അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം അന്വേഷണത്തിലില്ല; കുറ്റപത്രം നല്‍കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച; ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ജാമ്യം

കൊച്ചി: സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്ത ഓണ്‍ലെന്‍ പെണ്‍വാണിഭ കേസില്‍ അന്വേഷണ സംഘത്തിന് വലിയ വീഴ്ച. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കിയില്ല. സമയത്ത് കോടതിയില്‍ കുറ്റപത്രവും നല്‍കിയില്ല. ഇതുകാരണം പ്രധാന പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാത്തതാണ് ഇരുവര്‍ക്കും നിയമാനുസൃത ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയത്.

കഴിഞ്ഞ നവംബറിലാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍ ആയത്. ഒപ്പം 4 പ്രതികളും അറസ്റ്റിലായി. ഓണ്‍ലൈന്‍ പെണ്‍വാണിഭം വഴി സ്വന്തം ഭാര്യ രശ്മി ആര്‍ നായരെ ഉള്‍പ്പടെ പണത്തിനായി കാഴ്ചവച്ചു എന്നാണ് കേസ്. പെണ്‍വാണിഭത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ വഴിയായിരുന്നു പെണ്‍വാണിഭം. നവംബര്‍ 18ന് നെടുമ്പാശേരിയില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

കടുത്ത നിബന്ധനകളോടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് 75,000 രൂപയുടെ ജാമ്യം വീതം ഇരുവരും നല്‍കണം. എല്ലാ ശനിയാഴ്ചയും തിങ്കളാഴ്ചയും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. സംസ്ഥാനം വിട്ട് പോകാന്‍ അനുമതിയില്ല. ഒപ്പം ആക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് വ്യാജമാണ് എന്ന് കാട്ടി ഇരുവരും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനാല്‍ ജാമ്യം നല്‍കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

ഇന്ത്യന്‍ ശിക്ഷാനിയമം 366 എ, 370 എ (1), 120 ബി, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ തുടങ്ങിയ അനുസരിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് കാഴ്ചവയ്ക്കല്‍, നിര്‍ബന്ധിക്കല്‍, ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ളവയാണ് പ്രതികള്‍ക്കെതിരായ കുറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News