ജെഎന്‍യു പ്രശ്‌നം: ഇടതുപാര്‍ട്ടികള്‍ 23 മുതല്‍ 25 വരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്; സമാനചിന്തയുള്ളവരുമായി യോജിക്കും; രാഷ്ട്രപതിയെ കാണാനും തീരുമാനം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രശ്‌നത്തില്‍ ദേശവ്യാപക പ്രക്ഷോഭത്തിന് ഇടതുപാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രക്ഷോഭം. പ്രശ്‌നത്തിന് പരിഹാരം ഉന്നയിച്ചു രാഷ്ട്രപതിയെക്കാണാനും യോഗം തീരുമാനിച്ചു. സമാനചിന്താഗതിയുള്ള പാര്‍ട്ടികളെയും സംഘടനകളെയും പ്രക്ഷോഭത്തില്‍ അണിനിരത്തും.

ആര്‍എസ്എസ് ഭരണസംവിധാനങ്ങളെ ദുരുപയോഗിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. നാഥുറാം ഗോഡ്‌സെയുടെ ആരാധകര്‍ക്കു ദേശീയതയെക്കുറിച്ചു പറയാന്‍ അര്‍ഹതയില്ലെന്നു യോഗതത്തിനു ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പ്രതികരിച്ചു. സിപിഐഎം, സിപിഐ, ആര്‍എസ്പി, എഐഎഫ്ബി, സിപിഐഎംഎല്‍, എസ്‌യുസിഐ തുടങ്ങിയ പാര്‍ട്ടികളാണ് ദില്ലിയില്‍ യോഗം ചേര്‍ന്നത്.

ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ ബിജെപി സര്‍ക്കാര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ അക്രമങ്ങളില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യോഗം അറിയിച്ചു. ആര്‍എസ്എസും ബിജെപിയും നടത്തുന്ന അക്രമങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരാണ്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വര്‍ഗീയവല്‍കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കണ്ട കാര്യങ്ങള്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ കണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

സിപിഐഎമ്മില്‍നിന്ന് സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സിപിഐയില്‍നിന്ന് സുധാകര്‍ റെഡ്ഢി, ഗുരുദാസ് ദാസ്ഗുപ്ത, ഡി രാജ, സിപിഐഎംഎല്ലില്‍നിന്ന് സ്വപന്‍ മുഖര്‍ജി, ആര്‍എസ്പിയില്‍നിന്ന് അബനി റോയി, എസ് യു സി ഐയില്‍നിന്ന് പ്രാണ്‍ ശര്‍മ, എഐഎഫ്ബിയില്‍നിന്ന് ദേബബ്രത ബിശ്വാസ് എന്നിവരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനുമെതിരെയാണ് പാര്‍ട്ടികളുടെ പ്രതിഷേധം. ആര്‍എസ്എസ് ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സമാന ചിന്താഗതിയുള്ള എല്ലാവരയെും പ്രതിഷേധത്തില്‍ അണിനിരത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here