ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സ്ത്രീ സൗഹൃദം സംബന്ധിച്ച ബിബിസി വാര്‍ത്ത തള്ളി വത്തിക്കാന്‍; ബ്രഹ്മചര്യ വൃതത്തിനെതിരായി പോപ് ഒന്നും ചെയ്തിട്ടില്ലെന്ന് വിശദീകരണം

വത്തിക്കാന്‍: തത്വചിന്തകയും എഴുത്തുകാരിയുമായ അന്ന തെരേസ ടിമിനികയുമായുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സൗഹൃദം സംബന്ധിച്ച ബിബിസി വാര്‍ത്ത തള്ളി വത്തിക്കാന്‍. ബിബിസി പുറത്തുവിട്ട വാര്‍ത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ബിബിസി വാര്‍ത്ത യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുന്നതാണ് എന്നും വത്തിക്കാന്‍ നിലപാടില്‍ പറയുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്‍മനാടായ പോളണ്ടില്‍ തന്നെ ജനിച്ചുവളര്‍ന്ന അന്ന തെരേസ ടിമിനിക്ക എന്ന സ്ത്രീയുമായുള്ള മാര്‍പാപ്പയുടെ സുഹൃത് ബന്ധമാണ് ഡോക്യുമെന്ററിക്ക് ആധാരം. തത്വചിന്തകയും അദ്ധ്യാപികയുമായിരുന്ന അന്ന തെരേസ ജോണ്‍ പോള്‍ പാപ്പക്ക് അയച്ചിരുന്ന കത്തുകളും അതിന് അദ്ദേഹം നല്‍കിയ മറുപടികളും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. 32 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഇരുവരും തമ്മിലെന്നും അദ്ദേഹം ആര്‍ച്ച് ബിഷപ് ആയിരിക്കെത്തന്നെ തുടങ്ങിയതായിരുന്നു ഈ സൗഹൃദമെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോട് അടുത്ത വൃത്തങ്ങള്‍ തന്നെ പറയുന്നുണ്ട് എന്നും വത്തിക്കാന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

അന്ന തെരേസ തന്റെ സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്ന കത്തുകള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണശേഷമാണ് പോളണ്ടിലെ നാഷണല്‍ ലൈബ്രറിക്ക് കൈമാറിയത്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. കത്തുകളിലെ ഉള്ളടക്കവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും അന്നാ തെരേസയുമായുള്ള ബന്ധത്തില്‍ അസാധാരണമായും രഹസ്യാത്മകമായും ഒന്നുമില്ലെന്നും ലൈബ്രറി അധികൃതര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പുരുഷന്‍മാരും സ്ത്രീകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അതു കേട്ട് ആരും ഞെട്ടേണ്ട കാര്യമില്ല’. ബ്രഹ്മചര്യ വ്രതത്തിനെതിരായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ബിബിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിബിസി പുറത്തുവിട്ട വാര്‍ത്ത യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കുകയാണ്. വത്തിക്കാന്‍ മാധ്യമ വിഭാഗം വൈസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സമയത്ത് ജീവിച്ചിരുന്നവര്‍ക്ക് അദ്ദേഹത്തെ നന്നായറിയാം. അതു കൊണ്ടു തന്നെ ഇത്തരം അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഏറെ സുതാര്യമായതും തുറവിയുള്ളതും വിശുദ്ധിയുള്ളതുമായ വ്യക്തിത്വമാിരുന്നു അദ്ദേഹത്തിന്റേത്. എല്ലാ സാഹചര്യങ്ങളിലുമുള്ള, എല്ലാത്തരത്തിലുമുള്ള ആളുകളെയും അദ്ദേഹം ബഹുമാനിച്ചിരുന്നുവെന്നും ദീര്‍ഘകാലം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലോ സിവിസ് പറഞ്ഞു.

നീണ്ട 10 വര്‍ഷക്കാലം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സഹയാത്രികനായിരുന്ന പോളിഷ് വൈദികന്‍ മോണ്‍സിഞ്ഞോര്‍ പവേല്‍ താസ്‌നിക്ക് അന്ന തെരേസയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അംഗീകരിക്കുന്നു. ‘അത് വളരെ അടുത്ത സുഹൃത്ബന്ധമായിരുന്നു. അന്ന തെരേസ മാര്‍പാപ്പക്ക് സ്ഥിരമായി കത്തുകളെഴുതിയിരുന്നു. അദ്ദേഹം വളരെ മര്യാദയുള്ള മനുഷ്യനായതുകൊണ്ട് അവയ്‌ക്കൊക്കെ മറുപടിയും അയച്ചിരുന്നുവെന്നും പോപ് ജോണ്‍പോളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മോണ്‍സിഞ്ഞോര്‍ പവേല്‍ താസ്‌നിക്ക് വ്യക്തമാക്കി.

ഏറെ ജനപ്രിയനും ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന വ്യക്തികളിലൊരാളുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ. ഏറ്റവും കുറഞ്ഞ കാലയളവു കൊണ്ട് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍പാപ്പയാണ് പോപ് ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹത്തിന്റെ വിശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന ബിബിസി പുറത്തുവിട്ട വാര്‍ത്ത പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും വത്തിക്കാന്‍ മാധ്യമ വിഭാഗം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News