251 രൂപയുടെ സ്മാര്‍ട്‌ഫോണിന് ആവശ്യക്കാരേറി; പ്രതീക്ഷയ്ക്കപ്പുറം കടന്നപ്പോള്‍ കമ്പനി ബുക്കിംഗ് നിര്‍ത്തി; ഇതുവരെ ബുക്ക് ചെയ്തത് 25 ലക്ഷം പേരെന്ന് കമ്പനി

ദില്ലി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണെന്ന ഖ്യാതിയുമായി ബുക്കിംഗ് ആരംഭിച്ച ഫ്രീഡം 251 ബുക്കിംഗ് നിര്‍ത്തിവച്ചു. ബുക്കിംഗ് തങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറം കടന്ന സാഹചര്യത്തിലാണ് ക്ലോസ് ചെയ്യുന്നതെന്ന് ഫോണ്‍ നിര്‍മാതാക്കളായ റിംഗിംഗ് ബെല്‍സ് അറിയിച്ചു. ബുക്കിംഗ് ആരംഭിച്ച് ഇതുവരെ 25 ലക്ഷം പേരാണ് ഫോണ്‍ ബുക്ക് ചെയ്തതെന്ന് കമ്പനി ഉടമ മോഹിത് ഗോയല്‍ അവകാശപ്പെട്ടു. തന്റെ ബിസിനസ് പ്ലാന്‍ അടുത്ത രണ്ടു ദിവസങ്ങള്‍ക്കകം വ്യക്തമാക്കുമെന്ന് ഗോയെല്‍ വ്യക്തമാക്കി. ഏപ്രില്‍ അവസാനം മുതല്‍ ഫോണുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല.

ഇക്കഴിഞ്ഞ 17നാണ് വിലകുറഞ്ഞ സ്മാര്‍ട്‌ഫോണെന്ന ഖ്യാതിയുമായി ഫ്രീഡം 251 പുറത്തിറക്കിയത്. ഫെബ്രുവരി 18 മുതല്‍ 22 വരെയാണ് ബുക്കിംഗ് പറഞ്ഞിരുന്നത്. ഓണ്‍ലൈനായി മാത്രമേ ഫോണ്‍ വാങ്ങാനാകൂ എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആദ്യദിവസം തന്നെ ആളുകളുടെ തള്ളിക്കയറ്റം കാരണം സൈറ്റ് പൂട്ടിക്കെട്ടി. സെക്കന്‍ഡില്‍ 6 ലക്ഷം പേരാണ് ബുക്കിംഗിനായി സൈറ്റില്‍ കയറിയത്. ഇതോടെ സൈറ്റ് തകരുകയായിരുന്നു.

അതേസമയം, ഫ്രീഡം 251 ചൈനീസ് ഫോണ്‍ കമ്പനിയായ അഡ്‌കോം ഐകണ്‍ 4 എന്ന സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്‍ഡ് ആണെന്നു പറയപ്പെടുന്നുണ്ട്. ഫോണിനെ പറ്റിയുള്ള സംശയം ഇപ്പോഴും മാറിയിട്ടില്ല. എങ്ങനെ 251 രൂപയ്ക്ക് ഇത്രയും സ്‌പെസിഫിക്കേഷനോടു കൂടിയ ഫോണ്‍ നല്‍കാനാകും എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇത് തട്ടിപ്പാണെന്നടക്കം പറയപ്പെടുന്നുണ്ട്. ഒരിക്കലും ഇത്തരം ഫോണ്‍ 2,300 രൂപയില്‍ താഴെ ചെലവില്‍ നിര്‍മിക്കാനാകില്ലെന്ന് സാങ്കേതിക രംഗത്തെ വിദഗ്ധര്‍ ഉറച്ചു വിശ്വസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here