മാണി ഗ്രൂപ്പില്‍ പൊട്ടിത്തെറി; ഫ്രാന്‍സിസ് ജോര്‍ജിനു പൂഞ്ഞാറും മോന്‍സിനു കടുത്തുരുത്തിയുമില്ല; വാര്‍ത്തകള്‍ പിതൃത്വമില്ലാത്തതെന്ന് കെഎം മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പൊട്ടിത്തെറി. ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റേ നല്‍കാനാവൂവെന്നു കെ എം മാണി വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായത്. അതൃപ്തരായ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ രണ്ടു തവണ യോഗം ചേര്‍ന്നു.

സീറ്റു തര്‍ക്കം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പിതൃത്വമില്ലാത്തതാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പ്രതികരിച്ചു. സീറ്റു വിഭജനം സംബന്ധിച്ച് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സ്വീകാര്യത വര്‍ധിക്കുകയാണ്. ബിജെപി സ്വാഗതം ചെയ്തത് ഇതിന്റെ ഉദാഹരണമാണ്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നും മാണി പ്രതികരിച്ചു.

മോന്‍സ് ജോസഫിന് സിറ്റിംഗ് സീറ്റായ കടുത്തുരുത്തി നല്‍കാനാവില്ലെന്നാണു മാണിയുടെ നിലപാട്. ഏറ്റുമാനൂര്‍ നല്‍കാമെന്നാണ് മോന്‍സിനോടു മാണി പറഞ്ഞിരിക്കുന്നത്. ഏറ്റുമാനൂര്‍ ഇപ്പോള്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടനെ ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് തോല്‍പിച്ചിരുന്നു. യുഡിഎഫിനെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത ഏറ്റുമാനൂര്‍ സ്വീകരിക്കാന്‍ മോന്‍സ് തയാറാവുകയുമില്ല.

പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് താല്‍പര്യമുണ്ട്. എന്നാല്‍ പൂഞ്ഞാര്‍ നല്‍കാനാവില്ലെന്നാണ് മാണിയുടെ പക്ഷം. ഫ്രാന്‍സിസ് ജോര്‍ജിന് പ്രതീക്ഷയുള്ള സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ല. ഇതും ജോസഫ് വിഭാഗക്കാരുടെ അതൃപ്തിക്കു കാരണമായിട്ടുണ്ട്. നിലവില്‍ മൂന്ന് എംഎല്‍എമാരാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. മോന്‍സ് ജോസഫ് (കടുത്തുരുത്തി), പി ജെ ജോസഫ് (തൊടുപുഴ), ടി യു കുരുവിള( കോതമംഗലം) എന്നിവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News