നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉത്തരവ്; കുറ്റവിമുക്തരാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഴീക്കോട് മുനമ്പം ജങ്കാര്‍ അഴിമതി കേസിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെവി ദാസനും സിസി ശ്രീകുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇരുവരെയും കുറ്റവിമുക്തരാക്കിയുള്ള വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്.

അഴീക്കോട് മുനമ്പം ജങ്കാര്‍ സര്‍വീസിന്റെ അറ്റകുറ്റപ്പണിയുടെ പേരില്‍ വന്‍ അഴിമതി നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കോടതി മുന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ദാസനും സി സി ശ്രീകുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരുകോടി മാത്രം വിലമതിക്കുന്ന ജങ്കാര്‍ അറ്റകുറ്റപ്പണി നടത്താന്‍ ഒന്നര കോടിയോളം രൂപ ചെലവഴിച്ച സംഭവത്തിലാണ് അന്വേഷണം. ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണം നടത്താന്‍ മുമ്പ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി അഴിമതി അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ഇക്കാലയളവില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗമായിരുന്ന അഡ്വക്കേറ്റ് വിദ്യാ സംഗീത് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

കരാറുകാര്‍ക്ക് അയ്യായിരം രൂപയിലധികം അറ്റകുറ്റപ്പണികള്‍ക്ക് നല്‍കില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഒന്നര കോടിയുടെ അഴിമതി നടന്നത്. ഏപ്രില്‍ 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.വി ദാസനെ നാട്ടിക മണ്ഡലത്തിലും, സിസി ശ്രീകുമാറിനെ ചേലക്കരയിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുകയാണ്. ഇതിനിടെ ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് യുഡിഎഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here