ഈവര്‍ഷം മലയാളം കാത്തിരിക്കുന്ന 10 സിനിമകള്‍

2016 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമായിരുന്നു എന്നു പറയാം. ചാര്‍ലി, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇതിനകം വമ്പന്‍ ഹിറ്റായി. ഇനിയും നിരവധി ചിത്രങ്ങള്‍ വരാനിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ തരംഗമാകും എന്നു വിശ്വസിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മോഹന്‍ലാലിന്റെയും ജയറാമിന്റെയും പ്രിഥ്വിരാജിന്റെയും ഒക്കെ ചിത്രങ്ങള്‍ മലയാളം ബിഗ് സ്‌ക്രീന്‍ കാത്തിരിക്കുന്നു. ഈവര്‍ഷം മലയാളത്തില്‍ റിലീസ് ആകാന്‍ കാത്തിരിക്കുന്ന 10 ചിത്രങ്ങളെ പരിചയപ്പെടാം.

1. പുലിമുരുകന്‍


മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആണ് കാത്തിരിക്കുന്നവയില്‍ ഒരു വന്‍ പ്രോജക്ട്. ചിത്രത്തിലെ താരവിന്യാസം തന്നെയാണ് ഒരു പ്രധാന ആകര്‍ഷണം. തമിഴ് സൂപ്പര്‍താരം പ്രഭു അടക്കം ഇന്ത്യയില്‍ നിന്ന് അങ്ങോളം ഇങ്ങോളമുള്ള 60 ഓളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മോഹന്‍ലാല്‍ ഒരു പുതിയ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്. 30 കോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്നു. മലയാളത്തിനു പുറമേ തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

3000 തിയറ്ററുകളില്‍ പുലിമുരുകന്‍ റിലീസ് ചെയ്യാനാണ് ശ്രമം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഇക്കാര്യം അറിയിച്ചത്.
മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന്‍ പറയുന്നത്. പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഉഗ്രന്‍ സംഘട്ടന രംഗങ്ങളും ഉണ്ടെന്നാണ് വിവരങ്ങള്‍.

2. മെഗാസ്റ്റാര്‍ 393


മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ആക്ഷന്‍ ത്രില്ലറാണ് മെഗാസ്റ്റാര്‍ 393. പുതുമുഖമായ അഖില്‍ പോള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കുറ്റാന്വേഷകന്റെ വേഷമാണ് മമ്മൂട്ടിക്ക്. സൂപ്പര്‍താരം ഇതുവരെ ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കുറ്റാന്വേഷക വേഷമാണ് ചിത്രത്തിലേത്. സിന്‍സില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

മമ്മൂട്ടിയുടെ 393-ാമത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് മെഗാസ്റ്റാര്‍ 393 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി എന്ന നടനെയും ,മമ്മൂട്ടി എന്ന താരത്തെയും പൂര്‍ണമായി ഉപയോഗിക്കുന്ന ഒരു ചിത്രമാകും മെഗാസ്റ്റാര്‍ 393.

3. സ്യമന്തകം


ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമാണ് സ്യമന്തകം. പുരാണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ബിഗ്ബജറ്റ് ചിത്രമാണിത്. പൃഥ്വിരാജ് കൃഷ്ണനായി അവതരിക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

മഹാഭാരത്തിലെ ഒരു ഉപകഥയാണ് സ്യമന്തകം. തന്റെ ആത്മമിത്രമായ സത്രാജിത്തിന് സൂര്യന്‍ നല്‍കുന്ന ഉപഹാരമാണ് അമൂല്യമായ സ്യമന്തകമെന്ന മണി. എന്നാല്‍ പിന്നീട് ഈ സ്യമന്തകം മോഷണം പോകുകയും ഭഗവാന്‍ കൃഷ്ണനാണ് ഇതിന് പിന്നിലെന്ന് കിംവദന്തി പരക്കുന്നതുമാണ് കഥ. രുഗ്മിണി, സത്യഭാമ, ജാംബവാന്‍, ബലരാമ എന്നിവരെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാകും.

പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ സിനിമയില്‍ അണിനിരക്കും. റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണം നടത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.

4. കുമാര സംഭവം


മലയാളത്തിന്റെ ജനപ്രിയതാരം ദിലീപും ദക്ഷിണേന്ത്യയിലെ പുതിയ താരോദയമായ സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുമാരസംഭവം. മുരളി ഗോപി കഥയും തിരക്കഥയും എഴുതി രതീഷ് അംബാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു 94 കാരനായടക്കം ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിനോദത്തിനും ചിരിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഇറക്കുന്നത്.

സ്വന്തം പ്രൊഡക്ഷന്‍ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ സിദ്ധാര്‍ത്ഥിന്റെ ആദ്യ ചിത്രമാണ് കുമാരസംഭവം.

5. കിംഗ് ലയര്‍

‘നുണകളുടെ രാജാവ്’ എന്നാണ് കിംഗ് ലയര്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. നുണകള്‍ പറഞ്ഞ് ജീവിക്കുകയും ജീവിതം തന്നെ വലിയ നുണയായി മാറുകയും ചെയ്യുന്ന ചെറുപ്പക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ വേഷമിടുന്നത്. ക്രിസ്മസ് റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളില്‍ എത്തുക. പ്രേമം ഫെയിം മഡോണ സെബാസ്റ്റിയന്‍ ആണ് ചിത്രത്തിലെ നായിക. മഡോണ നായികയാകുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്.

പൂര്‍ണമായും ഐഫോണിലാണ് കിംഗ് ലയറിന്റെ ചിത്രീകരണം. ഐഫോണില്‍ ചിത്രീകരിക്കുന്ന ആദ്യ മെയിന്‍സ്ട്രീം സിനിമയെന്ന ഖ്യാതി കിംഗ് ലയര്‍ എന്ന ചിത്രത്തിന് ലഭിക്കും.
അഞ്ജലി എന്നാണ് മഡോണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

6. ജേക്കബിന്റെ സ്വര്‍ഗരാജ്യം

തട്ടത്തിന്‍ മറയത്തിനു ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. ചിത്രം ഇപ്പോള്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. വിനീത് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. ദുബായിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്.

നിവിന്‍ പോളി, രണ്‍ജി പണിക്കര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ വിനീതിന് അടുത്ത് അറിയാവുന്ന ആളുകളുടെ കഥയാണ് സിനിമയില്‍ പ്രമേയമാകുന്നത്.

7. വൈറ്റ്

മമ്മൂട്ടി നായകനായി പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് വൈറ്റ്. ഉദയ് അനന്തനാണ് സംവിധാനം. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. മീര നന്ദന്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രകാശ് റോയ് എന്ന ബാങ്കറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഭാര്യയുടെ മരണത്തോടെ ഒറ്റപ്പെട്ടു ജീവിക്കുന്ന പ്രകാശ് റോയിയുടെ ജീവിതത്തിലേക്ക് ഒരു യുവതി കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ഉദയ് അനന്തന്‍ വൈറ്റിലൂടെ പറയുന്നത്.

8. ഒപ്പം

മലയാളത്തിന്റെ എക്കാലത്തെയും ബംപര്‍ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. മോഹന്‍ലാല്‍ ഒരു അന്ധനായി അഭിനയിക്കുന്ന ചിത്രമാണ് ഒപ്പം. ചിത്രത്തില്‍ തമിഴ് താരം സമുദ്രക്കനി വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. കൊച്ചിയിലും ഊട്ടിയിലുമായിട്ടായിരിക്കും ചിത്രീകരണം. പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും.

9. കലി


ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രമാണ് കലി. സമീര്‍ താഹിര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷനും പ്രണയത്തിനും തുല്യപ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ഖറും സായിയും എത്തുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രത്തിന് ശേഷം സമീറും ദുല്‍ഖറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കലി. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായ സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രാജേഷ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

10. ജെയിംസ് ആന്‍ഡ് ആലീസ്


ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനിലേക്കുള്ള സുജിത് വാസുദേവിന്റെ കൂടുമാറ്റമാണ് ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രം. പ്രിഥ്വിരാജിനെ നായകനാക്കി സുജിത് സംവിധാനം ചെയ്യുന്നു. ജെയിംസ് എന്നാണ് പ്രിഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. വേദികയാണ് ചിത്രത്തില്‍ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News