ടെസ്റ്റില്‍ അതിവേഗ സെഞ്ചുറി; ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം അവിസ്മരണീയമാക്കി മക്കല്ലം

ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്ന മത്സരത്തില്‍ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം. ടെസ്റ്റിലെ അതിവേഗ സെഞ്ചുറി കുറിച്ചാണ് മക്കല്ലം റെക്കോര്‍ഡിട്ടത്. വിടവാങ്ങല്‍ മത്സരത്തില്‍ 54 പന്തുകളില്‍ നിന്നാണ് മക്കല്ലം സെഞ്ചുറി തികച്ചത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലാണ് മക്കല്ലത്തിന്റെ അവിസ്മരണീയ നേട്ടം. ഈ ടെസ്‌റ്റോടെ മക്കല്ലം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങും. ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിന്‍ഡീസ് മുന്‍ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെയും പാക് മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹക്കിനെയും മറികടന്നാണ് മക്കല്ലത്തിന്റെ നേട്ടം.

ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ളി ഓവലില്‍ ടെസ്റ്റ് ഒരു ട്വന്റി-20 പോലെയായിരുന്നു മക്കല്ലത്തിന്. 21 ബൗണ്ടറികളും ആറ് സിക്സറുകളും മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു. 79 മിനിറ്റ് ക്രീസില്‍ നിന്ന മക്കല്ലം ഒടുവില്‍ പാറ്റിന്‍സണിന്റെ പന്തില്‍ ലിയോണ്‍ പിടിച്ച് പുറത്താകുകയായിരുന്നു. അപ്പോഴേക്കും മക്കല്ലത്തിന്റെ സ്‌കോര്‍ 79 പന്തില്‍ 149 റണ്‍സ്. 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് മക്കല്ലത്തിന്റെ വരവ്. ഇതോടെ മത്സരത്തിന്റെ മുഖം തന്നെ മാറി. ബൗളര്‍മാരെ മക്കല്ലം തലങ്ങും വിലങ്ങും തല്ലി. പന്ത് ഗ്രൗണ്ടിന്റെ നാലു മൂലയിലേക്കും പാഞ്ഞു. 34 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച മക്കല്ലത്തിന്റെ സെഞ്ചുറിയിലേക്കുള്ള കുതിപ്പ് ബുള്ളറ്റ് വേഗത്തിലായിരുന്നു. അടുത്ത 15 പന്തില്‍ നിന്ന് മക്കല്ലം ശതകത്തിലെത്തി.

വിവിയന്‍ റിച്ചാര്‍ഡ്സും മിസ്ബയും 56 പന്തില്‍ നേടിയ ടെസ്റ്റ് സെഞ്ചുറികള്‍ ആയിരുന്നു ഇതുവരെ റെക്കോര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്നത്. 30 വര്‍ഷം മുമ്പ് വിവിയന്‍ റിച്ചാര്‍ഡ്സ് നേടിയ ഈ നേട്ടത്തിനൊപ്പം ഒരു വര്‍ഷം മുമ്പാണ് മിസ്ബാ ഉള്‍ ഹക്ക് എത്തിയത്. 2014 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരേയും ടെസ്റ്റില്‍ തകര്‍പ്പനടി പുറത്തെടുത്ത് മക്കല്ലം വിസ്മയം തീര്‍ത്തിരുന്നു. അന്ന് 134 പന്തില്‍ 195 റണ്‍സായിരുന്നു മക്കല്ലം എടുത്തത്. ഒരു ന്യൂസിലന്‍ഡുകാരന്റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറി ആയിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News