അവന്‍ എല്ലാത്തിലും വിശ്വസിക്കുന്നു

‘ജനത്തിനു ചിട്ടപ്പടി കാര്യങ്ങള്‍ മടുത്തിരിക്കുന്നു.
അവര്‍ വെല്ലുവിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.’

ഉംബെര്‍ത്തോ എക്കോയുടെ നിര്യാണത്തോടെ ലോകത്തിന് നഷ്ടമാവുന്നത് സാഹിത്യത്തിലും സാംസ്‌കാരിക പഠനത്തിലും തത്വചിന്തയിലും ഒരുപോലെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭയെയാണ്. 48-ാം വയസ്സില്‍ ദ നെയിം ഓഫ് ദ റോസിന്റെ (1980) പ്രസാധനത്തോടെ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയര്‍ന്ന എക്കോയുടെ സംഭാവനകള്‍ നോവലുകളിലൊതുങ്ങി നില്‍ക്കുന്നവയല്ല.

1932-ല്‍ ഇറ്റലിയിലെ അലെസാന്‍ഡ്രിയയില്‍ ജനിച്ച എക്കോ പിറന്നുവീണത് രണ്ടാം ലോകമഹായുദ്ധം ഉരുണ്ടുകൂടുന്ന കലുഷിതമായ സമൂഹത്തിലേക്കാണ്. പത്താംവയസ്സുവരെ മുസോളിനിയെ താരാരാധനയോടെ മാത്രം നോക്കിക്കാണാന്‍ പഠിപ്പിച്ച സമൂഹത്തില്‍ ജീവിച്ച എക്കോ, മുസോളിനിയുടെ പതനത്തിനു ശേഷമാണ് താന്‍ വൈവിധ്യവും ജനാധിപത്യവും സ്വാതന്ത്ര്യവും എന്താണെന്നു മനസിലാക്കിയതെന്നു സാക്ഷ്യപ്പെടുത്തുന്നു. ‘തങ്ങള്‍ എന്തില്‍നിന്നാണ് മോചിതരായ’തെന്ന തിരിച്ചറിവ് എന്ന് എക്കോ തന്നെ വിളിച്ച ഈ മാറ്റത്തിനൊപ്പമാണ് ഉംബെര്‍ത്തോ എക്കോ എന്ന വ്യക്തിയുടെ ജനനവും.


യൂണിവേഴ്‌സിറ്റി പഠനകാലത്ത് മധ്യകാല സംസ്‌കാരത്തില്‍ ആകൃഷ്ടനായ എക്കോ കാത്തലിക് മതവിശ്വാസം ഉപേക്ഷിക്കുകയുണ്ടായി. ‘ദൈവവിശ്വാസം വെടിയുന്ന മനുഷ്യന്‍ അവിശ്വാസിയാവുന്നില്ല, അവന്‍ എല്ലാത്തിലും വിശ്വസിക്കുന്നു എന്നെഴുതി എക്കോ. യൂറോപ്പ് സാംസ്‌കാരിക പഠിതാക്കളുടെയും ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരുടെയും സ്വാധീനത്തില്‍ സംസ്‌കാരമെന്ന വാക്കിനെ തിരുത്തിയെഴുതുന്ന 1950 കളിലാണ് പത്രപ്രവര്‍ത്തനത്തിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലുമായി എക്കോ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
സാംസ്‌കാരികചിന്തകരുടെ ആശയങ്ങളോടു പ്രതികരിച്ചുകൊണ്ട് അക്കാദമികലോകത്തേയ്ക്ക് പ്രവേശിച്ച എക്കോ 1956 മുതല്‍ വിവിധ ഇറ്റാലിയന്‍ സര്‍വകലാശാലകളില്‍ ദൃശ്യവിനിമയം, സെമിയോട്ടിക്‌സ്, ആര്‍ക്കിടെക്ചര്‍, എയ്‌സ്‌തെറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ അധ്യാപകനായി. 1962 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖന സമാഹാരങ്ങളിലൂടെയും കോളങ്ങളിലൂടെയും സംസ്‌കാരത്തെയും ആശയവിനിമയത്തെയും ചിഹ്നശാസ്ത്രത്തിലൂടെ വായിക്കാനും അതില്‍ വായനക്കാരന്റെ പങ്കിനു പ്രാധാന്യം നല്കുവാനും എക്കോ ശ്രമിച്ചു. ജനപ്രിയ സാഹിത്യ സാംസ്‌കാരിക രൂപങ്ങള്‍ ഉത്തമ സാഹിത്യത്തിനൊപ്പം സാംസ്‌കാരിക പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും എക്കോ വാദിച്ചു. എ തിയറി ഓഫ് സെമിയോട്ടിക്‌സ് (1976) ആണ് പ്രധാനസംഭാവന.
ഇതേ ആശയങ്ങളില്‍ നിന്നു രൂപപ്പെടുത്തിയതായിരുന്നു 1980 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകള്‍.

