പത്താന്‍കോട്ട് ഭീകരാക്രമണം; പാകിസ്താന്‍ കേസെടുത്തു; ആരുടെയും പേരില്ലാതെ പാകിസ്താന്റെ എഫ്‌ഐആര്‍

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആരുടെയും പേരില്ലാതെയാണ് പാകിസ്താന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാകിസ്താന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആക്രമണവുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ്-കോടതി നടപടിക്രമങ്ങളുടെ മുന്നോട്ടു പോക്കിന് എഫ്‌ഐആര്‍ അത്യാവശ്യമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയും തലവന്‍ മസൂദ് അസറുമാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഇക്കാര്യം പരിഗണിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ലെന്നതാണ് വസ്തുത.

മസൂദിന്റെ സഹോദരന്‍ റൗഫും മറ്റു അഞ്ചു പേരുമാണ് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍, ഈ പേരുകളൊന്നും പാകിസ്താന്റെ എഫ്‌ഐആറില്‍ ഇല്ല. പാകിസ്താന്‍ പീനല്‍ കോഡിലെ 302, 304, 109 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ 7, 21-1 സെക്ഷനുകളും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നല്‍കിയ വിവരങ്ങളൊന്നും തന്നെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

ആക്രമണം നടത്തുമ്പോള്‍ ഭീകരര്‍ ബന്ധപ്പെട്ട ടെലഫോണ്‍ നമ്പറുകള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇനി ഔദ്യോഗികമായി വിചാരണ ആരംഭിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഈ എഫ്‌ഐആറിന്റെ പിന്‍ബലത്തില്‍ ആരെയും വിചാരണ ചെയ്യുമെന്നും പാക് പൊലീസ് അറിയിച്ചു. ആക്രമണവുമായി സംശയിക്കുന്ന ഒരു ഡസനോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 2നാണ് പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ഭീകരാക്രമണം നടന്നത്. നാലുദിവസം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോ അടക്കം ഏഴ് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതില്‍ ആറുപേരും വ്യോമസേന ഉദ്യോഗസ്ഥരായിരുന്നു. ആക്രമണം നടത്തിയ ആറു ഭീകരരെയും വധിച്ചു. ആക്രമണം നടന്നതോടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ചകളും വഴിമുട്ടി. അന്നു മുടങ്ങിയ ചര്‍ച്ച പിന്നീട് ഇതുവരെ തിയ്യതി പോലും തീരുമാനിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here