വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ തയാറല്ലെന്ന് ജാദവ്പുര്‍ വിസി; അഫ്‌സല്‍ഗുരു മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സുരഞ്ജന്‍ ദാസ്

കൊല്‍ക്കത്ത: സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് ജാദവ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ്. വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ തയാറല്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍വകലാശാലയ്ക്കു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ജാദവ്പുര്‍ സര്‍വകലാശാല അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും ഒപ്പമാണ് നിലകൊള്ളുന്നത്. അതാണ് സര്‍വകലാശാലയുടെ പാരമ്പര്യവും. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ചരിത്രം ഇവിടെയില്ലെന്നും സുരഞ്ജന്‍ ദാസ് പറഞ്ഞു. സര്‍വകലാശാല ചട്ടങ്ങള്‍ അടിസ്ഥാനമാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ജാവേദ്പുര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. മാര്‍ച്ചില്‍ അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്‌സല്‍ഗുരു, കശ്മീരി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് ചില വിദ്യാര്‍ത്ഥികള്‍ തുറന്ന് സമ്മതിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഏത് രീതിയിലാണ് രാജ്യദ്രോഹകുറ്റമാവുകയെന്നും ഇവര്‍ ചോദിക്കുന്നു. അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുന്ന പിഡിപിയുമായി ചേര്‍ന്നാണ് കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുരഞ്ജന്‍ ദാസിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel