ആര്‍എസ്എസുകാരാ ധൈര്യമുണ്ടെങ്കില്‍ സംവാദത്തിനു തയാറാകൂ; ഞങ്ങള്‍ പോരാടുന്നത് ദരിദ്ര ഇന്ത്യക്കാര്‍ക്കുവേണ്ടി; സര്‍ക്കാരിനെ വിറപ്പിച്ച ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പരിഭാഷ

ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാര്‍, രക്തസാക്ഷി ഭഗത് സിങ്ങിന്റെ പേരിലുള്ള വിമാനത്താവളത്തിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നല്‍കി. ഞങ്ങള്‍ പറയുന്നതിന്റെ അര്‍ഥം ഇതാണ്, ഞങ്ങള്‍ക്കു ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍എസ്എസില്‍നിന്നു വേണ്ട. ഞങ്ങള്‍ ഈ രാജ്യത്തിന്റെ മക്കളാണ്. ഞങ്ങള്‍ ഈ മണ്ണിനെ സ്‌നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രര്‍, അവരാണു ഞങ്ങള്‍. 80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാര്‍ക്കുവേണ്ടിയാണു ഞങ്ങള്‍ പോരാടുന്നത്. ഇതാണു ഞങ്ങള്‍ക്കു ദേശഭക്തി.

നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടെ ഞങ്ങള്‍ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്കുനേരെ വിരല്‍ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകള്‍ ആയാലും മറ്റാരുടേതായാലും അതിനോടു പൊറുക്കാന്‍ ഞങ്ങള്‍ തയാറല്ല. കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കാന്‍ വന്നാല്‍ ആ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്കു വിശ്വാസവുമില്ല.

മനുവാദത്തിലും ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിലും ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. ആ ഭരണഘടന; ബാബാ സാഹെബ് ഭീം റാവു അംബേദ്കര്‍ നീതിന്യായവ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ; സംസാര സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എബിവിപി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടി മുഴുവന്‍ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവന്‍ വിഷയങ്ങളിലും വെള്ളം ചേര്‍ക്കുകയാണ്. ഇന്നലെ എബിവിപിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മള്‍ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നതെന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ മന്ത്രി മാഡം മനുസ്മൃതി ഇറാനി ഫെലോഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇവരുടെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റില്‍ 17 ശതമാനം കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ നാലു വര്‍ഷമായി നമ്മുടെ ഹോസ്റ്റല്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ക്യാമ്പസില്‍ വൈഫൈ സൗകര്യങ്ങള്‍ ഇല്ല.

വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഒരു ബസിന് ഇന്ധനം നിറയ്ക്കാനുള്ള പണംപോലും ഭരണകൂടത്തിന്റെ കൈവശമില്ല. എബിവിപിക്കാര്‍ റോളറിനു മുന്നില്‍ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങള്‍ ഹോസ്റ്റല്‍ നിര്‍മിക്കുകയാണ്, ഞങ്ങള്‍ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങള്‍ ഫെലോഷിപ്പ് വര്‍ധിപ്പിക്കുകയാണ് എന്നൊക്കെ.

രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും അവകാശങ്ങളുമെല്ലാം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ലെങ്കില്‍ രാജ്യനിര്‍മാണം അസാധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത് സിങ്ങും ബാബാ സാഹെബ് അംബേദ്കറും കണ്ട ആ സ്വപ്‌നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്‌നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കുക എന്ന സ്വപ്‌നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്‌നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു.

സഖാക്കളേ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെപ്പറ്റി ചര്‍ച്ച നടന്നാല്‍ ഇവരുടെ മുഖംമൂടികള്‍ പൊളിക്കപ്പെടും. വിദ്യാര്‍ഥികളേ, സഖാക്കളേ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ നമുക്കു ധൈര്യമുണ്ട്. അതേപ്പറ്റി സംവാദങ്ങളും ചര്‍ച്ചയും നടത്താന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്നെയാണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെഎന്‍യുവില്‍ തീവ്രവാദികളാണു താമസിക്കുന്നതെന്നാണ്. ജെഎന്‍യു ആക്രമണം അഴിച്ചുവിടുന്നെന്നാണ്. ഞാന്‍ ജെഎന്‍യുവില്‍നിന്ന് ആര്‍എസ്എസിന്റെ ചിന്തകരെ വെല്ലുവിളിക്കുകയാണ്, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളോടു സംവാദത്തിനു തയാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചര്‍ച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങള്‍ ഒരു ചോദ്യമുയര്‍ത്തുകയാണ്, രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ എന്ന എബിവിപിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്ത് ആരുടെ രക്തം ഒഴുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ?

നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേര്‍ന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവര്‍ക്കുനേരേ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രന്‍ അവന്റെ റൊട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യന്‍ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, നിങ്ങള്‍ അവര്‍ക്കുനേരെ വെടിയുണ്ട ഉതിര്‍ക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ലിംകള്‍ക്കു നേരെ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നു അഞ്ചു വിരലുകളും ഒരുപോലെ അല്ല എന്ന്.

സ്ത്രീകള്‍ സീതയെപ്പോലെ ജീവിക്കണം, സീതയെപ്പോലെ അഗ്‌നിപരീക്ഷ നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യം എല്ലാവര്‍ക്കും തുല്യതയാണ് ഉറപ്പുനല്‍കുന്നത്. അത് വിദ്യാര്‍ഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കര്‍ഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവര്‍ക്ക് എല്ലാവര്‍ക്കും അര്‍ഹമായ സമത്വമാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന ആ തുല്യതയില്‍ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മള്‍ പറയുമ്പോള്‍ നിങ്ങള്‍ പറയുന്നത് ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ്.

