രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍; ഉമര്‍ ഖാലിദിന്റെ സഹോദരിക്ക് ബലാത്സംഗഭീഷണി; 12കാരിയെ പോലും സംഘപരിവാര്‍ വെറുതെ വിടുന്നില്ല

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ച സംഭവത്തില്‍ ദില്ലി പൊലീസ് തിരയുന്ന വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ സഹോദരിക്ക് സംഘപരിവാറിന്റെ ബലാത്സംഗ ഭീഷണി. ഉമര്‍ ഖാലിദിന് എതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജെഎന്‍യു ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്നും സഹോദരി മറിയം ഫാത്തിമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് യുവതി പറയുന്നു.

സോഷ്യല്‍മീഡിയ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ വരുന്നത്. പുറത്തിറങ്ങിയാല്‍ ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മൊബൈല്‍ഫോണ്‍ വഴിയും വീട്ടിലെ ഫോണില്‍ വിളിച്ചും ചിലര്‍ അസഭ്യം നടത്തുന്നുണ്ടെന്നും മറിയം മാധ്യമങ്ങളോട് പറഞ്ഞു.

സംഘപരിവാര്‍ അനുഭാവമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ ഉമറിനെ വിചാരണ ചെയ്യുകയാണെന്നും ഇവര്‍ പ്രതികരിച്ചു. ഉമറിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും തള്ളിയിട്ടുണ്ടെന്നും യുവതി നേരത്തെ പറഞ്ഞിരുന്നു.

ഉമറിന്റെ അഞ്ചു സഹോദരിമാരില്‍ മൂത്തവളാണ് ഫാത്തിമ. 12 വയസുള്ള ഇളയ സഹോദരിക്ക് നേരെയും സോഷ്യല്‍ മീഡിയയില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഫാത്തിമ പറയുന്നു. ഇവര്‍ സ്‌കൂളില്‍ പോലും പോകാതെ വീടിനുള്ളില്‍ ഇരിക്കുകയാണ്.

ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഉമര്‍ ഖാലിദ് ആണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ്‌യുവിന്റെ മുന്‍ അംഗമാണ് ഉമര്‍ ഖാലിദ്. ജെഎന്‍യു സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News