നരേന്ദ്രമോദിയുടെ ജന്‍മനാട്ടില്‍ അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല; ലംഘിച്ചാല്‍ 2,100 രൂപ പിഴ; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

അഹമ്മദാബാദ്: എല്ലാവരെയും ഡിജിറ്റലാക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയാന്‍. അങ്ങയുടെ സ്വന്തം ഗുജറാത്തില്‍ നിന്നൊരു വാര്‍ത്തയുണ്ട്. നരേന്ദ്രമോദിയുടെ ജന്‍മദേശമായ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ സുരാജ് ഗ്രാമത്തിലാണ് അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. നിര്‍ദേശം ലംഘിക്കുന്ന സ്ത്രീകളില്‍ നിന്ന് 2,100 രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചു. അവിവാഹിതരായ സ്ത്രീകളുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 250 രൂപ പാരിതോഷികം നല്‍കാനും ഗ്രാമത്തലവന്‍ തീരുമാനിച്ചു.

എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എന്നാണ് സുരാജ് ഗ്രാമത്തിന്റെ തലവനായ ദേവ്ശി വങ്കാര്‍ ചോദിക്കുന്നത്. ഒരു മധ്യവര്‍ത്തി കുടുംബത്തിന്റെ സമയവും പണവും വെറുതെ നഷ്ടപ്പെടുത്തുകയാണ് ഇന്റര്‍നെറ്റ് എന്നും ദേവ്ശി വങ്കാര്‍ പറഞ്ഞു. അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് സുരാജ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. നിയമത്തില്‍ ഒരു ചെറിയ ഇളവ് വരുത്തിയിട്ടുള്ളത് ഏതെങ്കിലും ബന്ധുവിന് പെണ്‍കുട്ടിയുമായി സംസാരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ ഫോണ്‍ നല്‍കാം എന്നതു മാത്രമാണ്. നിര്‍ദേശം ഗ്രാമത്തിലെ എല്ലാവരും സ്വാഗതം ചെയ്തതായി ഗ്രാമത്തലവന്‍ പറയുന്നു.

ഫെബ്രുവരി 12നാണ് ഗ്രാമത്തില്‍ വിലക്ക് കൊണ്ടുവന്നത്. വൈകാതെ ഉത്തര ഗുജറാത്തിലെ മറ്റു ഭാഗങ്ങളിലേക്കും ഈ നിര്‍ദേശം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. രാഷ്ട്രീയ സ്വാധീനമുള്ള ഥാക്കൂര്‍ സമുദായവും നിര്‍ദേശത്തെ സ്വാഗതം ചെയ്തതായി അറിയുന്നു. റാബറി, വങ്കാര്‍ തുടങ്ങി മറ്റു പിന്നാക്ക സമുദായങ്ങളും നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പുരുഷന്‍മാര്‍ മദ്യത്തിന് അടിമയാകുന്നതു പോലെ തന്നെ സമൂഹത്തിന് ശല്യമാകുന്നതായി സമുദായത്തലവന്‍മാര്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News