ചൂഷണത്തിന്റെ സംസ്‌കാരത്തെ, ജാതിവാദത്തിന്റെ സംസ്‌കാരത്തെ, മനുവാദത്തിന്റെ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവര്‍ക്കു പ്രശ്‌നം ഉണ്ടാകുന്നത് ? ഈ രാജ്യത്തെ ജനം ജനാധിപത്യത്തെപ്പറ്റി സംസാരിക്കുമ്പോഴാണ് ഇവര്‍ക്കു പ്രശ്‌നമുണ്ടാകുന്നത്. ജനം ലാല്‍സലാമിനൊപ്പം നീലസലാം ഉയര്‍ത്തുമ്പോള്‍, മാര്‍ക്‌സിന്റെ പേരിനൊപ്പം ബാബാ സാഹെബ് ഭീം റാവു അംബേദ്കറുടെ പേരും ഉയര്‍ത്തുമ്പോള്‍….. (കൈയടി) അപ്പോഴാണ് ഇവര്‍ക്ക് ഉദരവേദന ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവര്‍. എന്റെ പേരില്‍ മാനനഷ്ടക്കേസ് ചാര്‍ജ് ചെയ്യൂ. ഞാന്‍ പറയുന്നു ആര്‍എസ്എസിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്. രാജ്യദ്രോഹികള്‍ ഇന്ന് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

(മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടുന്നു) സഖാക്കളെ, എന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും നേരെ ഇവര്‍ വിളിക്കുന്ന അസഭ്യവര്‍ഷങ്ങളാല്‍ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങള്‍ പറയുന്ന ഭാരതമാതാവില്‍ എന്റെ അമ്മയ്ക്കു സ്ഥാനമില്ലെങ്കില്‍ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകള്‍ ദരിദ്രരും കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മയ്ക്ക് എതിരേയാണ് ഇവര്‍ അസഭ്യവര്‍ഷം നടത്തുന്നത്. (കൈയടി)

ഈ ദേശത്തെയോര്‍ത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കര്‍ഷക, തൊഴിലാളികളുടെ അമ്മമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തില്‍ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാര്‍ക്കും ജയ്. കര്‍ഷകനും കര്‍ഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കില്‍ വിളിക്കൂ, ഇന്‍ക്വിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്‌ദേവ് സിന്ദാബാദ്, ബാബാസാഹെബ് സിന്ദാബാദ്. നിങ്ങള്‍ ബാബാ സാഹെബിന്റെ 125-ാം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ബാബാ സാഹെബ് അംബേദ്കര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്‌നമാണു ജാതിവാദം. അതേപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.
ഒരു രാജ്യം നിര്‍മിക്കപ്പെടുന്നതു ജനക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ജനത്തിനു പങ്കില്ല, ദരിദ്ര കര്‍ഷകത്തൊഴിലാളികള്‍ക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റില്‍ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം)

ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയില്‍ ബഹളവും കലാപവും വരികയാണെങ്കില്‍ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങള്‍ക്കുവേണ്ടി സ്‌ക്രിപ്റ്റ് എഴുതി സംഘ ഓഫീസില്‍നിന്നു വരും. ഇന്ദിരാ ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ആവശ്യമായ സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്. ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ജെഎന്‍യു നികുതിപ്പണം കൊണ്ടാണു പ്രവര്‍ത്തിക്കുന്നത് എന്നാണ്.

നഗരത്തിന്റെ പൈസ കൊണ്ടാണു ജെഎന്‍യു പ്രവര്‍ത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെഎന്‍യു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഞാന്‍ ചോദിക്കുകയാണ്, സര്‍വകലാശാല ആര്‍ക്കു വേണ്ടിയാണ്? സര്‍വകലാശാല എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമര്‍ശനാത്മക വിശകലനം നടത്താനുള്ളതാണ്. ഇക്കാര്യത്തില്‍ സര്‍വകലാശാല പരാജയപ്പെടുകയാണെങ്കില്‍ ഒരു രാജ്യനിര്‍മിതിയും നടപ്പാകില്ല. രാജ്യകാര്യങ്ങളില്‍ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനത്തിന്റെ സംസ്‌കാരവും വിശ്വാസങ്ങളും അവകാശങ്ങളും എല്ലാം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നിലെങ്കില്‍ രാജ്യനിര്‍മാണം അസാധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത് സിങ്ങും, ബാബാ സാഹെബ് അംബേദ്കറും കണ്ട ആ സ്വപ്‌നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു.

എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്‌നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കുക എന്ന സ്വപ്‌നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്‌നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. ഈ സ്വപ്‌നത്തോടൊപ്പം നിലകൊള്ളാന്‍ രോഹിത് തന്റെ ജീവന്‍ വിലയായി നല്‍കി. എന്നാല്‍ സംഘികളോടു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സര്‍ക്കാരിനുമേല്‍ ഇത്ര വിശ്വാസമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് എന്റെ താക്കീതാണ് രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെഎന്‍യുവില്‍ നടക്കാന്‍ ഞങ്ങളനുവദിക്കുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News