കനയ്യക്കു ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കനയ്യക്കെതിരായി പുറത്തുവന്ന ദേശവിരുദ്ധതാ വീഡിയോ എഡിറ്റ് ചെയ്തത്

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിചാരണക്കോടതിയെയും ഹൈക്കോടതിയെയും മറികടന്നുള്ള അപേക്ഷ അംഗീകരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാത്തെന്നു ചോദിച്ച സുപ്രീം കോടതി രാജ്യത്തെ എല്ലാ കോടതികളും സുരക്ഷിതമല്ലെന്നു പറയാനാകില്ലെന്നും നിരീക്ഷിച്ചു.

ബിജെപി, സംഘപരിവാര്‍ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും മറികടന്നു പ്രത്യേക സാഹചര്യത്തില്‍ സുപ്രീം കോടതിയിലാണ് കനയ്യകുമാറിനായി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹിമാന്‍ഷു എന്ന ജെഎന്‍യു വിദ്യാര്‍ഥിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ മുഖേന നല്‍കിയ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍ എ എം സാേ്രപ എന്നിവരടങ്ങിയ ബെഞ്ച് രാജു രാമചന്ദ്രന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഇന്നു കോടതി കേസ് പരിഗണിച്ചപ്പോള്‍ കൈയേറ്റവും ജാമ്യവും രണ്ടു കാര്യങ്ങളാണെന്നും അപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

അതിനിടെ, കനയ്യകുമാറിന് പട്യാല ഹൗസ് കോടതിയില്‍ ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദനമേറ്റെന്നു വ്യക്തമായി. കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ബുധനാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന കനയ്യകുമാറിനെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് കനയ്യകുമാറിനെ ബിജെപി അഭിഭാഷകര്‍ നിലത്തിട്ടുചവിട്ടിയത്. ഇടതുകാലിനും മുക്കിനു മുകളിലും പരുക്കുള്ളതായാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കപ്പെട്ട കനയ്യയെ തിഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചയുടന്‍ നടത്തിയ മെഡിക്കല്‍ പരിശോധനയുടെ ഫലം വ്യക്തമാക്കുന്നത്.

കനയ്യകുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്നു കഴിഞ്ഞദിവസം ദില്ലി പൊലീസ് മേധാവി ബി എസ് ബസി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ കൈയിലുള്ള വീഡിയോകളില്‍ ശബ്ദം വ്യക്തമല്ലെന്നാണ് സൂചന. ഈ തെളിവ് കോടതി അംഗീകരിക്കില്ല. ഫെബ്രുവരി ഒമ്പതിന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാര്യമായി മാധ്യമങ്ങളൊന്നും പകര്‍ത്തിയിരുന്നില്ല. ചില വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിലെടുത്ത ദൃശ്യങ്ങളാണ് ഭൂരിഭാഗം ചാനലുകളും പുറത്തുവിട്ടത്. വ്യക്തമായ തെൡവുകളില്ലാതെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു ഭാവിയില്‍ തലവേദനയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

അതേസമയം, കനയ്യകുമാറിന്റേതായി പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നു വ്യക്തമായി. കനയ്യകുമാറിന്റെ പ്രസംഗത്തിനിടെ പാകിസ്താനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതായുള്ളത് എഡിറ്റ് ചെയ്തു കൃത്രിമമായി നിര്‍മിച്ചതാണെന്നു വ്യക്തമായി. എന്‍ഡിടിവി പുറത്തുവിട്ട വീഡിയോയാണ് ഇത്തരത്തില്‍ തയാറാക്കിയത്. കനയ്യകുമാര്‍ പ്രസംഗിക്കുമ്പോള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിട്ടില്ലെന്നാണ് യഥാര്‍ഥ വീഡിയോ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകയും അതേസമയം ഇന്ത്യയുടെ ഭരണഘടനയെ മാനിക്കുകയും ചെയ്ത് കനയ്യ നടത്തിയ പ്രസംഗത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയിട്ടില്ലെന്നാണ് യഥാര്‍ഥ വീഡിയോ വ്യക്തമാക്കുന്നത്. ഇന്ത്യാടുഡേയും എബിപി ന്യൂസുമാണ് യഥാര്‍ഥ വീഡിയോ പുറത്തുവിട്ടത്. എഡിറ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കനയ്യയ്‌ക്കെതിരേ ദില്ലി പൊലീസ് കേസെടുത്തത്. വീഡിയോ വ്യാജമാണെന്നു വ്യക്തമാകുന്നതോടെ ദില്ലി പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here