വക്കീലന്‍മാര്‍ തമ്മില്‍തല്ലി കേസ് ജയിക്കുന്ന കാലമായിരിക്കുമോ ഭാവി? സംഘപരിവാറിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഒരു അഭിഭാഷകന്‍ പങ്കുവയ്ക്കുന്ന ആശങ്ക

രുപത് കൊല്ലക്കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ച അനുഭവമുള്ള ഒരാളാണ് ഇതെഴുതുന്നത്. നടത്തിയ കേസുകളില്‍ ഭൂരിഭാഗവും ക്രിമിനല്‍ കേസുകളായിരുന്നു. പ്രോസിക്യൂട്ടറുടെയോ എതിര്‍ഭാഗം വക്കീലിന്റെയോ വാദമുഖങ്ങളെ എതിര്‍ത്തും അതിനെതിരായ വാദമുഖങ്ങള്‍ ഉയര്‍ത്തിയും ആണ് കേസുകള്‍ വാദിക്കുകയും ജയിക്കുകയും ചെയ്യുന്നത്. ഒരു കൂട്ടര്‍ ജയിക്കും എന്നതുകൊണ്ടുതന്നെ മറുഭാഗം പരാജയപ്പെടുകയും ചെയ്യും. പരാജയപ്പെട്ടതുകൊണ്ടൊ എതിരായി പറഞ്ഞു എന്നതുകൊണ്ടൊ ആരും കയ്യാങ്കളിക്ക് മുതിരാറില്ല.

പട്യാല കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ കാണിക്കുന്ന ഗുണ്ടായിസം കാണുമ്പോള്‍ നാളെ കോടതിയില്‍ കേസുവാദിക്കുന്നതിന് പകരം ഹര്‍ജിക്കാരന്റെയും എതിര്‍കക്ഷിയുടേയും വക്കീലന്മാര്‍ തമ്മില്‍ തല്ലുകയും തല്ലില്‍ ജയിക്കുന്ന വക്കീലിന്റെ കക്ഷി കേസില്‍ ജയിച്ചതായി ന്യായാധിപന്‍ തീരുമാനമെടുക്കുകയും ചെയ്യുന്ന സ്ഥിതി വരുമെന്നാണ് തോന്നുന്നത്. ചില ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിക്കുവേണ്ടി ഹാജരാവുന്നവര്‍ ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തിവരുന്നതായി കാണാം.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍ ഒരു കേസില്‍ കുറ്റാരോപിതനാണ്. അയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റിമാന്‍ഡ് പ്രതിയെ കോടതി പലകാര്യങ്ങള്‍ക്കായി വിളിച്ചുവരുത്തും. അങ്ങനെകൊണ്ടുവരുന്ന കുറ്റാരോപിതന്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോവില്ല എന്ന് ഉറപ്പാക്കല്‍ മാത്രമല്ല അയാളെ മറ്റുള്ളവരുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടതും പോലീസിന്റെ ഉത്തരവാദിത്വമാണ്. പോലീസ് ആ കടമ നിര്‍വ്വഹിക്കുന്നില്ല എന്നു മാത്രമല്ല കനയ്യകുമാറിനോട് ആശയപരമായി വിയോജിപ്പുള്ളവര്‍ക്ക് അയാളെ ആക്രമിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. അയാള്‍ സുരക്ഷിതനായിരിക്കും എന്ന് ഉറപ്പുവരുത്താന്‍ കോടതിക്കും ബാധ്യതയുണ്ട്. എന്നാല്‍ പട്യാല കോടതി ആ കടമ നിര്‍വ്വഹിച്ചതായി കാണുന്നില്ല. അതുകൊണ്ടാണ് സുപ്രിംകോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്നത്. ഇവിടെ നിഷേധിക്കപ്പെട്ടത് ഒരു കുറ്റാരോപിതന്റെ ജനാധിപത്യാവകാശങ്ങളാണ്; അതായത് ഗുണ്ടകളായി മാറിയ അഭിഭാഷകര്‍ ആക്രമിക്കുന്നത് ജനാധിപത്യത്തെ തന്നെയാണ്.

