കൊച്ചി സ്മാര്‍ട്‌സിറ്റി റിയല്‍ എസ്റ്റേറ്റ് തട്ടിപ്പെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്‌സിറ്റി കരാര്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് ചെറിയാന്‍ ഫിലിപ്പ്. സ്മാര്‍ട്‌സിറ്റിക്കായി ഭൂമി നല്‍കിയതില്‍ വന്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ് ളാറ്റുകളും തുടങ്ങി കൊള്ളലാഭം കൊയ്യാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. സ്മാര്‍ട്‌സിറ്റിയില്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവും തട്ടിപ്പാണെന്ന് തെളിഞ്ഞതായും ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്വകാര്യ കമ്പനിക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്മാര്‍ട്‌സിറ്റി സംയുക്ത സംരംഭത്തിന് കൊച്ചി നഗരത്തിലെ കണ്ണായ 246 ഏക്കര്‍ ഭൂമി 104 കോടി രൂപയ്ക്ക് നല്‍കിയതില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയും കോടികളുടെ അഴിമതിയും ഉണ്ട്. സെന്റിന് 10 ലക്ഷം രൂപ കണക്കാക്കിയാല്‍ കുറഞ്ഞപക്ഷം 2,500 കോടി രൂപയെങ്കിലും കമ്പോള വില വരും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 246 ഏക്കര്‍ ഭൂമിയോടൊപ്പം 4 ഏക്കര്‍ കൂടി നല്‍കിയപ്പോള്‍ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ ആയി. പഴയ കരാര്‍ പ്രകാരം 70 ശതമാനം ഭൂമി ഐടി വ്യവസായങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. കേന്ദ്ര സെസ് നിയമപ്രകാരം 50 ശതമാനം ഭൂമി മതിയാവും. സ്മാര്‍ട്‌സിറ്റിക്ക് ലഭിച്ച 250 ഏക്കര്‍ ഭൂമിയില്‍ 125 ഏക്കറില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹൗസിംഗ് സെന്ററുകള്‍, ഫ് ളാറ്റുകള്‍ എന്നിവ തുടങ്ങി ലാഭം കൊയ്യാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. 250 ഏക്കര്‍ ഭൂമിയുടെ മൂലയില്‍ ഒരു കെട്ടിട സമുച്ചയം പണിതതല്ലാതെ എത്ര ഐടി കമ്പനികള്‍ ഇവിടെ വരുമെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഇപ്പോഴും സ്മാര്‍ട്‌സിറ്റി അധികൃതര്‍ക്ക് കൃത്യമായി പറയാന്‍ കഴിയുന്നില്ല. ഇന്നു നടന്ന ഒന്നാംഘട്ട ഉദ്ഘാടന വേളയിലും തൊഴില്‍മൂല്യം കുറവായ ഐടി ഇതര കമ്പനികള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍മൂല്യത്തിന്റെ 10 ശതമാനം പോലും സ്മാര്‍ട്‌സിറ്റിയില്‍ ഉണ്ടാവില്ലെന്നു വ്യക്തമായിരിക്കുന്നു. സ്മാര്‍ട് സിറ്റി കമ്പനി പാട്ടത്തിനു നല്‍കുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ പണിയാനാണ് ചില വിദേശ-സ്വദേശ സ്വകാര്യ കമ്പനികള്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. സ്മാര്‍ട്‌സിറ്റിയില്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവും തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുന്നു.

കൊച്ചിയിലെ സ്മാര്‍ട്‌സിറ്റി കരാര്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണ്. ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് …

Posted by Cherian Philip on Saturday, February 20, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News