ബിഡിജെഎസ് ആരുമായും ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ആരുമായും അയിത്തമില്ല; പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണനയെന്നും തുഷാര്‍

കായംകുളം: ബിഡിജെഎസ് ആരുമായും ഔദ്യോഗികമായി സഖ്യചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനുമായി പലരും രഹസ്യമായി ചര്‍ച്ച നടത്തുന്നുണ്ട്. പക്ഷേ, അതിന്റെ ഒന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉദ്ദേശം. ആരുമായും കൂട്ടുകൂടാന്‍ ബിഡിജെഎസിന് പ്രശ്‌നമില്ല. പാര്‍ട്ടി ആര്‍ക്കും അയിത്തം കല്‍പിക്കുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി. കായംകുളത്ത് പാര്‍ട്ടിയുടെ ഉന്നതനേതൃയോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു തുഷാര്‍.

ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളൊന്നും പാര്‍ട്ടിയെ ബാധിക്കില്ല. വിവാദങ്ങള്‍ ഗുണം മാത്രമേ ചെയ്തിട്ടുള്ളു. വിവാദങ്ങള്‍ ഉണ്ടായശേഷം പാര്‍ട്ടിയുടെ അംഗസംഖ്യയില്‍ വര്‍ധനവുണ്ടായി. ഇപ്പോള്‍ പാര്‍ട്ടിയില്‍ അഞ്ചേകാല്‍ ലക്ഷം അംഗങ്ങള്‍ ഉണ്ട്. വൈകാതെ അത് 10 ലക്ഷമായി ഉയരുമെന്നും തുഷാര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ സ്ഥാനമാനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. താന്‍ ആരോടും സ്ഥാനം ചോദിച്ചിട്ടില്ല. എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ചാണ് ചെയര്‍മാനായത്. പാര്‍ട്ടിയില്‍ ഭിന്നതയൊന്നുമില്ല. താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചതാണെന്നും തുഷാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel