കുട്ടികളെ വഴിതെറ്റിക്കുമെന്ന് ‘കണ്ടെത്തല്‍’; ആഗ്രയില്‍ പെണ്‍കുട്ടികള്‍ മൊബൈലും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണും സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്. ആഗ്ര ജില്ലയിലെ ബസൗളി ഗ്രാമത്തിലാണ് മൊബൈല്‍ ഫോണിനും സോഷ്യല്‍മീഡിയയ്ക്കും വിലക്കേര്‍പ്പെടുത്തിയത്. മൊബൈല്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ തീരുമാനം.

ആരെങ്കിലും വിലക്ക് ലംഘിച്ചാല്‍ അവരുടെ കുടുംബം ഗ്രാമത്തിലെ റോഡുകള്‍ വൃത്തിയാക്കുകയും 1,000 രൂപ പിഴയടയ്ക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് അറിയിച്ചു. 18 വയസില്‍ താഴെയുള്ള വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകളോ നവമാധ്യമങ്ങളോ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി അടുപ്പത്തിലായി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഞ്ചായത്ത് പറയുന്നു. രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും യോഗം വിളിച്ചതിന് ശേഷമാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അലിഗഡ് എഡിഎം സഞ്ജയ് ചൗഹാന്‍ പറഞ്ഞു.

ഇതിനൊപ്പം പഞ്ചായത്തില്‍ മദ്യ വില്‍പനയും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഗ്രാമവാസികള്‍ ആരെങ്കിലും മദ്യപിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവര്‍ എട്ടു ദിവസത്തോളം റോഡ് വൃത്തിയാക്കേണ്ടിവരും.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂരജ് പഞ്ചായത്തിലും പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ വില്ലേജ് കൗണ്‍സില്‍, മുസാഫര്‍ നഗര്‍ പഞ്ചായത്ത് തുടങ്ങിയവ 2014ല്‍ മൊബൈല്‍ നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel