ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്? പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റത്തിന് വാതില്‍ തുറന്നിട്ട് ഇബ്രു

ലണ്ടന്‍: പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ സൂപ്പര്‍താരം സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പ്രീമിയര്‍ ലീഗില്‍ കളിക്കുമോ എന്ന ചോദ്യങ്ങള്‍ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നു. അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് വാതില്‍ തുറന്നിട്ട് ഇബ്രാഹിമോവിച്ച്. ഇബ്രുവിനെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറിഞ്ഞോ. കാര്യങ്ങള്‍ എല്ലാം പ്രതീക്ഷിക്കുന്ന പോലെ നടന്നാല്‍ അടുത്ത സീസണില്‍ ഓള്‍ഡ് ട്രഫോഡില്‍ ഇബ്രുവും ഉണ്ടാകുമെന്ന് ഉറപ്പായി. പിഎസ്ജിയില്‍ ഇബ്രാഹിഹമോവിച്ചിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കുകയും ചെയ്യും.

മേജര്‍ സോക്കര്‍ ലീഗിലെ മിയാമിയും ഇബ്രാഹിമോവിച്ചിനെ നോട്ടമിട്ടിട്ടുണ്ട്. 2018 മുതല്‍ ബെക്കാമിന്റെ മിയാമി മേജര്‍ സോക്കര്‍ ലീഗില്‍ ഇബ്രു കളിച്ചേക്കും എന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നു. അതായത് 2018-ല്‍ മിയാമിയില്‍ കളിക്കുന്നതു വരെ ഒരു താല്‍കാലിക തട്ടകമാണ് ഇബ്രു ഉദ്ദേശിക്കുന്നത്. മൗറിഞ്ഞോ ഇബ്രുവിന് ഒരവസരം കൊടുക്കാന്‍ അതുകൊണ്ടു തന്നെ സാധ്യത കൂടുതലാണ്. നിലവില്‍ ആകെ തകര്‍ന്നിരിക്കുന്ന യുണൈറ്റഡിനെ കൈപിടിച്ചുയര്‍ത്താന്‍ മൗറിഞ്ഞോക്ക് ഇബ്രുവിനെ പോലൊരാളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യവുമാണ്.

കഴിഞ്ഞ ദിവസം ചെല്‍സിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടം കഴിഞ്ഞശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇംഗ്ലീഷ് ലീഗിലേക്ക് വരുന്നുണ്ടോ എന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അപ്പോള്‍ തനിക്ക് പിഎസ്ജിയില്‍ ഇനിയും മൂന്നു മാസത്തെ കരാര്‍ ബാക്കിയുണ്ട്. അതുകഴിയട്ടെ. എന്നിട്ട് എന്താണു സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം എന്നായിരുന്നു ഇബ്രുവിന്റെ മറുപടി. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഇബ്രാഹിമോവിച്ചും മൗറിഞ്ഞോയും അടുത്ത സുഹൃത്തുക്കളാണ്. 2008-09ല്‍ മൗറിഞ്ഞോ ഇന്റര്‍മിലാനെ പരിശീലിപ്പിക്കുമ്പോള്‍ മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അന്ന് ഇബ്രുവും മിലാനിലുണ്ടായിരുന്നു. ഈ സൗഹൃദവും ഇരുവരെയും വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here