വിമാനത്തിലെ പോലെ നിങ്ങളെ സ്വീകരിക്കാന്‍ സുന്ദരിമാര്‍ ഇനി ട്രെയിനിലും; എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിനിലേക്ക് കയറുമ്പോള്‍ ഒരു സുന്ദരി റോസാ പുഷ്പം നല്‍കി സ്വീകരിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. എയര്‍ ഹോസ്റ്റസ് പോലെ ട്രെയിനുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ തിരുമാനിച്ചു. ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് സര്‍വീസ് ആരംഭിക്കുന്ന ഗാട്ടിമാന്‍ എക്‌സ്പ്രസിലാണ് ട്രെയിന്‍ ഹോസ്റ്റസുമാരെ നിയോഗിക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനാണ് ഗാട്ടിമാന്‍ എക്‌സ്പ്രസ്.

ഗാട്ടിമാന്‍ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത് അടുത്ത മാസമാണ്. അടുത്തയാഴ്ച അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനിന്റെ പ്രത്യേകതകള്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിക്കും. ഒരു ഹൈപവര്‍ എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റവും ട്രെയിനിനുണ്ടാകും. ഓട്ടോമാറ്റിക് ഫയര്‍ അലാം, യാത്രക്കാര്‍ക്ക് ജിപിഎസ് വഴി വിവരം ലഭിക്കുന്ന സംവിധാനം, കോച്ചുകള്‍ക്ക് സ്ലൈഡിംഗ് ഡോറുകള്‍ എന്നിവയും വിനോദത്തിനായി ലൈവ് ടിവിയും ഉണ്ടായിരിക്കും.

വിമാനങ്ങളിലെ സര്‍വീസിന് തുല്യമായ സേവനങ്ങള്‍ ഗാട്ടിമാന്‍ എക്‌സ്പ്രസിലും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ഹോസ്റ്റസുമാര്‍ക്കു പുറമേ വിമാനങ്ങളിലെ പോലെ തന്നെയായിരിക്കും കാറ്ററിംഗ് സര്‍വീസും. ഇന്ത്യന്‍-കോണ്ടിനെന്റല്‍ ഭക്ഷണങ്ങള്‍ ലഭിക്കും. ഗോതമ്പ് ഉപ്പുമാവ്, മിനി ദോശ, കാഞ്ചീവരം ഇഡ്‌ലി, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ് തുടങ്ങിയവയെല്ലാം ട്രെയിനില്‍ ലഭിക്കും. ചിക്കന്‍ റോള്‍, ചിക്കന്‍ സോസേജ്, സ്പാനിഷ് മുട്ട ഉപയോഗിച്ചുള്ള വൈറ്റ് ഓംലെറ്റ്, ഈത്തപ്പഴം എന്നിവയെല്ലാം സുലഭം.

ട്രെയിന്‍ യാത്രാനിരക്ക് ഗാട്ടിമാനില്‍ ശതാബ്ദിയേക്കാള്‍ 25 ശതമാനം കൂടുതലായിരിക്കും. ഫുള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിനാണ് ഗാട്ടിമാന്‍. ചെയര്‍കാറിന് ടിക്കറ്റ് നിരക്ക് 690 രൂപയാണ്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് 1,365 രൂപ ചെലവാക്കേണ്ടി വരും. ദില്ലി-ആഗ്ര ശദാബ്ദി ട്രെയിനില്‍ ചെയര്‍കാറിന് 540 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1,040 രൂപയുമാണ് നിരക്ക്. 12 കോച്ചുകളാണ് ട്രെയിനിലുള്ളത്. ദില്ലിയില്‍ നിന്ന് ആഗ്രയിലേക്കുള്ള 200 കിലോമീറ്റര്‍ ദൂരം ശതാബ്ദി 2 മണിക്കൂര്‍ കൊണ്ടു പിന്നിടുമ്പോള്‍ ഗാട്ടിമാന്‍ 1 മണിക്കൂര്‍ 45 മിനുട്ട് കൊണ്ട് എത്തും. കാണ്‍പൂര്‍-ദില്ലി, ചണ്ഡീഗഢ്-ദില്ലി, ഹൈദരാബാദ്-ചെന്നൈ, നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, നാഗ്പൂര്‍-സെക്കന്തരാബാദ് തുടങ്ങി 9 റൂട്ടുകളില്‍ കൂടി ഇത്തരം ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേക്ക് പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News