ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം ഞങ്ങളുടെ ചിന്താപഥത്തിനു പിന്നിലെ മഹത്തായ ഊര്‍ജപ്രവാഹം; തീക്ഷ്ണമായ ചര്‍ച്ചകള്‍ എന്നും ജെഎന്‍യുവിന്റെ സ്വഭാവം

ണ്ടു വ്യാഴവട്ടം മുമ്പു ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു)വില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ അനുഭവിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചു തിരിഞ്ഞുനോക്കേണ്ട ഒരു ഘട്ടമാണിത്. ജെഎന്‍യു എന്നത് അന്നുമുതല്‍ ഏതെങ്കിലും രൂപത്തില്‍ ഞങ്ങളുടെയൊക്കെ ചിന്താപഥത്തില്‍ മുളിക്കൊണ്ടിരിക്കുന്നുണ്ട്. മഹത്തായ ആ കാമ്പസ് നല്‍കിയ ഊര്‍ജപ്രവാഹത്തിന്റെ പരിണതഫലമാണ് ഈ ശബ്ദവീചി.

എന്താണ് ഇന്നു ജെഎന്‍യുവിനു സംഭവിക്കുന്നത്? സമൂഹമാധ്യമങ്ങളില്‍ ജെഎന്‍യുവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ പെരുമഴപോലെ വര്‍ഷിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി വേണു രാജമണിയുടെ ഒരു അഭിപ്രായപ്രകടനം ഞാന്‍ കാണുകയുണ്ടായി. ‘JNUite എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നാണു മലയാളിയായ വേണു കുറിച്ചിരിക്കുന്നത്. ഇന്ത്യയെന്ന വലിയൊരു രാജ്യത്തിന്റെ പേശിബലം ഒരു സര്‍വകലാശാലയ്ക്കുമേല്‍ പ്രയോഗിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ശക്തമായ ചെറുത്തുനില്‍പിലുള്ള സന്തോഷമായിരിക്കാം എന്റെ സുഹൃത്തുകൂടിയായ വേണുവിന്റെ പ്രതികരണത്തിനാധാരം. സര്‍ക്കാര്‍ സംവിധാനത്തില്‍ ഉയര്‍ന്ന തസ്തിക അലങ്കരിക്കുന്ന വേണുവിനോട് എന്തായാലും വിശദീകരണം ആരാഞ്ഞ് അദ്ദേഹത്തെ കുഴപ്പത്തിലാക്കാന്‍ ഞാന്‍ മുതിരുന്നില്ല.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ നടന്ന സംവാദമാണു ജെഎന്‍യുവിനെ ഇന്നു വിവാദബിന്ദുവാക്കിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ജയിലില്‍ അടച്ചിരിക്കുന്നു. ആ പരിപാടിയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ അറസ്റ്റും അടിച്ചമര്‍ത്തലും നേരിടുന്നു. വിദ്യാര്‍ഥികള്‍ എന്തു രാജ്യദ്രോഹമാണു ചെയ്തതെന്നാണ് അധ്യാപകരും വിദ്യാര്‍ഥി(സംഘപരിവാര്‍ പക്ഷക്കാരൊഴികെ)കളും ഒരുപോലെ ചോദിക്കുന്നത്. ഞാനൊക്കെ വിദ്യാര്‍ഥിയായിരുന്ന സമയത്ത് ഇതിനേക്കാള്‍ തീക്ഷ്ണമായ ചര്‍ച്ചകള്‍ കാമ്പസില്‍ നടന്നിട്ടുണ്ട്. നൂറുകണക്കിനു പ്രാദേശിക-ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ ഉറക്കമിളച്ചിരുന്നു വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുന്നതിന് ആരും മടികാണിച്ചിരുന്നില്ല. ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുന്നത് ഇത്തരത്തിലുള്ള തീക്ഷ്ണമായ സംവാദങ്ങളിലൂടെയാണ് ലോകത്തെ മാറ്റിമറിച്ച ഒട്ടുമിക്കവാറും ആശയങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ജെഎന്‍യു പോലുള്ള ധിഷണപരതയുള്ള കാമ്പസുകള്‍ക്കുള്ളിലാണ്. അതു കേവലം ഒരു സര്‍ക്കാരിന്റെയോ രാജ്യാതിര്‍ത്തിയുടെയോ മുന്‍ഗണനകള്‍ വച്ചു തീരുമാനിക്കപ്പെടുന്ന സംവാദങ്ങളല്ല.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതു ശരിയോ തെറ്റോ എന്നുള്ള ചര്‍ച്ച എത്രയോ കേന്ദ്രങ്ങളില്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. വധശിക്ഷ പ്രാകൃതമെന്നു പറയുന്നവരൊക്കെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എനിക്ക് ഈ വേളയില്‍ ഓര്‍മവരുന്നത് ഇന്ദിരാഗാന്ധിയുടെ ഘാതകരെന്നു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട സത്‌വന്ത് സിംഗ്, കേഹാര്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തി അന്നു കാമ്പസില്‍ നടന്ന സംവാദമാണ്. വിഘടനവാദപരമായ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായിട്ടാണ് ഇവരെ രാജ്യം കണ്ടിരുന്നത്. അന്ന് ഇവരെ തൂക്കിലേറ്റുന്നതിനെതിരേ പ്രത്യേകിച്ച്, കേഹാര്‍സിംഗ് നിരപരാധിയാണെന്നു സമര്‍ഥിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ വീറോടെ വാദിച്ചതാരാണെന്ന് ഇന്നു രാജ്യസ്‌നേഹം പ്രസംഗിക്കുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സംഘപരിവാര്‍ അനുചരരും ചിന്തിക്കുന്നത് ഉത്തമമാണ്. ദീര്‍ഘകാലം ബിജെപിയുടെ ഉന്നതസ്ഥാനം അലങ്കരിക്കുകയും എംപിയുമായിരുന്ന രാം ജത്മലാനിയാണ് ഈ ‘രാജ്യദ്രോഹി’കള്‍ക്കു വേണ്ടി വാദിച്ചത്. അദ്ദേഹത്തെ എന്തുകൊണ്ടു രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു തുറുങ്കിലടച്ചില്ല. പോട്ടെ, എന്തിന് അദ്ദേഹത്തെ സ്ഥാനമാനങ്ങള്‍ നല്‍കി ബിജെപി പിന്നീട് ആദരിച്ചു? കേഹാര്‍സിംഗിനു മേല്‍ പ്രധാനമായും ചുമത്തിയിരുന്നത് ഗുഢാലോചനക്കുറ്റമായിരുന്നു. അദ്ദേഹം നിരപരാധിയല്ലേയെന്ന ചര്‍ച്ച ബൗദ്ധികവൃത്തങ്ങളില്‍ ഉയരുകയും ചെയ്തിരുന്നു. ഇതൊക്കെ ജെഎന്‍യു കാമ്പസില്‍ രാത്രിയുടെ അന്ത്യയാമം വരെയുള്ള ചര്‍ച്ചയ്ക്കു വിഷയമായിരുന്നു.

