ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്‌റ്റേഷനു തീയിട്ടു. പ്രധാന ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്തി. ജിന്‍ഡിലെ റെയില്‍വെ ഓഫീസിനാണ് പ്രക്ഷോഭകാരികള്‍ തീയിട്ടത്. ഹരിയാനയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ഭിവാനി, രോഹ്‌തെക് നഗരങ്ങളില്‍ സൈന്യം ഫ് ളാഗ് മാര്‍ച്ച് നടത്തി. ദില്ലി, ഹിസാര്‍, രോഹ്‌തെക്, ഫസില്‍ക ഹൈവേകള്‍ പ്രക്ഷോഭകാരികള്‍ അടച്ചതിനാല്‍ സൈന്യത്തിന് റോഡു മാര്‍ഗം രോഹ്‌തെകിലേക്കും ഭിവാനിയിലേക്കും എത്താന്‍ സാധിച്ചില്ല.
ജിന്‍ഡ് ജില്ലയിലെ ബുദ്ധ ഖേര റെയില്‍വെ സ്‌റ്റേഷന്‍ ആണ് പ്രക്ഷോഭകാരികള്‍ തീയിട്ടു നശിപ്പിച്ചത്. സ്റ്റേഷനിലെ ഫര്‍ണിച്ചറും റെക്കോര്‍ഡ് റൂമും മറ്റു വസ്തുക്കളും കത്തിനശിച്ചു. പ്രക്ഷോഭകാരികള്‍ അടച്ച ഹൈവേകള്‍ തുറക്കാന്‍ പൊലീസ് ശ്രമം തുടരുന്നതായി ഡിജിപി വൈപി സിംഗാള്‍ അറിയിച്ചു. വൈകാതെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സാധിക്കുമെന്നും ഡിജിപി അറിയിച്ചു. അക്രമങ്ങള്‍ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വീണ്ടും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രക്ഷോഭകാരികള്‍ ജലവിതരണ ശൃംഖലകള്‍ തകരാറിലാക്കിയതോടെ ദില്ലിയില്‍ പലഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു. ദില്ലി ജലവിതരണ ബോര്‍ഡ് 24 മണിക്കൂര്‍ ജലവിതരണ കണ്‍ട്രോള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. കടകള്‍ക്കും ഹാളുകള്‍ക്കും പ്രക്ഷോഭകാരികള്‍ തീയിട്ടു. ഇതോടെ രോഹ്‌തെകിലും ഭിവാനിയിലും ജനജീവിതം ദുഃസഹമായി. വാണിജ്യ സ്ഥാപനങ്ങളും സ്‌കൂളുകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.