‘നാം ജീവിക്കുന്നതു തന്നെ പുസ്തകങ്ങള്‍ക്കു വേണ്ടിയാണ്, ക്രമരഹിതവും, ജീര്‍ണവുമായ ഈ ലോകത്തിലെ ഒരേയൊരു മനോഹര ദൗത്യം’ എക്കോ പറയുന്നു. ജനപ്രിയതയും മെറ്റാഫിസിക്‌സും ചിഹ്നശാസ്ത്രവും മധ്യകാലസംസ്‌കാരവും ത്രില്ലറിന്റെ ചലനാത്മകതയുമെല്ലാം ചേര്‍ത്തു മെനഞ്ഞ ‘ദ നെയിം ഓഫ് ദ റോസ്’ നിരൂപകരില്‍ നിന്നു പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങി. തുടര്‍ന്നുള്ള നോവലുകളായ ഫൂക്കോസ് പെന്‍ഡുലം, ദ ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍, ബൌദൊലീനോ എന്നിവ ഏതാണ്ട് ഇതേ രസക്കൂട്ടുകളാണ് പശ്ചാത്തലഭേദങ്ങളോടെ അവതരിപ്പിക്കുന്നത്. ജനപ്രിയതയുടെ പരിവേഷം പലപ്പോഴും നിരൂപകരാല്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും എക്കോയെ അന്താരാഷ്ട്ര പ്രസിദ്ധിയിലേക്ക് ഉയര്‍ത്താനും പോസ്റ്റ്‌മോഡേണിസത്തിന്റെ ആദ്യ പ്രയോക്താക്കളിലൊരാളായി അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കാനും ഈ നോവലുകള്‍ക്ക് കഴിഞ്ഞു.


‘അതിജീവിക്കാന്‍ കഥകള്‍ പറഞ്ഞേ മതിയാവൂ’ എന്ന് എക്കോ എഴുതുന്നു. ബാലസാഹിത്യവും അദ്ദേഹത്തിനു പ്രിയപ്പെട്ട മേഖലകളിലൊന്നായിരുന്നു.
ഇറ്റലിയുടെ സാംസ്‌കാരികപഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഡിസിപ്ലിന്‍സിന്റെ സ്ഥാപകനും 22 വര്‍ഷങ്ങളായി അവിടെ അധ്യാപകനുമായിരുന്നു എക്കോ. ഉംബെര്‍ത്തോ എക്കോ വിടവാങ്ങുമ്പോള്‍ അത് ഇറ്റാലിയന്‍ സാഹിത്യത്തിന്റെ മാത്രം നഷ്ടമല്ല, അക്കാദമികലോകത്തിന്റെ നഷ്ടം കൂടിയാണ്.

 

‘നമുക്ക് ഒരു പരിമിതിയുണ്ട്, വളരെ നിരാശപ്പെടുത്തുന്ന, അപമാനിക്കുന്ന, പരിമിതി: മരണം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here