പട്യാല ഹൗസ് കോടതി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്; കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: പട്യാലഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കാമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി ഗുണ്ടകളും അഭിഭാഷകരും മര്‍ദിക്കുകയായിരുന്നു. കൈരളി ടിവി റിപ്പോര്‍ട്ടര്‍ മനു ശങ്കരനടകം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തീരുമാനിച്ചത്. മുതിര്‍ന്ന് അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങ് വഴി ജെ.എന്‍.യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം കോടതിയില്‍ പോലും ഇല്ലാതാക്കിയെന്ന് ഇന്ദിരാ ജയ്‌സിങ്ങ് കുറ്റപ്പെടുത്തി.

അതേസമയം, ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ അധ്യാപകരും സമരത്തില്‍ പങ്ക് ചേര്‍ന്ന സാഹചര്യത്തില്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്നു. കനയ്യ കുമാറിന്റെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് തീരും. പട്യാല കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News