ലഹരി സംഘത്തിന്റെ പിടിയില്‍ നിന്ന് പതിനാറുകാരിയെ രക്ഷപ്പെടുത്തി; പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായെന്ന് പൊലീസ്; കൊച്ചി ഭായി നസീറിന്റെ സംഘത്തെ കുടുക്കിയത് ഇങ്ങനെ

കൊച്ചി: മയക്കുമരുന്നു സംഘത്തിന്റെ പിടിയില്‍പെട്ട് ലൈംഗികചൂഷണത്തിനിരയായ പതിനാറുവയസുകാരിയെ സ്‌പൈഡര്‍ പൊലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പെണ്‍കുട്ടിയുള്‍പ്പെട്ട സംഘം യാദൃശ്ചികമായാണ് സ്‌പൈഡര്‍ പൊലീസിന്റെ മുന്നില്‍പ്പെട്ടത്.
സംഘത്തെ കുടുക്കിയത് ഇങ്ങനെ: സ്‌പൈഡര്‍ പൊലീസിന്റെ രാത്രി പട്രോളിംഗിനിടെ ആലുവയില്‍ നിന്ന് ഒരു യുവാവിനെ പിടികൂടിയതോടെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുവാവ് മയക്കുമരുന്ന് ലഹരിയിലാണെന്ന് സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയും മറ്റു പ്രതികളും ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് അറിഞ്ഞത്. .

തുടര്‍ന്ന്, ഫെഡറല്‍ ബാങ്ക് ജംഗ്ഷന് സമീപത്തെ തട്ടുകടയിലെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം മൂന്നു യുവാക്കളെ കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കാമുകിയാണെന്നും തുടങ്ങിയ പരസ്പര വിരുദ്ധമായ മറുപടികള്‍ പൊലീസിന് ലഭിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് അറിഞ്ഞതോടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാക്കളെയും സ്‌പൈഡര്‍ പൊലീസ് ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ തങ്ങള്‍ കൊച്ചിയിലെ ഗുണ്ടാ നേതാവ് ഭായി നസീറിന്റെ സംഘാംഗങ്ങളാണെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ആലുവ വാഴക്കുളം സ്വദേശി നസിറുദ്ദീന്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here