പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

ദില്ലി: രാജ്യദ്രോഹ കുറ്റമാരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. തെറ്റായ കുറ്റങ്ങള്‍ ചുമത്തി തന്നെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് കനയ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടു വരെയാണ് കനയ്യയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി.

ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് എന്ന കാരണത്താല്‍ കനയ്യ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതിക്കും കനയ്യ കുമാറിന്റെ അഭിഭാഷകര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ജെഎന്‍യു ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ ദില്ലി പൊലീസ് 12ന് അറസ്റ്റ് ചെയ്തത്. കനയ്യ കുമാറിന് വിട്ടായ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാവുകയാണ്.

അതേസമയം, പട്യാല കോടതിയില്‍ അക്രമം നടത്തിയ മൂന്നു അഭിഭാഷകരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യുന്നതിനായി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജാറ്റിന്‍ നര്‍വാള്‍ അറിയിച്ചു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഓം ശര്‍മയ്ക്കു പുറമേ വിക്രം സിംഗ് ചൗഹാന്‍, യശ്പാല്‍ സിംഗ് എന്നിവരാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിങ്കളാഴ്ചയാണ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അഭിഭാഷകര്‍ കോടതിമുറിയില്‍ അക്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here