തൂക്കിക്കൊല നടക്കുന്നതു സാധാരണ പുലര്‍വേളയിലാണല്ലോ? കേഹാര്‍ സിംഗിനെയും സത്‌വന്ത് സിംഗിനെയും തൂക്കിലേറ്റിയ ആ പുലര്‍വേളയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഒന്നാം പേജ് ഇന്നും എന്റെ മനസില്‍ പച്ചപിടിച്ചു കിടപ്പുണ്ട്. ‘എന്തോ ദുഃസ്വപ്‌നം കണ്ടു ഞെട്ടി എഴുന്നേല്‍ക്കുന്ന പൗരന്റെ മുന്നില്‍ നീതിദേവത തൂക്കിലേറ്റപ്പെട്ടു നില്‍ക്കുന്നു’ – ഇതായിരുന്നു എക്‌സ്പ്രസ് അതീവപ്രാധാന്യത്തോടെ നല്‍കിയ കാര്‍ട്ടൂണ്‍. പതിമൂന്നു വയസുമുതല്‍ ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ അരയില്‍ കയറ്റിയ രാജ്‌നാഥ് സിംഗ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ ആ പത്രം അന്നു പൂട്ടിച്ചേനെ. പത്രാധിപരെ തിഹാര്‍ ജയിലില്‍ അടയ്ക്കുമായിരുന്നോ? ആ കാര്‍ട്ടൂണിന്റെ നൂറു കണക്കിനു പകര്‍പ്പുകള്‍ ജെഎന്‍യു കാമ്പസിന്റെ പലയിടങ്ങളിലും പതിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ എത്രയോ പേര്‍ തുറുങ്കില്‍ അടയ്ക്കപ്പെടണമായിരുന്നു?

കാമ്പസുകളെ ശത്രുരാജ്യങ്ങളായി കാണുന്നതിലാണ് അപകടം പതിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രത്യേകതകള്‍ എന്താണെന്നു മനസിലാക്കാതെ ഒരു നാസി പട്ടാളക്യാമ്പിന്റെ അലകും പിടിയും തീര്‍ക്കുകയാണു കേന്ദ്രസര്‍ക്കാര്‍. ദേശസ്‌നേഹമെന്നു പറയുന്നതുതന്നെ അപകടം പിടിച്ച കാര്യമാണെന്നും അതു വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ഉതകുന്ന സങ്കുചിത വാദവുമാണെന്നു പറഞ്ഞതു മറ്റാരുമല്ല, സാക്ഷാല്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയാണ്. അമേരിക്കയുടെ യുദ്ധങ്ങള്‍ക്കെതിരെയും മറ്റും എത്രയോ റാലികളും പ്രക്ഷോഭങ്ങളും ആ രാജ്യത്തു നടന്നിട്ടുണ്ട്. 1933-ല്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ബാനറിനെതിരെ പല്ലിറുമ്മാന്‍ മാത്രമേ ഭരണാധികാരികള്‍ക്കു കഴിഞ്ഞുള്ളൂ.- ‘ഈ കുടുംബം രാജാവിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ തയാറല്ല’. കാമ്പസുകള്‍ അങ്ങനെയാണ്. വൈവിധ്യമാര്‍ന്ന ചിന്താപഥങ്ങളാണു കാമ്പസുകളുടെ സര്‍ഗാത്മകത. ജെഎന്‍യു എന്നും അങ്ങനെയായിരുന്നു. കാമ്പസിനുള്ളിലെ ധാബ(തട്ടുകട)കളില്‍ സന്ധ്യമയങ്ങുമ്പോള്‍ ചേക്കേറുന്ന വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം നാസി രഹസ്യപ്പോലീസായ ജെസ്തപ്പോ(Gestapo)യുടെ ഏജന്റുമാരെപ്പോല എബിവിപിക്കാര്‍ ഒളിഞ്ഞിരുന്നുകേട്ടു കാക്കിധാരികളെ ക്ഷണിക്കുന്നതിന്റെ മൗഢ്യം ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യന്‍ ജനത തിരിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News