പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാരനെതിരേ നടപടി; സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി; പൊലീസുകാരന്റെ പരാതി മുങ്ങി

തൃശൂര്‍: പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യംചെയ്ത പോലീസുകാരനെതിരെ കേസെടുത്തതില്‍ പ്രതിഷേധമുയരുന്നു. തൃശൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോഷിക്കെതിരെ കേസെടുത്തതിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നത്. വഴിയില്‍ തടഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു നല്‍കിയ പരാതിയിലാണ് പോലീസുകാരനെതിരെ കേസെടുത്തത്.

വാഹനം തടഞ്ഞു നിര്‍ത്തി മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു നല്‍കിയ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥനായ ജോഷിക്കെതിരെ കേസെടുത്തത്. നിയമ ലംഘനം ശ്രദ്ധയില്‍ പെടുത്തിയ പോലീസുകാരനെതിരെ കേസെടുത്തതിലാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നത്. തെറ്റായി വാഹനം പാര്‍ക്ക് ചെയ്ത പയസ് മാത്യുവിനെ മാന്യമായി സമീപിച്ചാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോഷി ഇക്കാര്യം പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനു നേരെ പയസ് മാത്യു കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. സംഭവത്തിന് ശേഷം സിപിഓ ജോഷി നല്‍കിയ പരാതിയില്‍ പയസ് മാത്യുവിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പയസ് മാത്യുവിന്റെ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തത്. നിയമം നടപ്പാക്കാന്‍ ചുമതല ഉള്ള ഉദ്യോഗസ്ഥനെ ജോലി ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കാനുള്ള നീക്കമാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്ന് ആരോപണം ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here