കുറ്റാരോപിതനെ ആക്രമിക്കുക മാത്രമല്ല ആ വിവരം റിപ്പോര്‍ട്ടു ചെയ്യുന്നതിന് വേണ്ടി കോടതി പരിസരത്ത് വരുന്ന മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കാന്‍ അഭിഭാഷകവേഷം കെട്ടിയ ഗുണ്ടകള്‍ തയ്യാറാവുന്നതായും കാണുന്നു. അതാവട്ടെ മുമ്പൊരു ദിവസം നടന്ന അതിക്രമത്തില്‍ സുപ്രിംകോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

അഭിഭാഷക വൃത്തി എന്നത് കക്ഷിയില്‍ പണം വാങ്ങി കേസ് നടത്തുന്നത് മാത്രമല്ല; അത് കോടതിയിലെ ഒരു ഉദ്യോഗം കൂടെയാണ.് നീതിന്യായവ്യവസ്ഥയുടെ അന്തസ് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് നിയമ ബിരുദധാരിയായ ഒരാള്‍ അഭിഭാഷക വ്യത്തിയിലേക്ക് വരുന്നത്. മാധ്യമപ്രവര്‍ത്തകരാകട്ടെ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ വിളിച്ചുപറയുന്ന സത്യങ്ങള്‍ ഒരു അഭിഭാഷകനോ ഒരുകൂട്ടം അഭിഭാഷകര്‍ക്കോ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആയിരിക്കാം. അതിന് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി സത്യം തമസ്‌കരിക്കാനാവും എന്ന് അഭിഭാഷകവൃത്തിയുടെ അന്തസ് സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് പണയം വെച്ച അഭിഭാഷകര്‍ കരുതുന്നുണ്ടോ? സത്യം പറയുന്ന മാധ്യമങ്ങള്‍ തന്റെ അധികാര താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെട്ടാണ് അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാ ഗാന്ധി പത്രങ്ങള്‍ക്ക് പ്രീ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. എന്നിട്ടും അന്ന് സത്യങ്ങള്‍ പുറത്തുവന്നിരുന്നു എന്നത് മറക്കരുത്.

എന്നാല്‍ ഇന്ന് കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ കൈക്കരുത്തും ഗുണ്ടാപ്രവര്‍ത്തനവും ഉപയോഗപ്പെടുത്തി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ജെ എന്‍ യു ഇടതുപക്ഷ മനസ്സുള്ള ഒരു കലാലയമാണ് എന്നതിനാല്‍ അതിനെ തകര്‍ക്കാനും എതിരുപറയുന്നവരെ മുഴുവന്‍ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാനുമാണ് ശ്രമിച്ചത്. ബീഫ് തിന്നുന്നതും അസുരാരാധനനടത്തുന്നതും രാജ്യദ്രോഹമാണെങ്കില്‍ കേരളീയരാകെ രാജ്യദ്രോഹികളാവും. കാരണം അവരില്‍ ഭൂരിഭാഗവും ബീഫ് തിന്നുന്നവരും അസുരരാജാവായ മഹാബലിയെ ആരാധിക്കുന്നവരുമാണ്.

നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതും സുപ്രീംകോടതി നേരിട്ട് ഇടപെടാന്‍ തയ്യാറായതും എ ബി വി പി ഭാരവാഹികള്‍ തന്നെ രാജിക്ക് തയ്യാറായതും ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നു. എന്നാല്‍ ഇടതുപക്ഷം ഒഴികെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുംതന്നെ ഈ സംഭവങ്ങളെ പരസ്യമായി അപലപിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എതിരായതുകൊണ്ടാണോ അങ്ങനെ ഒരു നിസ്സംഗത എന്നറിയില്ല. അല്ലെങ്കിലും ഫാസിസ്റ്റ് പ്രവണതകള്‍ അങ്ങനെയാണ്. ആദ്യം അവരുടെ ആക്രമണത്തിന് വിധേയരാവുക കമ്യൂണിസ്റ്റുകാര്‍തന്നെയാണ്. പിന്നെയാണ് അവര്‍ മറ്റുള്ളവരിലേക്ക് നീങ്ങുക. ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് എതിരല്ലല്ലൊ എന്ന് സമാധാനിച്ചിരിക്കുന്നവര്‍ക്ക് തോക്ക് സ്വന്തം നെഞ്ചിനു നേരെ ചൂണ്ടുമ്പോഴാണ് ബോധോദയം ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News