റെ മകളെ ഗുപ്ത ബ്രെയിന്‍വാഷ് ചെയ്തിരുന്നെന്നും ആദ്യം തന്നോടൊപ്പം വീട്ടിലേക്കു മടങ്ങാന്‍ തയാറായിരുന്നില്ലെന്നും പുരുഷോത്തം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News